Image

റൗദത്തൈന്‍ എണ്ണപ്പാടത്തിലെ വാതകച്ചോര്‍ച്ച നിയന്ത്രണ വിധേയം

Published on 19 October, 2012
റൗദത്തൈന്‍ എണ്ണപ്പാടത്തിലെ വാതകച്ചോര്‍ച്ച നിയന്ത്രണ വിധേയം
കുവൈത്ത്‌ സിറ്റി: ജഹ്‌റക്കടുത്ത റൗദത്തൈനിയിലെ കുവൈത്ത്‌ ഓയില്‍ കമ്പനി (കെ.ഒ.സി) എണ്ണപ്പാടത്തിലുണ്ടായ വിഷ വാതകച്ചോര്‍ച്ച നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്‌ച ഉച്ചയോടെയുണ്ടായ വാതകച്ചോര്‍ച്ചയിലൂടെ അന്തരീക്ഷത്തില്‍ കലര്‍ന്ന ഹൈഡ്രജന്‍ സള്‍ഫൈഡിന്‍െറ അളവ്‌ പൂജ്യത്തിലെത്തിയതായി അറിയിച്ച കെ.ഒ.സി മാനേജിങ്‌ ഡയറക്ടര്‍ സാമി അല്‍ റുശൈദ്‌ എണ്ണപാടത്തില്‍ ഡ്രില്ലിങ്‌ പുനരാരംഭിച്ചതായും പ്രവര്‍ത്തനങ്ങള്‍ പതിവുപോലെ നടക്കുന്നതായും വ്യക്തമാക്കി.

റൗദത്തൈനിയിലെ കെ.ഒ.സിയുടെ 136ാം നമ്പര്‍ എണ്ണപ്പാടത്തില്‍ ബുധനാഴ്‌ച ഉച്ചയോടെയുണ്ടായ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന്‌ അധികൃതര്‍ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു. എണ്ണപ്പാടത്തിന്‍െറ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവെക്കുകയും ജോലിക്കാരെ മുഴുവന്‍ ഒഴിപ്പിക്കുകയും ചെയ്‌തു. അബ്ദലിയില്‍നിന്നുള്ള അഗ്‌നിശമനസേനാ വിഭാഗങ്ങളും കെ.ഒ.സി സുരക്ഷാ വിഭാഗവും ചേര്‍ന്ന്‌ ഉടന്‍ തുടങ്ങിയ അടിയന്തര നടപടികളിലുടെയാണ്‌ ചോര്‍ച്ച നിയന്ത്രിച്ചത്‌.

അതിനിടെ, ചോര്‍ന്ന ഹൈഡ്രജന്‍ സള്‍ഫൈഡിന്‍െറ ഗന്ധം അന്തരീക്ഷത്തിലുടെ ദൂരദിക്കുകളില്‍ വരെയെത്തിയതോടെ രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ജനം പരിഭ്രാന്തരായി. വൈകീട്ടോടെ ഹൈഡ്രജന്‍ സള്‍ഫൈഡിന്‍െറ ദുര്‍ഗന്ധം വ്യാപിച്ചതോടെ പല രീതിയിലുള്ള കിംവദന്തികള്‍ പരക്കുകയും ചെയ്‌തു. വിഷവാതകം ശ്വസിച്ച്‌ നൂറുകണക്കിന്‌ ആളുകള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന രീതിയില്‍ വാര്‍ത്ത പരന്നു. ജഹ്‌റ ആശുപത്രിയില്‍ 200ലധികം പേര്‍ ചികിത്സയിലാണെന്നും അവരില്‍ ചിലരുടെ അവസ്ഥ ഗുരുതരമാണെന്നും മലയാളികള്‍ അപകടത്തില്‍പെട്ടതായി സംശയിക്കുന്നുവെന്നുമുള്ള വാര്‍ത്ത മലയാളം ചാനല്‍ ഫ്‌ളാഷ്‌ ന്യൂസ്‌ ആയി കൊടുക്കുക കൂടി ചെയ്‌തതോടെ കുവൈത്തിലെ മലയാളി സമൂഹം ആശങ്കയിലായി. നാട്ടില്‍നിന്നും മറ്റു ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നുമൊക്കെ വാര്‍ത്ത കണ്ട പലരും പരിഭ്രാന്തരായി കുവൈത്തിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ ആശങ്ക പങ്കുവെച്ചു. എന്നാല്‍, നാലു പേര്‍ മാത്രമാണ്‌ ശ്വാസതടസ്സത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന്‌ ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ്‌ അല്‍ സഹ്ലാവി വ്യക്തമാക്കി.

അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലാത്ത രീതിയിലാണ്‌ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന തരത്തില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ്‌ ചോര്‍ന്നതെങ്കിലും അധികൃതര്‍ സ്വീകരിച്ച അടിയന്തര നടപടികള്‍ ദുരന്തമുണ്ടാവുന്നത്‌ തടയാന്‍ പര്യാപതമായിരുന്നു. ചീഞ്ഞ മുട്ടയുടെ ദുര്‍ഗന്ധമുള്ള ഹൈഡ്രജന്‍ സള്‍ഫൈഡ്‌ കൂടിയ അളവില്‍ ശ്വസിച്ചാല്‍ തല ചുറ്റലും ചര്‍ദ്ദിയും കടുത്ത ശ്വാസംമുട്ടലും അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാമെന്നതിനാല്‍ തന്നെ എണ്ണപ്പാടത്തിന്‌ നാലു കി.മീ ചുറ്റളവിലുള്ളവരെയെല്ലാം ഒഴിപ്പിക്കുകയും രാജ്യത്തെ എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക