Image

ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടവുനയം തിരുത്തണം: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 07 October, 2012
ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടവുനയം തിരുത്തണം: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍
കോട്ടയം: ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ഒരു സമുദായത്തിനു മാത്രമായി തീറെഴുതി കൊടുത്തിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സമീപനവും അടവുനയവും തിരുത്തണമെന്നും ക്രൈസ്തവരുള്‍പ്പെടെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തുല്യനീതി ലഭ്യമാക്കണമെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍.

ന്യൂനപക്ഷ ക്ഷേമം ആരുടെയും ഔദാര്യമല്ല. ഭരണഘടനയിലൂടെയുള്ള അവകാശമാണ്. ന്യൂനപക്ഷമെന്നാല്‍ മുസ്ലീം സമുദായം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുവാനും ക്ഷേമപദ്ധതികള്‍ അവര്‍ക്കായി മാത്രം രൂപീകരിച്ച് നടപ്പിലാക്കുവാനുമുള്ള ചില കേന്ദ്രങ്ങളുടെ ഗൂഢശ്രമങ്ങളും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൗനസമ്മതവും ക്രൈസ്തവരുള്‍പ്പെടെ ഇതര വിഭാഗങ്ങളെ അവഹേളിക്കുന്നതാണെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ ക്ഷേമ ബോധവല്‍ക്കരണ പദ്ധതികള്‍ മഹല്ല് ജുമാ അത്തുകള്‍ വഴി നടപ്പിലാക്കുവാന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) വകുപ്പ് 5001/2012 സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അല്മായ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭരണ തലത്തില്‍ നിരന്തരം സ്വാധീനം ചെലുത്തുന്ന ചില സമുദായ സംഘടനകളുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതല്ല ജനാധിപത്യ രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍. മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധര്‍, പാര്‍സി എന്നീ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യനീതി നടപ്പിലാക്കുവാന്‍ ഉത്തരവാദിത്വപ്പെട്ട ഭരണനേതൃത്വങ്ങളുടെ വോട്ടുബാങ്കുകള്‍ തേടിയുള്ള രാഷ്ട്രീയ അടവുനയം വിലപ്പോവില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴില്‍ മുസ്ലീം യുവാക്കള്‍ക്കു മാത്രമായി മത്സരപരീക്ഷകള്‍ക്കു സൗജന്യപരിശീലനം നല്‍കുന്ന പദ്ധതി ഇതര ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയും അവഗണനയുമാണെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.


ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക