Image

'പ്രവാചകനിന്ദയുടെ കാണാപ്പുറങ്ങള്‍' എന്ന ലേഖനത്തിന് ലഭിച്ച കമന്റുകള്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 18 September, 2012
'പ്രവാചകനിന്ദയുടെ കാണാപ്പുറങ്ങള്‍' എന്ന ലേഖനത്തിന് ലഭിച്ച  കമന്റുകള്‍
'പ്രവാചകനിന്ദയുടെ കാണാപ്പുറങ്ങള്‍' എന്ന എന്റെ ലേഖനത്തിന് ലഭിച്ച ചില കമന്റുകള്‍ കണ്ടപ്പോള്‍ അവയെല്ലാം മറുപടിയോ വിശദീകരണമോ അര്‍ഹിക്കുന്നതാണെന്നു തോന്നി.

ജന്മം കൊണ്ട് ഞാനൊരു ഇസ്ലാം മതവിശ്വാസിയാണെങ്കിലും കര്‍മ്മംകൊണ്ട് എല്ലാ മതസ്ഥരേയും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയും കൂടിയാണ്. അതുകൊണ്ടായിരിക്കാം എല്ലാ മതസ്ഥരുമടങ്ങുന്ന ബൃഹത്തായ ഒരു സുഹൃദ്‌വലയം എനിക്കുള്ളത്. എന്റെ ലേഖനത്തില്‍ പറഞ്ഞ ചില കാര്യങ്ങളിലെങ്കിലും മാന്യ വായനക്കാര്‍ അനുകൂലിക്കുമെന്നു തോന്നുന്നു.

ദൈവത്തില്‍ വിശ്വസിക്കുന്ന, സത്യത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിക്കും തീവ്രവാദങ്ങളിലേര്‍പ്പെടാനോ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനോ ഇതര മതവിശ്വാസികളെ അപായപ്പെടുത്താനോ സാധിക്കില്ല. പക്ഷേ, എല്ലാ മതങ്ങളിലും മേല്പറഞ്ഞ സ്വഭാവ വിശേഷണങ്ങളുള്ളവരുണ്ട്. മതങ്ങളുടെ കാവല്‍ക്കാരാണവര്‍ എന്ന് സ്വയം തീരുമാനിച്ച് എന്തു ഹീനകൃത്യങ്ങള്‍ ചെയ്യാനും മടിക്കാത്ത ഇക്കൂട്ടരാണ് സമാധാനകാംക്ഷികള്‍ക്ക് വിലങ്ങുതടിയാകുന്നത്. അവര്‍ ചെയ്യുന്നതെല്ലാം അവരവര്‍ പ്രതിനിധാനം ചെയ്യുന്ന മതങ്ങളുടെ പേരിലായതുകൊണ്ട് ആ മതത്തെ ജനങ്ങള്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു.

ഒറീസ്സയിലെ കാണ്ഡമാലില്‍ ക്രൈസ്തവരെ കൂട്ടത്തോടെ ആക്രമിച്ച സംഭവത്തിന്റെ ഉത്ഭവം എവിടെനിന്നായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞതാണ്. എത്ര നിരപരാധികളാണ് അന്ന് ജീവനോടെ ചുട്ടെരിക്കപ്പെട്ടത്. ഒറീസ്സയില്‍ തന്നെ ഗ്രഹാം സ്റ്റെയിന്‍സിനേയും രണ്ടു മക്കളേയും അവരുടെ വാഹനത്തിലിട്ട് ജീവനോടെ ചുട്ടുകൊന്നതും നാം മറന്നിട്ടില്ല. ഇതെല്ലാം മതതീവ്രവാദസ്വഭാവമുള്ളവരാണ് ചെയ്തതെങ്കിലും അതിന്റെ ഉത്തരവാദിത്വം ആ മതത്തിന്റേതായിത്തീരുകയും ചെയ്തു.

ഇസ്ലാം മതവിശ്വാസികള്‍ പൊതുവെ സമാധാനപ്രിയരാണെങ്കിലും തീവ്രവാദസ്വഭാവമുള്ളവര്‍ അനുദിനം ഏറിവരികയാണ്. തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസറുടെ കൈവെട്ടി മാറ്റിയ കേസ് കേരളക്കരയാകെ അസ്വസ്ഥത സൃഷ്ടിച്ച സംഭവമായിരുന്നു. അവിടെയും സാധാരണ മുസ്ലീങ്ങള്‍ നിരപരാധികളായിരുന്നു. ഒരുകൂട്ടം ക്രൂരന്മാരുടെ ചെയ്തികള്‍ക്ക്മുസ്ലീം സമുദായം ഒട്ടാകെ കുറ്റവാളികളായി ചിത്രീകരിക്കപ്പെട്ടു.

ഇപ്പോള്‍ അമേരിക്കയില്‍ നിര്‍മ്മിച്ച ഒരു സിനിമയുടെ പേരില്‍ ലോകമൊട്ടാകെ അമേരിക്കന്‍ വിരുദ്ധ തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. എംബസ്സികളില്‍ ബോംബിടുകയും നിരപരാധികളെ കൊല്ലുകയും ചെയ്യുന്നവര്‍ ഇസ്ലാമിന്റെ പേരിലാണ് അത് ചെയ്യുന്നത്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ജോര്‍ദ്ദാന്‍, മൊറോക്കൊ, ഇറാക്ക്, ഇറാന്‍, ലെബനോന്‍, ഈജിപ്ത്, ബംഗ്ലാദേശ്, സുഡാന്‍, പലസ്തീന്‍ മുതലായ മുസ്ലീം രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ അമേരിക്കന്‍ വിരുദ്ധ തരംഗം ആഞ്ഞടിക്കുന്നത്. ഈ രാജ്യങ്ങളിലെല്ലാം കാട്ടുതീ പോലെയാണ് അക്രമ പരമ്പരകള്‍ അരങ്ങേറുന്നത്.

കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയയിലെ ഒരു പ്രമുഖ സ്വിം സ്യൂട്ട് നിര്‍മ്മാതാക്കള്‍ ഹിന്ദു ദേവതയായ ലക്ഷ്മി ദേവിയുടെ ചിത്രം പ്രിന്റു ചെയ്ത ബിക്കിനിയും സ്വിം സ്യൂട്ടും ഉല്പാദിപ്പിച്ച് വില്പന നടത്തിയതിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തിറങ്ങുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയും ആസ്‌ട്രേലിയയുമായുള്ള നയതന്ത്ര ബന്ധം വഷളാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് അത് നിര്‍മ്മിച്ച കമ്പനി നിരുപാധികം മാപ്പു പറഞ്ഞ് രക്ഷപ്പെട്ടത്.

അമേരിക്കയിലെ സിയാറ്റിലിലെ ഒരു ടോയ്‌ലറ്റ് ഉല്പന്ന നിര്‍മ്മാതാക്കള്‍ ഗണപതിയുടേയും കാളിയുടേയും ചിത്രങ്ങള്‍ പ്രിന്റു ചെയ്ത ടോയ്‌ലറ്റ് സീറ്റ് ഉല്പാദിപ്പിച്ച് വിപണിയിലിറക്കിയതിനെതിരെ ഹൈന്ദവ സമൂഹം ആഞ്ഞടിച്ചു.American Hindus Against Defamation എന്ന സംഘടനയാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത്. അമേരിക്കന്‍ ഈഗിള്‍ എന്ന കമ്പനിയും ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത് പാദരക്ഷകള്‍ ഉല്പാദിപ്പിച്ച് മാര്‍ക്കറ്റില്‍ ഇറക്കിയിരുന്നു. അവിടെയും ഹിന്ദു സംഘടനകള്‍ പ്രക്ഷോഭം സംഘടിപ്പിച്ച് അവ നീക്കം ചെയ്തിരുന്നു.അമേരിക്കയില്‍ മാത്രമല്ല ഇന്ത്യയിലും അതിന്റെ അലകള്‍ ആഞ്ഞടിച്ചു. അവസാനം കമ്പനി അധികൃതര്‍ തന്നെ മാപ്പു പറഞ്ഞു ആ ഉല്പന്നം പിന്‍വലിക്കുകയും ചെയ്തു.

മറ്റൊരു കമ്പനിയാകട്ടേ ശ്രീബുദ്ധന്റെ ചിത്രം ആലേഖനം ചെയ്ത പാദരക്ഷകള്‍ ആണ് പുറത്തിറക്കിയത്. ബുദ്ധമത വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാപ്പു പറഞ്ഞ് കമ്പനി രക്ഷപ്പെട്ടു.

അമേരിക്കയിലെ തന്നെ പോര്‍ട്‌ലാന്റ് കേന്ദ്രീകരിച്ചുള്ള ഒരു ബിയര്‍ കമ്പനി 'കാളി-മാ' എന്ന ലേബലില്‍ ബിയര്‍ ഉല്പാദിപ്പിച്ച് വിപണിയിലിറക്കിയതും ഹിന്ദു സംഘടനകളുടെ എതിര്‍പ്പിന് വഴിവെച്ചു. മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും അതാതു മതങ്ങളിലെ ഒരു വിഭാഗം സംഘടിച്ച് അതിനെ എതിര്‍ക്കുകയും ചെറുക്കുകയും ചെയ്യുന്നത് സ്വാഭാവികം. ഓരോ മതവിഭാഗങ്ങളിലേയും അക്രമവാസനയുള്ളവര്‍ 'മതങ്ങളൂടെ കാവല്‍ക്കാരായി' സര്‍വ്വതും തച്ചുടയ്ക്കുമ്പോള്‍ സമാധാനകാംക്ഷികള്‍ക്കും അത് ദോഷകരമായി ബാധിക്കുന്നു. ഇവിടെയും സംഭവിച്ചിരിക്കുന്നത് അതുതന്നെയാണ്. യാഥാസ്ഥിതികരായ ഒരു വിഭാഗം മുസ്ലീങ്ങള്‍ സംഘടിച്ച് അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ അത് മുസ്ലീം സമുദായത്തെ ഒന്നടങ്കം കളങ്കപ്പെടുത്തുന്നു.

ഈജിപ്തില്‍ നടന്ന കലാപത്തില്‍ പിടിക്കപ്പെട്ട നാനൂറിലധികം വരുന്ന പ്രക്ഷോഭകാരികള്‍ തങ്ങള്‍ക്ക് പ്രക്ഷോഭം നടത്തുന്നതിനും അക്രമങ്ങള്‍ നടത്തുന്നതിനും പ്രതിഫലം ലഭിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടത്രേ. അമേരിക്കന്‍ എംബസ്സികള്‍ ആക്രമിക്കുകയും, അംബാസഡറെ വധിക്കുകയും ചെയ്ത പ്രവൃത്തി പ്രബോധനപരമായ വീഴ്ചയും കുറ്റവുമാണെന്നാണ് ലോക പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി വ്യക്തമാക്കിയത്. അത്തരം ഉപരോധങ്ങളില്‍നിന്നും, അതിക്രമങ്ങളില്‍നിന്നും മാറി നില്‍ക്കാന്‍ അദ്ദേഹം ലോക മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇസ്ലാമിനോടും പ്രവാചകനോടുമുള്ള ബാധ്യത പൂര്‍ത്തീകരിക്കേണ്ടത് അവയുടെ വിട്ടുവീഴ്ചാമനോഭാവം പ്രകടിപ്പിച്ചുകൊണ്ടാണ്. അല്ലാതെ എംബസ്സികള്‍ ആക്രമിച്ചുകൊണ്ടൊ നിരപരാധികളെ കൊന്നുകൊണ്ടോ അല്ല എന്ന് അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു.

മേല്‍ സൂചിപ്പിച്ചപോലെ സമാധാനകാംക്ഷികളായ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഈ അക്രമങ്ങളില്‍ യാതൊരു പങ്കുമില്ല എന്ന് എത്ര പേര്‍ വിശ്വസിക്കും? 'Innocence of Muslims' എന്ന സിനിമ നിര്‍മ്മിച്ചവരും പണം മുടക്കിയവരും എല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ഇസ്ലാം മതവിദ്വേഷികളാണ്. അസ്സോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോര്‍ട്ട് താഴെ കാണുന്ന ലിങ്കില്‍ ലഭ്യമാണ്.ഇ-മലയാളിയിലെ കമന്റുകള്‍ക്ക് ഈ ലിങ്ക് മറുപടി നല്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കമന്റുകള്‍ പോസ്റ്റു ചെയ്തവര്‍ക്ക് നന്ദി.

http://www.philly.com/philly/wires/ap/news/nation_world/169881196.html?c=r

വിധേയപൂര്‍വ്വം,
മൊയ്തീന്‍ പുത്തന്‍ചിറ
puthenchirayil@gmail.com
'പ്രവാചകനിന്ദയുടെ കാണാപ്പുറങ്ങള്‍' എന്ന ലേഖനത്തിന് ലഭിച്ച  കമന്റുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക