Image

കര്‍ണാടകയില്‍ അധിക ഫീസ് വാങ്ങിയ 11 മെഡിക്കല്‍ കോളജുകള്‍ക്ക് നോട്ടീസ്

Published on 07 September, 2012
കര്‍ണാടകയില്‍ അധിക ഫീസ് വാങ്ങിയ 11 മെഡിക്കല്‍ കോളജുകള്‍ക്ക് നോട്ടീസ്
ബംഗളൂരു: സര്‍ക്കാര്‍ നിശ്ചയിച്ച പ്രവേശ ഫീസില്‍ കൂടുതല്‍ തുക വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയ കര്‍ണാടകയിലെ 11 മെഡിക്കല്‍, ഡെന്റല്‍ കോളജുകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസയച്ചു. കര്‍ണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ) നിശ്ചയിച്ച ഫീസിനേക്കാള്‍ കൂടുതല്‍ തുക വാങ്ങിയ കോളജുകള്‍ക്കാണ് എത്രയും പെട്ടെന്ന് തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.

തുക തിരിച്ചു നല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്ന് ആരോഗ്യ വിദ്യാഭ്യാസ മന്ത്രി എസ്്.എ രാമദാസ് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ നിര്‍ദേശം സ്വീകരിച്ചില്ലെങ്കില്‍ കോളജുകളുടെ പ്രവേശനം റദ്ദാക്കുമെന്നും മെഡിക്കല്‍, ദന്തല്‍ കൗണ്‍സില്‍ അംഗീകാരം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധിക തുക നല്‍കിയ വിദ്യാര്‍ഥികള്‍ കെ.ഇ.എ, ആരോഗ്യ വകുപ്പ്, രാജീവ് ഗാന്ധി യൂനിവേഴ്‌സിറ്റി ആരോഗ്യ വിഭാഗം എന്നിവര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നോട്ടീസയച്ചത്.
നിശ്ചിത തുകയേക്കാള്‍ 10,000 രൂപ മുതല്‍ 40,000 രൂപവരെ അധിക തുക വാങ്ങിയ കോളുജുകളുണ്ടെന്ന് മന്ത്രി അറിയിച്ചു. ബെല്‍ഗാമിലെ ജെ.എന്‍.എം.സി കോളജ് നാലുവര്‍ഷത്തേക്ക് ഒരു വിദ്യാര്‍ഥി നല്‍കേണ്ട തുകയേക്കാള്‍ 19.65 ലക്ഷം രൂപയാണ് അധികം വാങ്ങിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക