Image

`സ്വപ്‌ന സാഫല്യം' പദ്ധതിയിലെ നൂറാമത്തെ ടിക്കറ്റ്‌ മന്ത്രി ആര്യാടന്‍ കൈമാറി

ഷക്കീബ്‌ കൊളക്കാടന്‍ Published on 30 October, 2012
`സ്വപ്‌ന സാഫല്യം' പദ്ധതിയിലെ നൂറാമത്തെ ടിക്കറ്റ്‌ മന്ത്രി ആര്യാടന്‍ കൈമാറി
റിയാദ്‌: കേരള സര്‍ക്കാര്‍, നോര്‍ക്കയുടെ നേതൃത്വത്തില്‍ ഐടിഎല്‍ വേള്‍ഡ്‌ ട്രാവല്‍ കമ്പനിയുടെ സഹകരണത്തോടെ സൗദി അറേബ്യയില്‍ നടപ്പാക്കുന്ന സ്വപ്‌ന സാഫല്യം പദ്ധതിയുടെ നൂറാമത്‌ എയര്‍ ടിക്കറ്റ്‌ റിയാദില്‍ നടന്ന ചടങ്ങില്‍ കേരള ഊര്‍ജ, ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ നോര്‍ക്ക കണ്‍സള്‍ട്ടന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷിഹാബ്‌ കൊട്ടുകാടിന്‌ കൈമാറി.

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക്‌ പോകാന്‍ വിമാന ടിക്കറ്റില്ലാത്തതിനാല്‍ മോചനം സാധ്യമല്ലാതെ കഴിയുന്ന മലയാളികള്‍ക്ക്‌ വേണ്‌ടിയാണ്‌ കേരള സര്‍ക്കാര്‍ സ്വപ്‌ന സാഫല്യം പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കിയത്‌. മുഴുവന്‍ ഗള്‍ഫ്‌ നാടുകളിലും വരു വര്‍ഷങ്ങളില്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതി സൗദി അറേബ്യയില്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ പ്രമുഖ ട്രാവല്‍ കമ്പനിയായ ഐടിഎല്‍ വേള്‍ഡ്‌ ആണ്‌. ഇതിനകം 96 ടിക്കറ്റുകളില്‍ ആളുകളില്‍ ഈ പദ്ധതി പ്രകാരം കയറ്റി അയച്ചിട്ടുണ്‌ട്‌.

നൂറാമത്‌ വിമാന ടിക്കറ്റ്‌ ലഭിച്ച മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ആയപ്പള്ളി മുഹമ്മദലി ഉള്‍പ്പെടെ എട്ട്‌ പേര്‍ക്കുള്ള വിമാന ടിക്കറ്റുകളാണ്‌ റിയാദിലെ ഐടിഎല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ കൈമാറിയത്‌. ജയിലുകളിലെ രേഖകളും ഇന്ത്യന്‍ എംബസിയില്‍ നിന്നു ലഭിച്ച നിര്‍ദ്ദേശങ്ങളുമനുസരിച്ച്‌ നോര്‍ക്ക കണ്‍സള്‍ട്ടന്റ്‌ ഷിഹാബ്‌ കൊട്ടുകാട്‌ നേരിട്ടു ശിപാര്‍ശ ചെയ്‌ത പ്രകാരമാണ്‌ നോര്‍ക്ക ഇവര്‍ക്കുള്ള ടിക്കററുകള്‍ അനുവദിക്കാന്‍ ഐ.ടി.എല്ലിനോട്‌ ആവശ്യപ്പെട്ടത്‌.

കഴിഞ്ഞ ഫെബ്രവരിയിലാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടിയുടെ പ്രത്യേക താത്‌പര്യ പ്രകാരം പ്രവാസി മലയാളികളുടെ കഷ്‌ടതകള്‍ പരിഹരിക്കുന്നതിനായി നോര്‍ക്ക സ്വപ്‌ന സാഫല്യം പദ്ധതി പ്രഖ്യാപിച്ചത്‌. ഗള്‍ഫ്‌ നാടുകളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നേരിട്ട്‌ ഏറ്റെടുത്ത്‌ നടത്തിയിട്ടുള്ള ഐടിഎല്‍, ഇറാം ഗ്രൂപ്പുകളുടെ സിഎംഡി യും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ. സിദ്ദീഖ്‌ അഹമ്മദ്‌ മുഖ്യമന്ത്രിയുമായി ബന്‌ധപ്പെട്ട്‌ സൗദി അറേബ്യയില്‍ ഒരു വര്‍ഷത്തേക്ക്‌ ഈ പദ്ധതി ഏറ്റെടുക്കുന്നതായി അറിയിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ കോമല്ലൂര്‍, ചാരുവിള സ്വദേശി കിണറുവിള സുലൈമാന്‍ സജീവ്‌, തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ സ്വദേശി ഫ്രിജില്‍ അലിയാരു കുഞ്ഞ്‌, കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശികളായ ശ്രീകുമാര്‍ ശ്രീധരന്‍ പിള്ള, പരമേശ്വരന്‍ പിള്ള എന്നിവര്‍ക്ക്‌ തിരുവനന്തപുരം വിമാനത്താവളത്തിലേക്കും പെരിന്തല്‍മണ്ണ സ്വദേശി ആയപ്പള്ളി മുഹമ്മദലി, കോഴിക്കോട്‌ സ്വദേശി അസ്‌കര്‍, കോഴിക്കോട്‌ ജില്ലയിലെ അത്തോളി സ്വദേശി കിഴപ്പാന്‍തൊടി രാജന്‍, പാലക്കാട്‌ ജില്ലയിലെ ചെള്ളിയില്‍ അബ്‌ദുള്‍ നാസര്‍ എന്നിവര്‍ക്ക്‌ കോഴിക്കോട്‌ വിമാനത്താവളത്തിലേക്കുമുള്ള ടിക്കററുകളാണ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ കൈമാറിയത്‌.

ഏതൊരു നല്ല പദ്ധതിക്കും വിമര്‍ശനങ്ങള്‍ സാധാരണയാണെന്നും സ്വാഭാവികമായും സ്വപ്‌ന സാഫല്യം പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ക്കും സ്വാര്‍ഥ താത്‌പര്യങ്ങള്‍ ഉണ്‌ടാകുമെന്നും സ്വപ്‌ന സാഫല്യം പദ്ധതിക്കെതിരെ ചില കോണുകളില്‍ നിന്നുയര്‍ന്ന അപസ്വരങ്ങളെ സൂചിപ്പിച്ച്‌ ചടങ്ങില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു. പ്രവാസി ക്ഷേമം മാത്രമാണ്‌ ഇത്തരം പദ്ധതികളിലൂടെ കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിന്‌ പ്രവാസികളുടെ അകമഴിഞ്ഞ സഹകരണമുണ്‌ടാകണമെന്നും ആര്യാടന്‍ അഭ്യര്‍ഥിച്ചു.

ഐടിഎല്‍ വേള്‍ഡ്‌ പ്രതിനിധികളായ ഷക്കീബ്‌ കൊളക്കാടന്‍, അരുണ്‍ കുമാര്‍, വിജേഷ്‌ ഒതയോത്ത്‌, സാഹിര്‍, മുഹമ്മദ്‌ അജിത്‌, മുഹമ്മദ്‌ മാഹിര്‍, ജാഫര്‍, ശരീഫ്‌ ഒ.ഐ.സി.സി നേതാക്കളായ സിദ്ദീഖ്‌ കല്ലൂപറമ്പന്‍, റസാഖ്‌ പൂക്കോട്ടുംപാടം, ഉമ്മര്‍, അബ്‌ദുള്ള വല്ലാഞ്ചിറ, ഷാനവാസ്‌ വാഴക്കാട്‌, ഇഖ്‌ബാല്‍ കൊടിയത്തൂര്‍, ജയ്‌ഹിന്ദ്‌ ടി.വി യുടെ ഉബൈദ്‌ എടവണ്ണ, കോണ്‍ഗ്രസ്‌ നേതാവ്‌ അഹമ്മദ്‌ കബീര്‍ എന്നിവരും ചടങ്ങില്‍ സംബന്‌ധിച്ചു. റോയ്‌ മാത്യു മന്ത്രിക്ക്‌ ബൊക്കെ നല്‍കി സ്വീകരിച്ചു.
`സ്വപ്‌ന സാഫല്യം' പദ്ധതിയിലെ നൂറാമത്തെ ടിക്കറ്റ്‌ മന്ത്രി ആര്യാടന്‍ കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക