Image

എയര്‍ ഇന്ത്യയുടെ പീഡനത്തിനെതിരേ പ്രവാസി ലീഗല്‍ സെല്‍

Published on 27 October, 2012
എയര്‍ ഇന്ത്യയുടെ പീഡനത്തിനെതിരേ പ്രവാസി ലീഗല്‍ സെല്‍
ദുബായ്‌: എയര്‍ ഇന്ത്യ അധികൃതര്‍ നിരന്തരം പ്രവാസി മലയാളികളെ പീഡിപ്പിക്കുന്നതിനെതിരെ ദുബായ്‌ കേന്ദ്രീകരിച്ചു പ്രവാസി കൂട്ടായ്‌മ ശക്‌തമാകുന്നു. എയര്‍ ഇന്ത്യയെ നിലനിര്‍ത്തിക്കൊണ്ടു തന്നെ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാനും ലീഗല്‍ സെല്‍ രൂപീകരിച്ചു നിയമ നടപടികളടക്കം എടുക്കാനും ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങാനാണു വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്‌മ രൂപവല്‍ക്കരിച്ച പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. യാത്രക്കാരോടു പ്രതിബദ്ധത കാണിക്കാതെ പ്രവാസികളെ അപമാനിച്ച കേന്ദ്ര വ്യോമയാന മന്ത്രി അജിത്‌ സിങ്ങിനെ വകുപ്പില്‍ നിന്നു മാറ്റണമെന്നു കൗണ്‍സില്‍ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടു.

വിവിധ രാഷ്‌ട്രീയ കക്ഷികളുടെ അനുഭാവ സംഘടനകളും പ്രവാസി സംഘടനകളുമെല്ലാം ചേര്‍ന്നു രൂപീകരിച്ച കൗണ്‍സില്‍ കഴിഞ്ഞയാഴ്‌ച തിരുവനന്തപുരത്ത്‌ എയര്‍ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം റദ്ദാക്കിയതുമായി ഉണ്ടായ പ്രശ്‌നങ്ങളില്‍പ്പെട്ട ആറു യാത്രികരുടെ നിയമ സഹായം ഏറ്റെടുക്കുമെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. പുത്തൂര്‍ റഹ്‌മാനും ആക്‌ടിങ്‌ ജനറല്‍ കണ്‍വീനര്‍ പുന്നക്കന്‍ മുഹമ്മദലിയും അറിയിച്ചു. എയര്‍ഇന്ത്യയ്‌ക്കെതിരെ ക്രിമിനല്‍കേസ്‌ നല്‍കുന്നതടക്കമുള്ള നടപടികള്‍ ആലോചിക്കും. പ്രവാസികളുടേതടക്കമുള്ള നികുതിപ്പണമുപയോഗിച്ചു തീറ്റിപ്പോറ്റുന്ന വെള്ളാനയാണ്‌ എയര്‍ഇന്ത്യയെന്ന്‌ ആക്‌ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ദുരിതം അനുഭവിക്കേണ്ടി വന്ന പ്രവാസികള്‍ക്കു നഷ്‌ടപരിഹാരം നല്‍കുക, യാത്രക്കാരെ വിമാന റാഞ്ചികളായി ചിത്രീകരിച്ച പൈലറ്റിനെതിരെ നടപടി സ്വീകരിക്കുക, യാത്രക്കാര്‍ക്കെതിരെയെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

യാത്രക്കാര്‍ക്കു നഷ്‌ട പരിഹാരം ലഭ്യമാക്കാന്‍ നാട്ടിലും ഇവിടെയും ലീഗല്‍ സെല്‍ രൂപീകരിക്കും. കെഎംസിസി, ഒഐസിസി, യൂത്ത്‌ ഇന്ത്യ, സുന്നി സെന്റര്‍, തനിമ, ചിരന്തന, പാനൂര്‍ എന്‍ആര്‍ഐ, സ്വരുമ, ദുബായ്‌ പ്രിയദര്‍ശിനി, രിസാല സ്‌റ്റഡി സര്‍ക്കിള്‍ ദുബായ്‌ പ്രവാസി പൈതൃകക്കൂട്ടം, വടകര എന്‍ആര്‍ഐ ദുബായ്‌, കോഴിക്കോട്‌ പ്രവാസി അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ ആലോചനാ യോഗത്തില്‍ സംബന്ധിച്ചു.
എയര്‍ ഇന്ത്യയുടെ പീഡനത്തിനെതിരേ പ്രവാസി ലീഗല്‍ സെല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക