ഒരുപിടി മണ്ണ്.
ഒരുപിടി മണ്ണിനു ജീവന് നല്കി
ഒരു നരവേഷം നല്കി
പരിപാവനനാം പരമപിതാവിന്
പരിവേഷത്താല്‍ പുല്കി
ഒരുചിരമവനൊരു തുണയേകീടാന്
പരനൊരു തിരുഹിതമായി
അവനുടെയരികിലണഞ്ഞൊരുമതിമുഖി
പരിചരണം നല്കീടാന്
തനിയെയൊരേകാന്തതയുടെ കരിനിഴല്‍
അഴലൊരുലേശവുമേശാ-
തവനൊരു താങ്ങയ് തണലയ് തീരാന്‍
അവളൊരു തരുണീമണിയായ്
പരനേ തവഹിതമെത്ര മനോഹര
മറിയുവതാരിഹ ലോകെ
അല്ഭുതമെത്ര വിശേഷ പ്രപഞ്ചമി-
തവികലമുളവായ് വന്നു
തരുനിര ചൂടിയ തകിടികളടിമുടി
അമരുമൊരേദന് തോട്ടം
പലവിധ ഫലമൂലാദികള്‍ സുലഭം
മലര്‍നിര മധുമയമിയലും
അവികലമവനൊരു നിദ്ര വരുത്തി
അടര്ത്തിയൊരെല്ലതു 'വാരി'
അതിനൊരു രൂപം നല്കീനാഥന്
അവന്നുകൊടുത്തൊരു 'നാരി'
നിദ്രയിലാണ്ട്കിടന്നൊരുനരനെ
തട്ടിവിളിചൂ നാഥന്
ആദം! തല്ക്ഷണമവനുണരുകയായ്
നാദം കാതില്‍ ധ്വനിക്കേ
കണ്ടൂകരിമിഴിയാളെ മുന്നില്‍
കണ്ണുകളഞ്ചിയടഞ്ഞൂ
കാഞ്ചനകാഞ്ചി കവര്ന്നൊരുഞൊടിയിട
പഞ്ച്മരാള വിഭൂതി
വാരിയെടുത്തു പുണര്ന്നൊരുചൂടും
ഗന്ധവുമൊക്കെ നുകര്‍ന്നു
പറ്റിയിരുന്നൊരു പ്രാവിന്കുഞ്ഞായ്
ഇരുവരുമൊരു ദേഹമതായ്
നാഥാ!യിവളെന് മാംസവുമസ്തിയു-
മായതിനാലിവള് നാരി
അര്ത്ഥവുമാനന്ദവുമെന് ജീവനി
ലിന്നു പകര്‍ന്നല്ലോ നീ!.
ചാക്കോ ഇട്ടിച്ചെറിയ