Image

ബ്രോങ്ക്‌സ്‌ സെന്റ്‌ മേരീസ്‌ ഇടവകയുടെ നാല്‍പ്പതാം വാര്‍ഷികം ആഘോഷങ്ങളുടെ സമാപനം

ജോയിച്ചന്‍ പുതുക്കുളം Published on 17 September, 2012
ബ്രോങ്ക്‌സ്‌ സെന്റ്‌ മേരീസ്‌ ഇടവകയുടെ നാല്‍പ്പതാം വാര്‍ഷികം ആഘോഷങ്ങളുടെ സമാപനം
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഡയോസിസിലെ വലിയ ഇടവകകളില്‍ ഒന്നായ ബ്രോങ്ക്‌സ്‌ സെന്റ്‌ മേരീസ്‌ ഇടവക അതിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങള്‍ 2012 സെപ്‌റ്റംബര്‍ 2 മുതല്‍ 9 വരരെയുള്ള ദിവസങ്ങളില്‍ കൊണ്ടാടി. കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍, ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാര്‍ നിക്കളാവോസ്‌, ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദമിത്രയോസ്‌, കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യാക്കൂബ്‌ മാര്‍ ഐറേനിയോസ്‌, കാതോലിക്കോസിന്റെ അസിസ്റ്റന്റും അടൂര്‍ -കടമ്പനാട്‌ ഭദ്രാസന മെത്രാപ്പോലീത്തയുമായ സഖറിയാ മാര്‍ അപ്രേം എന്നീ പിതാക്കന്മാരും, റവ.ഡോ. ടി.പി. ഏലിയാസ്‌, ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കല്‍ തുടങ്ങിയവരും, വൈദീകരും, അത്മായരുമായി ഒരു വലിയ ജനസമൂഹം എല്ലാ ദിവസത്തെ ചടങ്ങുകളിലും ഭാഗഭാക്കുക്കളായിരുന്നു. സെപ്‌റ്റംബര്‍ 2 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബാനയും, ധ്യാനവും, വൈകിട്ട്‌ പ്രാര്‍ത്ഥനകളും, ദൈവ വചന പ്രഘോഷങ്ങളുമുണ്ടായിരുന്നു.

പ്രധാന പരിപാടികള്‍ 7,8,9 എന്നീ ദിവസങ്ങളിലായിരുന്നു. ഏഴാം തീയതി പരിശുദ്ധ ബാവാ തിരുമേനിക്കും, മെത്രാപ്പോലീത്തമാര്‍ക്കും ഉജ്വല വരവേല്‍പ്‌ നല്‍കപ്പെട്ടു. മുത്തുക്കുടകള്‍, ബാനറുകള്‍, കേരള രീതിയിലുള്ള വാദ്യഘോഷങ്ങള്‍, താലപ്പൊലി, ഐറിഷ്‌ ബാന്റ്‌ തുടങ്ങിയവ വരവേല്‍പിന്‌ ഉത്തേജനം പകര്‍ന്നു.

വിവിധ സഭകളുടെ പ്രതിനിധികള്‍. സാമൂഹ്യ-രാഷ്‌ട്രീയ മണ്‌ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ തുടങ്ങിയവര്‍ പരിശുദ്ധ ബാവാ തിരുമേനിയുടെ ബഹുമാനാര്‍ത്ഥം നടത്തിയ ബാങ്ക്വറ്റില്‍ സംബന്ധിക്കുകയും അവര്‍ ഉപഹാരങ്ങള്‍ നല്‍കുകയും, ആശംസകള്‍ നേര്‍ന്ന്‌ പ്രസംഗിക്കുകയും ചെയ്‌തു.

അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭ, റോമന്‍ കത്തോലിക്കാ സഭ, എപ്പിസ്‌കോപ്പല്‍ സഭ, ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഇന്‍ അമേരിക്ക (ഒ.സി.എ) സെന്റ്‌ മേരീസ്‌ വ്‌ളാഡിമേഴ്‌സ്‌ സെമിനാരി, കമ്യൂണിറ്റി അസോസിയേഷന്‍ എന്നിവയില്‍ നിന്ന്‌ പ്രതിനിധികള്‍ ഉണ്ടായിരുന്നു.

ഓര്‍ത്തഡോക്‌സ്‌ സഭയിലെ മെത്രാപ്പോലീത്തമാരെ കൂടാതെ ആര്‍ച്ച്‌ ബിഷപ്‌ യഗീഷി ഗിസീറയന്‍ (അര്‍മീനിയന്‍), ആര്‍ച്ച്‌ ബിഷപ്പ്‌ മൈക്കിള്‍ (ഒസിഎ). റൈറ്റ്‌ റവ. ജോണ്‍ സി. ഇട്ടി (എപ്പിസ്‌കോപ്പല്‍), വെരി റവ.ഡോ. ചാഡ്‌ ഹാര്‍ട്ട്‌ഫ്‌ളഡ്‌ (സെന്റ്‌ വ്‌ളാഡിമര്‍) തുടങ്ങി ഉന്നതസ്ഥാനീയരായ സഭാ നേതാക്കളും, പട്ടക്കാരും, കന്യാസ്‌ത്രീകളും, കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച്‌ അഞ്ച്‌ പ്രതിനിധികളും പൊലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കമാന്‍ഡിംഗ്‌ ഓഫീസര്‍ ജോസഫ്‌ ഡൗളിംഗും സഹപ്രവര്‍ത്തകരും ഇങ്ങനെ ഒരു സംഘം അതിഥികള്‍ ഉപചാരങ്ങള്‍ നേര്‍ന്ന്‌ സംസാരിച്ചു.

അതിഥികളായി ക്ഷണം സ്വീകരിച്ച്‌ എത്തിച്ചേര്‍ന്നവര്‍ക്കെല്ലാം ഉപഹാരങ്ങള്‍ നല്‍കി ഇടവക ആദരിച്ചു.

എട്ടാം തീയതി വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം വിഭവസമൃദ്ധമായ ലഞ്ചും പൊതുസമ്മേളനവും നടന്നു. ഇടവകയിലെ ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നവര്‍ പ്രസംഗിച്ചു. ഇടവകയില്‍ വിവിധ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചവര്‍ക്ക്‌ പ്രശംസാഫലകങ്ങള്‍ നല്‌കി ആദരിച്ചു. തന്റെ പ്രസംഗത്തില്‍ പള്ളി വികാരി ഫാ. എ.കെ. ചെറിയാന്‍ ഇടവകയുടെ ആരംഭനാളുകളെക്കുറിച്ച്‌ സംസാരിച്ചു. ഒരു മെഴുകുതിരി കത്തിക്കാന്‍ പോലും സ്വന്തമായി ഇല്ലാതെ ആരംഭിച്ച ഈ ഇടവകയെ ദൈവം വളര്‍ത്തി ഇന്ന്‌ ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ ഒരു സാക്ഷ്യമാക്കിത്തീര്‍ത്തിരിക്കുന്നുവെന്ന്‌ പ്രസ്‌താവിക്കുകയുണ്ടായി.

ഒമ്പതാം തീയതി ഞായറാഴ്‌ച ബാവാ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലും മാര്‍ ഐറേനിയോസ്‌, മാര്‍ ദമിത്രിയോസ്‌ എന്നിവരുടെ സഹകാര്‍മികത്വത്തിലും വി. മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. പരി. മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, തുടര്‍ന്ന്‌ കാതോലിക്കേറ്റിന്റെ പുന:സ്ഥാപനത്തിന്റെ ശതാബ്‌ദിയും ആഘോഷിച്ചു.പരി. ബാവായും അഭിവന്ദ്യ ഐറേനിയോസ്‌, ദമിത്രയോസ്‌ എന്നീ പിതാക്കന്മാരും, ഫാ. ഡോ. ടി.പി. ഏലിയാസ്‌, ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കല്‍, കെ.ജി. ഇടിക്കുള എന്നിവരും പ്രസംഗിച്ചു. സഭയ്‌ക്കുവേണ്ടിയും, കാതോലിക്കാ സ്ഥാപനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുയും, സഭാ പ്രതിജ്ഞ ഏവരും ഉച്ചത്തില്‍ പ്രഘോഷിക്കുകയും ചെയ്‌തു. ഒരു വലിയ ജനസമൂഹം ഈ ദിവസത്തെ ശുശ്രൂഷകളില്‍ സംബന്ധിച്ചു. ദേവാലയത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടെലിവിഷന്‍ സ്ഥാപിച്ചിരുന്നതിനാല്‍ ആളുകള്‍ക്ക്‌ കൂടുതല്‍ സൗകര്യമായി എല്ലാ ശുശ്രൂഷകളിലും സംബന്ധിക്കുവാന്‍ സാധിച്ചു.

ഏകദേശം അഞ്ചുമണിയോടെ പരി. ബാവായും, തിരുമേനിമാരും ഡയോസിസില്‍ സംഘടിപ്പിച്ച മീറ്റിംഗില്‍ സംബന്ധിക്കുന്നതിനുവേണ്ടി പോയി. പരി. ബാവാ തിരുമേനി പതിനൊന്നാം തീയതി കെന്നഡി എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേക്ക്‌ മടങ്ങി.

ഒരാഴ്‌ചക്കാലം നീണ്ടുനിന്ന പരിപാടികള്‍ക്ക്‌ ജനറല്‍ കണ്‍വീനര്‍ എം.വി ചാക്കോ, ഫാ. പോള്‍ എ. ചെറിയാന്‍, ജേക്കബ്‌ മാലത്ത്‌, ജയന്‍ വര്‍ഗീസ്‌, ഡോ. കോശി ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ബ്രോങ്ക്‌സ്‌ സെന്റ്‌ മേരീസ്‌ ഇടവകയുടെ നാല്‍പ്പതാം വാര്‍ഷികം ആഘോഷങ്ങളുടെ സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക