Image

ഇന്ത്യന്‍ മുജാഹിദീന്‍ നേതാവായ മലയാളിയെ ദുബായില്‍ പിടികൂടി

Published on 07 October, 2012
ഇന്ത്യന്‍ മുജാഹിദീന്‍ നേതാവായ മലയാളിയെ ദുബായില്‍ പിടികൂടി
തിരുവനന്തപുരം: കേരളാ പോലീസിനുപോലും അജ്‌ഞാതനായിരുന്ന മലയാളി കൊടുംഭീകരനെ ദുബായില്‍ ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സി(റോ) അധികൃതര്‍ പിടികൂടി. ഇന്ത്യയിലെത്തിച്ച മലയാളി ഭീകരന്‍ കണ്ണൂര്‍ സ്വദേശി റെയ്‌ന്‍സ്‌ എന്ന റിയാസി(38)നെ മുംബൈ വിമാനത്താവളത്തില്‍ ഇന്നലെ ഉച്ചയ്‌ക്ക് കേരള പോലീസിനു കൈമാറി. ഇന്ത്യന്‍ മുജാഹിദീന്റെ സ്‌ഥാപക നേതാക്കളിലൊരാളാണു റിയാസ്‌.

രാജ്യാന്തരതലത്തില്‍ പല തീവ്രവാദക്കേസുകളിലായി സി.ഐ.എ. അടക്കമുള്ള മിക്ക രഹസ്യാന്വേഷണ ഏജന്‍സികളും തെരയുന്ന മലയാളി ഭീകരന്‍ സി.എം.എ. ബഷീറിന്റെ ഏറ്റവും അടുത്ത അനുയായികൂടിയാണ്‌ റിയാസ്‌. തെളിയാതെ അന്വേഷണം ഉപേക്ഷിച്ച പല കേസുകള്‍ക്കും റിയാസ്‌ വലയിലായതോടെ തുമ്പുണ്ടാകുമെന്നാണു സൂചന. ദുബായിലെ ഒരു ഹോട്ടലില്‍ നടന്ന ഏറ്റുമുട്ടലിനുശേഷമാണു റിസര്‍ച്ച്‌ ആന്‍ഡ്‌ അനാലിസിസ്‌ വിംഗി(റോ) ന്റെ ഉദ്യോഗസ്‌ഥര്‍ ഇയാളെ പിടികൂടിയത്‌. പഞ്ചനക്ഷത്രഹോട്ടലില്‍ അറബിയുടെ വേഷം ധരിച്ചെത്തിയ റിയാസിനെ നാടകീയമായി ഉദ്യോഗസ്‌ഥര്‍ കീഴടക്കുകയായിരുന്നു. റോ ഉദ്യോഗസ്‌ഥരെ കണ്ടയുടനേ ഇയാള്‍ കൈത്തോക്ക്‌ ചൂണ്ടിയെങ്കിലും എന്‍കൗണ്ടര്‍ സ്‌പെഷലിസ്‌റ്റുകള്‍ ഇയാളെ മിന്നല്‍വേഗത്തില്‍ കീഴ്‌പ്പെടുത്തുകയായിരുന്നു.

കേരളാ കേഡറിലെ എ.ഡി.ജി.പിയും റോ ഐ.ജിയുമായ അരുണ്‍കുമാര്‍ സിന്‍ഹ (സീനിയര്‍)യാണു റിയാസിനെ കുടുക്കാനുള്ള ഓപ്പറേഷനു ചുക്കാന്‍ പിടിച്ചത്‌. സി.എം.എ. ബഷീറിനു വേണ്ടിയുള്ള തെരച്ചില്‍ ചെന്നവസാനിച്ചതു റിയാസിലായിരുന്നു. ബംഗളുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്റെ നിയന്ത്രണം ദുബായിയും സൗദി അറേബ്യയും കേന്ദ്രീകരിച്ചാണ്‌ ഇയാള്‍ നടത്തിയിരുന്നത്‌.

ഇന്ത്യയില്‍ നടന്ന ഒട്ടുമിക്ക സ്‌ഫോടനപരമ്പരകള്‍ക്കു പിന്നിലും കൊടുംതീവ്രവാദിയായ റിയാസിന്റെ കരങ്ങള്‍ ഉള്ളതായി കേന്ദ്ര ഏജന്‍സി സ്‌ഥിരീകരിച്ചിട്ടുണ്ട്‌. കണ്ണൂരില്‍ നടന്ന സ്‌ഫോടകവസ്‌തു കേസുമായി ബന്ധപ്പെട്ടു റിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെങ്കിലും സംസ്‌ഥാന ഇന്റലിജന്‍സ്‌ വിഭാഗവും കേരളാ പോലീസും ഇയാളുടെ സാന്നിധ്യം അവഗണിച്ചു. റിയാസിന്റെ വിവരങ്ങള്‍ ശേഖരിക്കുന്ന കാര്യത്തില്‍ സംസ്‌ഥാന ഇന്റലിജന്‍സ്‌ വിഭാഗം അനാസ്‌ഥകാട്ടി.

മലബാര്‍ മേഖലയില്‍ നടന്ന ഒട്ടുമിക്ക വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതു റിയാസായിരുന്നു. അഫ്‌ഗാനിസ്‌ഥാനിലും പാകിസ്‌താനിലുമായി പരിശീലനം ലഭിച്ച ഇയാള്‍ക്ക്‌ പാക്‌ മിലിട്ടറി ഉദ്യോഗസ്‌ഥരുമായി നേരിട്ടു ബന്ധമുണ്ട്‌. അതിര്‍ത്തി വഴി പണം എത്തിക്കുന്ന ദൗത്യവും റിയാസിനായിരുന്നു. സിമിയുടെ ഒട്ടുമിക്ക നേതാക്കളും ഇയാളില്‍നിന്നു പണം കൈപ്പറ്റിയിട്ടുണ്ട്‌. പൈപ്പ്‌ബോംബ്‌ നിര്‍മാണ വിദഗ്‌ധന്‍ സൈനുദീന്‍, തടിയന്റവിട നസീര്‍, ഹാലിം, സര്‍ഫറാസ്‌ നവാസ്‌ എന്നിവരുടെ ആത്മമിത്രമാണ്‌. സി.എം.എ. ബഷീറിന്റെ ഒളിത്താവളം റിയാസ്‌ വഴി കണ്ടെത്താനാകുമെന്ന കണക്കുകൂട്ടലിലാണു കേന്ദ്ര ഏജന്‍സികള്‍. ദുബായില്‍നിന്നു കരുതലോടെയാണ്‌ ഇയാളെ മുംബൈയിലെത്തിച്ചത്‌. റോയുടെ 19 ഉദ്യോഗസ്‌ഥര്‍ റിയാസിനൊപ്പം ഉണ്ടായിരുന്നു. ഇയാളെ കൊണ്ടുവന്ന വിമാനം ഇറങ്ങിയയുടന്‍ വിമാനത്താവളത്തില്‍ റെഡ്‌അലെര്‍ട്ടും പ്രഖ്യാപിച്ചു. വിവരങ്ങള്‍ ചോരാതിരിക്കാനും റോയിലെ ഉദ്യോഗസ്‌ഥര്‍ അതീവജാഗ്രത പുലര്‍ത്തി. തീവ്രവാദക്കേസിലെ ഒരു പ്രതിയെ പിടികൂടിയിട്ടുണ്ടെന്നും ഇയാളെ കേരളത്തിലേക്കു കൊണ്ടുവരാന്‍ കണ്ണൂരില്‍നിന്നു രണ്ടു പോലീസുദ്യോഗസ്‌ഥരെ വിട്ടയയ്‌ക്കണമെന്നുമായിരുന്നു ഇന്റലിജന്‍സ്‌ ബ്യൂറോ കേരളാ പോലീസിനു നല്‍കിയ രഹസ്യസന്ദേശം. ഇതേത്തുടര്‍ന്ന്‌ കണ്ണൂര്‍ എസ്‌.പി. രാഹുല്‍നായരോട്‌ രണ്ട്‌ ഉദ്യോഗസ്‌ഥരെ ഉടനടി മുംബൈയിലേക്കു വിടാന്‍ ആഭ്യന്തരവകുപ്പ്‌ നിര്‍ദേശിച്ചു. കനത്ത പോലീസ്‌ അകമ്പടിയോടെ റിയാസിനെ ഇന്നു കേരളത്തിലെത്തിക്കും.

സംസ്‌ഥാനത്തിന്റെ മതതീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഏകോപനം റിയാസ്‌ വഴിയാണെന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. മലപ്പുറം, കാസര്‍ഗോഡ്‌ ജില്ലകളില്‍ റിയാസ്‌ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയതായി സംശയമുണ്ട്‌. ഇന്റലിജന്‍സ്‌ എ.ഡി.ജി.പി: ടി.പി. സെന്‍കുമാറും ആഭ്യന്തരസുരക്ഷാ ഐ.ജി. ആനന്ദകൃഷ്‌ണനും റിയാസിനെ ചോദ്യംചെയ്യാനായി കണ്ണൂരിലെത്തും. ബംഗളുരു, അഹമ്മദാബാദ്‌ സ്‌ഫോടന കേസുകളുമായി ബന്ധപ്പെട്ട്‌ റിയാസിനെ കര്‍ണാടക പോലീസിനു കൈമാറും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക