Image

അമിതാബ് ബച്ചന്‍: അണയാത്ത ജ്വാലയ്ക്ക് എഴുപത് -

അനില്‍ പെണ്ണുക്കര Published on 12 October, 2012
അമിതാബ് ബച്ചന്‍: അണയാത്ത ജ്വാലയ്ക്ക് എഴുപത് -
അമിതാബ് ബച്ചന് എഴുപത് വയസ്. ഇന്ത്യന്‍ സിനിമാലോകം എന്നും, എക്കാലവും ആരാധനയോടെ കാണുന്ന സവിശേഷ വ്യക്തിത്വം. 1973 മുതല്‍ ഇന്നുവരെ അമിതാബ് ബച്ചനെന്ന പേര് മാറ്റി ഇന്ത്യന്‍ സിനിമാലോകം മുന്‍പോട്ട് പോയിട്ടില്ല. അദ്ദേഹം ജീവന്‍ കൊടുത്ത കഥാപാത്രങ്ങള്‍ എല്ലാം ഇന്ത്യന്‍ പ്രേക്ഷകന്റെ മുന്‍പില്‍ ഒരു സിനിമാ റീല്‍ പോലെ ഇപ്പോഴും മിന്നിമായുന്നുണ്ടാകാം.

1942 ഒക്‌ടോബര്‍ 11നാണ് അമിതാബ് ബച്ചന്‍ ജനിച്ചത്. ഡല്‍ഹിയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി കൊല്‍ക്കത്തയിലെ ഷിപ്പിംഗ് കമ്പനിയില്‍ ജോലി ലഭിച്ച അമിതാബിന്റെ മനസില്‍ അന്നുമുതലേ സിനിമയായിരുന്നു. 1969 ല്‍ ഗോവന്‍ സ്വാതന്ത്ര്യസമരത്തിന്റെ കഥ പറയുന്ന 'സാത് ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെ അദ്ദേഹം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. മലയാളത്തിന്റെ സ്വഭാവ നടന്‍ മധു ഈ ചിത്രത്തില്‍ അമിതാബിനോടൊപ്പം അഭിനയിച്ചിരുന്നു. ചിത്രം വിജയമായില്ലെങ്കിലും അമിതാബ് ശ്രദ്ധിക്കപ്പെട്ടു. ഒത്തപൊക്കവും ഘനഗാഭീര്യമുള്ള ശബ്ദവും ഓരോ ഇന്ത്യക്കാരനും ഇഷ്ടപ്പെടാന്‍ തുടങ്ങി. 1973 മുതല്‍ ബച്ചന്റെ ജൈത്രയാത്ര തുടങ്ങി. അദ്ദേഹം അവതരിപ്പിച്ച പോലീസ് വേഷങ്ങളിലൂടെ ബോളിവുഡിലെ ക്ഷോഭിക്കുന്ന യുവത്വം എന്ന പേര് അദ്ദേഹത്തിന് ലഭിച്ചു. കിഷോര്‍കുമാറിന്റെ ഗനങ്ങള്‍ അമിതാബിന്റെ ചുണ്ടിലൂടെ ലോകം ആരാധനയോടെ കേട്ടു. 1973 ല്‍ ജയഭാദുരിയെ വിവാഹം കഴിച്ചതും ജീവിതത്തിലെ സുവര്‍ണ്ണരേഖയായി. പിന്നീട് ഇന്നുവരെ ഉയര്‍ച്ചയുടെ നാളുകള്‍. ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്ന അസാമാന്യമായ മനക്കരുത്തും പ്രതിഭയും കൊണ്ട് അവയെല്ലാം അദ്ദേഹം അതിജീവിച്ചു. 1982 ല്‍ കൂലി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്ക് പരിക്ക് പറ്റി മരണത്തെ മുഖാമുഖം കണ്ട് ബച്ചന്‍ പിന്നീട് രാജീവ് ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം രാഷ്ട്രീയത്തിലിറങ്ങി. പക്ഷേ രാഷ്ട്രീയക്കാരനുവേണ്ട അടിസ്ഥാന യോഗ്യത തനിക്കില്ലന്ന് തിരിച്ചറിഞ്ഞ് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തി അവിടെയും ചില പരാജയങ്ങള്‍ ജീവിതം കൈവിട്ടുപോയ അവസരത്തില്‍ കോന്‍ബനേഗാ കോര്‍പതി എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകനായി തിരിച്ചെത്തിയ ബച്ചന്‍ തന്റെ സിംഹാസനം വീണ്ടും ഉറപ്പിച്ചു.

അമിതാബ് എന്ന വാക്കിന്റെ അര്‍ത്ഥം അണയാത്ത ജ്വാല എന്നാണ്. ഇന്ത്യയിലെ പ്രതിഭാധനനായ കവി ഹരിവംശറായ് ബച്ചന്റെ പുത്രന്‍ അമിതാബ് ഒരിക്കലും അണയാത്ത ജ്വാലയാണ്. അദ്ദേഹത്തിന് ഈ മലയാളിയുടെ എഴുപതാം പിറന്നാള്‍ ആശംസകള്‍
അമിതാബ് ബച്ചന്‍: അണയാത്ത ജ്വാലയ്ക്ക് എഴുപത് -
അമിതാബ് ബച്ചന്‍: അണയാത്ത ജ്വാലയ്ക്ക് എഴുപത് -
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക