Image

വിശദീകരണം നുണകളും അര്‍ധസത്യങ്ങളും നിറഞ്ഞതെന്ന് കെജ്‌രിവാള്‍

Published on 07 October, 2012
വിശദീകരണം നുണകളും അര്‍ധസത്യങ്ങളും നിറഞ്ഞതെന്ന് കെജ്‌രിവാള്‍

ന്യൂദല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുമായി നടത്തിയ വിവാദ ഇടപാടുകളെകുറിച്ച് റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫ് നല്‍കിയ വിശദീകരണത്തിനെതിരെ അരവിന്ദ് കെജ്‌രിവാള്‍. വധേരയുമായി നടത്തിയ ഇടപാടുകളെ കുറിച്ച് കമ്പനി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കമ്പനിയുടെ വിശദീകരണത്തില്‍ നിറയെ നുണകളും അര്‍ധസത്യങ്ങളുമാണുള്ളതെന്നും അദ്ദേഹം ട്വിറ്ററില്‍ ആരോപിച്ചു.

ഇത് വിശദമായ പ്രസ്താവനയല്ലെന്ന് പറഞ്ഞ കെജ് രിവാള്‍ കമ്പനിയുടെ വിശദകരണത്തെ കുറിച്ച് തിങ്കളാഴ്ച കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും പറഞ്ഞു. അതേസമയം കമ്പനി പറഞ്ഞ കാര്യങ്ങള്‍ തന്നെയാണോ വധേരക്കും പറയാനുള്ളതെന്നും കൂടുതലായി എന്തെങ്കിലും പറയാനുണ്ടോയെന്നും കെജ്‌രിവാള്‍ ട്വിറ്ററിലൂടെ ചോദിച്ചു.

വധേരയുമായുള്ള ഇടപാടുകള്‍ സുതാര്യമാണെന്നും ബിസിനസ്സുകാര്‍ തമ്മിലുള്ള സാധാരണ ഇടപാടുകള്‍മാത്രമേ നടന്നിട്ടുള്ളൂവെന്നുമായിരുന്നു ഡി.എല്‍.എഫിന്റെ വിശദീകരണം.

വധേര റിയല്‍ എസ്‌റ്റേറ്റില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിച്ചെന്നാണ് കെജ്‌രിവാള്‍ കഴിഞ്ഞദിവസം ആരോപിച്ചത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്റെ ആസ്തി മൂന്നു വര്‍ഷം കൊണ്ട് 50 ലക്ഷത്തില്‍ നിന്ന് 300 കോടിയായെന്നും രേഖകള്‍ കാണിച്ചുകൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു. ഡി.എല്‍.എഫ് വധേരക്ക് 65 കോടി രൂപ പലിശരഹിത വായ്പ കൊടുത്തിട്ടുണ്ട്. 25 കോടി രൂപയുടെ ഫഌറ്റ് അഞ്ചു കോടിക്കാണ് നല്‍കിയിരിക്കുന്നത്. കോടികള്‍ വിലയുള്ള വീടുകള്‍ നിസ്സാര വിലക്കാണ് വധേരയുടെ കമ്പനിക്ക് ഡി.എല്‍.എഫ് നല്‍കിയത്. ഇതിനൊക്കെ പകരമായി വധേര ഡി.എല്‍.എഫിന് ചെയ്തുകൊടുത്ത സഹായങ്ങള്‍ എന്തൊക്കെയാണെന്ന് അന്വേഷിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക