Image

എന്‍എഎഐഐപിയുടെ ഇന്ത്യാ -യുസ്‌ കണക്‌ട്‌ പ്രോഗ്രാമിന്‌ തുടക്കമായി

Published on 15 September, 2012
എന്‍എഎഐഐപിയുടെ ഇന്ത്യാ -യുസ്‌ കണക്‌ട്‌ പ്രോഗ്രാമിന്‌ തുടക്കമായി
കൊച്ചി: ഐടി മേഖലയിലെ നവസംരംഭങ്ങള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളില്‍ സഹായഹസ്‌തം വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ നോര്‍ത്ത്‌ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഐടി പ്രൊഫഷണല്‍സിന്റെ (എന്‍എഎഐഐപി) ആഭിമുഖ്യത്തില്‍ ഇന്ത്യ-യുഎസ്‌ കണക്‌ട്‌ പ്രോഗ്രാമിന്‌ തുടക്കം കുറിച്ചു.

ഇന്ത്യന്‍ നഗരങ്ങളെ യു.എസ്‌ നഗരങ്ങളുമായും ഇന്ത്യന്‍ ബിസിനസിനെ യു.എസ്‌ ബിസിനസുമായും ഇന്ത്യന്‍ സ്‌കൂളുകളെ യു.എസ്‌ സ്‌കൂളുകളുമായും ബന്ധിപ്പിക്കാന്‍ സഹായിക്കും വിധമാണ്‌ പ്രോഗ്രാം രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്‌. ഇന്ത്യയിലെ 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ എന്‍എഎഐഐപി അടിയന്തിര സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. ഓരോ കമ്പനിക്കും 20,000 ഡോളര്‍ വീതം ധനസഹായമാണ്‌ ലഭ്യമാക്കുക. അന്തിമ ഉത്‌പന്നങ്ങള്‍ വിപണിയിലെത്തിക്കുകയും വില്‍ക്കുകയും ചെയ്യുന്നതാണ്‌ ഓരോ പുതിയ കമ്പനികളുടേയും വെല്ലുവിളികള്‍ എന്നിരിക്കെ യു.എസിലെ ഈ ദൗത്യം എന്‍എഎഐഐപി നിര്‍വഹിക്കും. യുഎസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 65000 കമ്പനികളുടെ എക്കോ സംവിധാനം എന്‍എഎഐഐപിയ്‌ക്കുണ്ട്‌. ഇതില്‍ ഉള്‍പ്പെടുന്നതോടെ പുതിയ കമ്പനികള്‍ക്ക്‌ വന്‍ പ്രോത്സാഹനം ലഭ്യമാകും. ഇവയില്‍ യുഎസിലെ എന്‍എഎഐഐപി അംഗ കമ്പനികളില്‍ നിക്ഷേപിക്കുകയും ഓരോ ഘട്ടത്തിലും അവയുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ചെയ്യും.

എന്‍എഎഐഐപി സിസ്റ്റര്‍ സിറ്റി പ്രോഗ്രാമും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്‌. യുഎസിലെ ഓരോ നഗരങ്ങളിലുമുള്ള പ്രവാസികളുടെ സപ്പോര്‍ട്ടിംഗ്‌ യൂണീറ്റുകളെ എന്‍എഎഐഐപി കണ്ടെത്തുകയും അവയെ ഇന്ത്യയിലെ ഓരോ നഗരവുമായി ബന്ധിപ്പിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ്‌ ഈ പ്രോഗ്രാം. കൊച്ചി, തൃക്കാക്കര, ഇരിഞ്ഞാലക്കുട, കൊട്ടാരക്കര, വൈക്കം എന്നീ നഗരങ്ങളുമായി ബന്ധിപ്പിച്ച്‌ ഈ പ്രോഗ്രാം ഇതിനോടകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്‌. യു.എസിലെ കൊച്ചി, വൈക്കം പ്രവാസി ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു. ചിക്കാഗോയിലെ കൊച്ചി സ്വദേശികള്‍ കൊച്ചി ക്ലബ്‌ യു.എസ്‌.എ രൂപീകരിക്കുകയും സജീവമായി പ്രവര്‍ത്തിച്ചുവരികയുമാണ്‌. ദാരിയനിലെ വൈക്കം സ്വദേശികളും ഇതേ ദിശയില്‍ പ്രവര്‍ത്തിച്ചുവരികയാണ്‌.

യു.എസ്‌. കണക്‌ട്‌ പ്രോഗ്രാമിന്റെ പ്രാരംഭ ചടങ്ങുകള്‍ കൊച്ചിയില്‍ ദക്ഷിണേന്ത്യന്‍ യു.എസ്‌ കമേര്‍ഷ്യല്‍ കോണ്‍സുലേറ്റ്‌ ജെയിംസ്‌ ഗോല്‍സെന്‍ ഉദ്‌ഘാടനം ചെയ്‌തു. തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. മുഹമ്മദാലി, വിവിധ ഐടി കമ്പനികളിലേയും മറ്റു സ്ഥാപനങ്ങളിലേയും മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്‍എഎഐഐപിയെക്കുറിച്ച്‌ നാഷണല്‍ പ്രസിഡന്റ്‌ ഷോജി മാത്യു വിശീകരിച്ചു. സംഘടനയുടെ പ്രവര്‍ത്തനം, ഇന്ത്യയിലെ പ്രവര്‍ത്തന വ്യാപ്‌തിയും പ്രാധാന്യവും എന്നിവയെക്കുറിച്ച്‌ അദ്ദേഹം വ്യക്തമാക്കി. സിസ്റ്റര്‍ സിറ്റി, യു.എസ്‌ കണക്‌ട്‌, ഇന്‍ക്യുബേഷന്‍, സ്റ്റാര്‍ട്ടപ്പ്‌, സ്‌കൂള്‍ കണക്‌ട്‌ എന്നിവയുടെ വിശദാംശങ്ങളും അദ്ദേഹം നല്‍കി. യു.എസ്‌- ഇന്ത്യ കണക്‌ടിനു കീഴിലെ ബിസിനസ്‌ അവസരങ്ങളെക്കുറിച്ച്‌ ജെയിംസ്‌ ഗോല്‍സെന്‍ വിശദീകരിച്ചു. ഇന്‍ക്യുബേഷന്‍, സ്റ്റാര്‍ട്ടപ്പ്‌ എന്നിവയെക്കുറിച്ചുള്ള അനുബന്ധ വിവരങ്ങള്‍ ആര്‍മിയ സിസ്റ്റംസിലെ മനീഷ്‌ നായര്‍ നല്‍കി. സ്‌കൂള്‍ കണക്‌ട്‌ പ്രോഗ്രാമിനെക്കുറിച്ച്‌ എറണാകുളം റോട്ടറി ക്ലബിലെ ഡോ. ടോണിയും സംസാരിച്ചു. എന്‍എഎഐഐപിയുടെ കൊച്ചി ചാപ്‌റ്റര്‍ തുടങ്ങാനുള്ള സംഘടനയുടെ യോഗ്യതാ മാനജണ്‌ഡങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഷോജി മാത്യു പറഞ്ഞു. ചാപ്‌റ്റര്‍ ആരംഭിക്കുന്നതിന്‌ 20 കമ്പനികളും, 40 ഐടി പ്രൊഫഷണല്‍സുമാണ്‌ വേണ്ടത്‌. ഇത്‌ കൈവരിച്ച കൊച്ചിയിലെ താല്‍പര്യഗ്രൂപ്പിന്‌ ഭാവിയില്‍ വന്‍ പ്രതീക്ഷകള്‍ നല്‍കാന്‍ കഴിയുമെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിനോടനുബന്ധിച്ച്‌ യു.എസിലേക്കുള്ള ഇമിഗ്രേഷന്‍, വിസ പ്രോസസിംഗ്‌ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക്‌ യു.എസ്‌ കോണ്‍സുലേറ്റ്‌ മാര്‍ക്ക്‌, ബെന്‍ എന്നിവര്‍ മറുപടി നല്‍കി.
എന്‍എഎഐഐപിയുടെ ഇന്ത്യാ -യുസ്‌ കണക്‌ട്‌ പ്രോഗ്രാമിന്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക