Image

ദുബായില്‍ മലയാളി യുവതിയെ കത്തികാട്ടി ഭീഷണപ്പെടുത്തി കവര്‍ച്ച നടത്തി

Published on 20 October, 2012
ദുബായില്‍ മലയാളി യുവതിയെ കത്തികാട്ടി ഭീഷണപ്പെടുത്തി കവര്‍ച്ച നടത്തി
ദുബായ്‌: മലയാളി യുവതിയെയും കുട്ടികളെയും വീടിനകത്തുകയറി കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി ആഭരണങ്ങളും പാസ്‌പോര്‍ട്ടും കവര്‍ന്ന രണ്ടുപേരെ പൊലീസ്‌ പിടികൂടി. പാസ്‌പോര്‍ട്ട്‌ തിരിച്ചു നല്‍കാന്‍ പണം ആവശ്യപ്പെട്ട സംഘത്തെ ഭര്‍ത്താവിന്‍െറ സഹായത്തോടെ തന്ത്രപരമായാണ്‌ പൊലീസ്‌ വലയിലാക്കിയത്‌.

അല്‍ഖൂസില്‍ പെട്രോള്‍ സ്‌റ്റേഷനടുത്ത്‌ ഔാഫിന്‍െറ കെട്ടിടത്തില്‍ താമസിക്കുന്ന കണ്ണൂര്‍ ടൗണ്‍ ബൈത്തുല്‍ഖൈറില്‍ ശറഫുദ്ദീന്‍െറ വീട്ടിലാണ്‌ വ്യാഴാഴ്‌ച രാവിലെ 11 മണിയോടെ രണ്ടുപേര്‍ അതിക്രമിച്ചു കയറിയത്‌. ദുബൈ മറീനയില്‍ ജോലി ചെയ്യുന്ന ശറഫുദ്ദീന്‍ ഈ സമയത്ത്‌ ഓഫിസിലായിരുന്നു. വീട്ടിലെ എ.സി നന്നാക്കാന്‍ ആളെത്തുമെന്ന്‌ അറിയിച്ചിരുന്നതിനാല്‍ രണ്ടുപേര്‍ വന്ന്‌ വാതിലില്‍ മുട്ടിയപ്പോള്‍ ഷറഫുദ്ദീന്‍െറ ഭാര്യ റഹീന വാതില്‍ തുറന്നുകൊടുത്തു. ഒരുവയസ്സുള്ള മകന്‍ റഫാനും റഹീനയും മാത്രമാണ്‌ ഈ സമയം വീട്ടിലുണ്ടായിരുന്നത്‌. അകത്തുകടന്ന്‌ വാതിലടച്ച സംഘം പൊലീസാണെന്ന്‌ അവകാശപ്പെട്ട്‌ വീട്‌ പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടു. വീട്ടില്‍ അനധികൃത താമസക്കാരുണ്ടെന്നും പരിശോധിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. വീട്ടില്‍ മറ്റാരും താമസിക്കുന്നില്ലെന്ന്‌ യുവതി പറഞ്ഞെങ്കിലും സംഘം മുറികള്‍ മുഴുവന്‍ പരിശോധിച്ചു. യുവതിയുടെ മുഖത്തടിക്കുകയും മാല പൊട്ടിച്ചെടുക്കുകയും ചെയ്‌തു. കുഞ്ഞിന്‍െറ അരഞ്ഞാണവും അലമാരയില്‍ വെച്ചിരുന്ന ലോക്കറ്റും ഇവര്‍ കൈക്കലാക്കി. ഇതിനിടെ പാസ്‌പോര്‍ട്ടും ഐ.ഡി കാര്‍ഡും മൊബൈല്‍ ഫോണും ഭര്‍ത്താവിന്‍െറ ഫോണ്‍ നമ്പറും ആവശ്യപ്പെട്ടു. ഭയന്നുവിറച്ച യുവതി അവര്‍ ആവശ്യപ്പെട്ടതെല്ലാം കൈമാറി. തൊട്ടടുത്തുള്ള ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ അറിയാതെയും തെളിവൊന്നും അവശേഷിപ്പിക്കാതെയുമായിരുന്നു സംഘത്തിന്‍െറ നീക്കം. ഇതിനിടെ രണ്ടാംക്‌ളാസില്‍ പഠിക്കുന്ന മൂത്തകുട്ടി ഷെറിന്‍ സ്‌കൂളില്‍ നിന്നെത്തി. കുട്ടിയെ അകത്തുകടത്തി വാതിലടച്ച സംഘം ബഹളം വെക്കരുതെന്ന്‌ ഇവരോട്‌ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ യുവതിയില്‍ നിന്ന്‌ വീടിന്‍െറ താക്കോല്‍ വാങ്ങി പുറത്തുനിന്ന്‌ പൂട്ടിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

സംഘം രക്ഷപ്പെട്ടതിനുശേഷം ബാല്‍ക്കണിയുടെ ഭാഗത്തെത്തിയ യുവതി ബഹളം വെച്ച്‌ മറ്റു താമസക്കാരെ വിവരമറിയിച്ചു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ ഉടന്‍ ഓഫിസില്‍ നിന്ന്‌ വീട്ടിലെത്തിയ ശറഫുദ്ദീന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസും സി.ഐ.ഡിമാരും സംഭവസ്ഥലത്തെത്തി പരിശോധിക്കുകയും വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌തു. അക്രമി സംഘം കൊണ്ടുപോയ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക്‌ ശറഫുദ്ദീന്‍ നിരവധി തവണ വിളിച്ചെങ്കിലും സ്വിച്ച്‌ഓഫ്‌ ആയിരുന്നു.

ഇതിനിടെ വൈകുന്നേരമായപ്പോള്‍ ശറഫുദ്ദീന്‍െറ മൊബൈലിലേക്ക്‌ വിളി വന്നു. പാസ്‌പോര്‍ട്ടും മറ്റു രേഖകളും വേണമെങ്കില്‍ 15,000 ദിര്‍ഹവുമായി സത്വയിലെത്തണമെന്നായിരുന്നു മോഷ്ടാക്കളിലൊരാളുടെ നിര്‍ദേശം. ഇംഗ്‌ളീഷും ഹിന്ദിയും ഇടകലര്‍ത്തിയായിരുന്നു ഇവരുടെ സംസാരം. ശറഫുദ്ദീന്‍ വിവരം പൊലീസിനെ അറിയിച്ചു. മോഷ്ടാക്കളുടെ നിര്‍ദേശങ്ങളനുസരിക്കാന്‍ പൊലീസ്‌ ശറഫുദ്ദീനോട്‌ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും വിളിച്ച മോഷ്ടാവ്‌ തുക 20,000 ദിര്‍ഹമാക്കി. പൊലീസ്‌ നിര്‍ദേശമനുസരിച്ച്‌ പണമെന്ന വ്യാജേന കവറുമായി സത്വയിലേക്ക്‌ കാറില്‍ പുറപ്പെട്ട ശറഫുദ്ദീനോട്‌ പല തവണ എത്തേണ്ട സ്ഥലം മോഷ്ടാവ്‌ മാറ്റിപ്പറഞ്ഞു. ഈ സമയം മറ്റു വാഹനങ്ങളില്‍ പൊലീസ്‌ ശറഫുദ്ദീനെ പിന്തുടരുന്നുണ്ടായിരുന്നു. സത്വയിലെ ഒരു ഹോട്ടലിനടുത്ത ഒഴിഞ്ഞ സ്ഥലത്ത്‌ കാര്‍ നിര്‍ത്തി പുറത്തിയ ശറഫുദ്ദീനോട്‌ പണം കൈമാറാന്‍ മോഷ്ടാവ്‌ ആവശ്യപ്പെട്ടു. പൊലീസ്‌ സ്ഥലത്തുണ്ടെന്ന്‌ സംശയം തോന്നി ഇയാള്‍ മറ്റൊരിടത്തേക്ക്‌ നടന്നു. ഇതിനിടെ മറഞ്ഞുനിന്ന പൊലീസുകാര്‍ക്ക്‌ ശറഫുദ്ദീന്‍ സിഗ്‌നല്‍ നല്‍കി. ഉടന്‍ ചാടി വീണ പൊലീസ്‌ സംഘം പ്രതിയെ പിടികൂടി. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ സംഘത്തിലെ രണ്ടാമനെയും പിടികൂടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക