Image

ഗവണ്‍മെന്റ് ഓഫ് ദി കോര്‍പ്‌റേറ്റസ് -ജോസ് കാടാപുറം

ജോസ് കാടാപുറം Published on 20 September, 2012
ഗവണ്‍മെന്റ് ഓഫ് ദി കോര്‍പ്‌റേറ്റസ് -ജോസ് കാടാപുറം
ഉചിതമായ ഒരു നിര്‍വചനമാണ് ഇന്‍ഡ്യന്‍ ജനാധിപത്യത്തെകുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുക്ക് തോന്നുന്നത്. ജനാധിപത്യം ജനങ്ങള്‍ക്ക് വേണ്ടിയാണ്, എന്നാല്‍ ജനാധിപത്യമാര്‍ഗത്തിലൂടെ ജയിച്ച്, അധികാരത്തിലേറിയ കേന്ദ്രസര്‍ക്കാറും, കേരള സര്‍ക്കാരും ജനപക്ഷത്താണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളെയും ജനവിധിയെയും ഭയക്കാനുള്ള വമ്പന്‍ അഴിമതികളിലൂടെ ജനദ്രോഹ നടപടികളും തുടര്‍ച്ചയായി വ്യാപരിക്കുമ്പോള്‍ ധൈര്യമുണ്ടാകുന്നത് അത്ഭുതം തന്നെ. ഈ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞത്"ജനം ഒന്നും ഓര്‍ത്തുവെക്കില്ല എല്ലാം മറന്നുകൊള്ളും" ഷിന്‍ഡെയുടെ വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ചു പോകുമ്പോള്‍ മനസ്സിലാകുന്നത് പാവം ജനങ്ങളോടുള്ള പുച്ഛവും അധിഷേപവുമാണ്. കല്‍ക്കരി കുഭകോണത്തില്‍ ഒരു ലക്ഷത്തി എണ്‍പത്തിയാറായിരം കോടി, 2ജി സ്‌പെക്ട്രം ഒരു കോടി എഴുപത്താറായിരം കോടിയും, കൂടാതെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് പ്ലാന്റ് എന്നിവയിലൂടെയുള്ള കുംഭകോണങ്ങള്‍ ഇതെല്ലാം ജനം മറക്കുമെന്നാണ് ഈ നേതാവ് പറഞ്ഞത്. ആരും ഒന്നും ഓര്‍ത്തുവെച്ചില്ലെങ്കില്‍ എന്തുമാകാമല്ലോ എന്ന അധികാര ഹുങ്കാണ് കേന്ദ്രഭരണത്തിലൂടെ പുറത്തു വരുന്നത്. അഴിമതിയിലൂടെ കുന്നു കൂടുന്ന പണത്തിന്റെ ഒരു ഭാഗം സ്വകാര്യ നിക്ഷേപങ്ങളിലേക്കും മറ്റൊരു ഭാഗം തെരെഞ്ഞെടുപ്പ് പ്രചാരണ രംഗത്തേയ്ക്കും പോകുന്നു. ചുരുക്കത്തില്‍ കേന്ദ്ര, സംസ്ഥാന ഭരണങ്ങള്‍ പണസമ്പാദനത്തിനുള്ള ഒരു ഉപാധിയായി മാറുന്നു. കോര്‍പ്പറേറ്റ് വമ്പന്‍മാര്‍ പറയുന്നതുപോലെ ഭരണം കൊണ്ടുപോകുന്നു. അവര്‍ പറയുന്നവരെ മന്ത്രിമാര്‍ ആക്കുന്നു. ഇവരുടെ ഇന്‍കംടാക്‌സില്‍ ആയിരകണക്കിന് ലക്ഷം കോടികള്‍ വെട്ടികുറയ്ക്കുന്നു, അല്ലെങ്കില്‍ എഴുതി തള്ളുന്നു. എന്നിട്ടും പോരാഞ്ഞ് ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നു.

കള്ളപണത്തിനെതിരായോ കള്ളവിദേശനിക്ഷേപങ്ങള്‍ക്കെതിരായോ ഒരു നടപടിയുമില്ല. കോടികണക്കിന് ലാഭത്തിലോടുന്ന എണ്ണകമ്പനികള്‍ക്ക് പെട്രോളിയത്തിന്റെയും, പെട്രോളിയം ഉല്‍പന്നങ്ങളുടെയും വിലനിര്‍ണ്ണയിക്കാനുള്ള അധികാരം എണ്ണകമ്പികള്‍ക്ക് തന്നെ നല്‍കി ഫലമോ മൂന്നര വര്‍ഷത്തെ കേന്ദ്ര കോണ്‍ഗ്രസ് ഭരണമെങ്കില്‍ 19 തവണ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ പാചകവാതകത്തിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചു. ഇതുമൂലം വലിയ വില വര്‍ദ്ധനവും ഇന്‍ഡ്യയിലും ഉണ്ടായി. 20 രൂപാ കൊടുത്ത് വെള്ളം വാങ്ങാമെങ്കില്‍ 40 രൂപ കൊടുത്ത് അരി വാങ്ങാന്‍ എന്തിന് മടിക്കണമെന്നാണ് കേന്ദ്രമന്ത്രി ചിദംബരം പറഞ്ഞത്.

കേരളത്തിന്റെ സ്ഥിതി ഇതിലും കഷ്ടമാണ് വില വര്‍ദ്ധനവ് കൊണ്ട് പൊറുതി മുട്ടിയ ജനം, ജനസമ്പര്‍ക്ക പരിപാടി കൊണ്ട് തൃപ്തരാകാതായി. ജനസമ്പര്‍ക്കപരിപാടിയില്‍ കെട്ടികിടക്കുന്ന അപേക്ഷകള്‍ മൂന്നേ മുക്കാല്‍ ലക്ഷമാണ്, പബ്ലിസിറ്റികൊണ്ട് മാത്രം ഉമ്മന്‍ചാണ്ടിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റുമോ? ഒരു കിലോ പഞ്ചസാരയ്ക്ക് 30 രൂപായില്‍ നിന്ന് 45 ആയി. ഒരു കിലോ അരിക്ക് 25 ല്‍ നിന്ന് 40 ആയി. ഉളള തണ്ണീര്‍ തടാകങ്ങളും നെല്‍വയലുകളും നികത്തി കേരളത്തിന്റെ ഭൂമി വിറ്റു തുലയ്ക്കാന്‍ തയ്യാറായി ആലിബാബയും 40 കള്ളമാരെയും പോലെ ഭരിക്കുന്നത് കാണുമ്പോള്‍ കൈയിലിരിക്കുന്ന അഴിമതി പണം കൊണ്ട് എം.എല്‍.എമാരെ വിലയ്ക്കുവാങ്ങിയും, ഇലക്ഷന്‍ വരുമ്പോള്‍ കോടികളിറക്കിയും അധികാരം നിലനിര്‍ത്താന്‍ പറ്റുമല്ലോ, മാധ്യമ അച്ചായന്‍മാര്‍ കൂടെ നില്ക്കുകകൂടി ചെയ്താല്‍ പിന്നെ ആരെ പേടിക്കണം? ഏതായാലും ഭരിക്കുന്നവരുടെ യഥാര്‍ത്ഥ മനസ്സിലിരിപ്പ് വെളിവാക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് നന്ദി ജനം ഒന്നും ഓര്‍ത്തുവയ്ക്കില്ല, എല്ലാം മറന്നുകൊള്ളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക