Image

ഒഡിഷ അക്രമം: 34 പേരെ അറസ്റ്റ് ചെയ്തു

Published on 07 September, 2012
ഒഡിഷ അക്രമം: 34 പേരെ അറസ്റ്റ് ചെയ്തു
ഭുവനേശ്വര്‍ (ഒഡിഷ): കല്‍ക്കരി അഴിമതിയില്‍ ആരോപണ വിധേയനായ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായക് രാജി വെക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 34 പേരെ അറസ്റ്റ് ചെയ്തു. വനിതാ പൊലീസ് കോണ്‍സ്റ്റബ്‌ളിനെ അക്രമിച്ച സംഭവത്തിലാണ് ഭൂരിപക്ഷം അറസ്റ്റുകളും. കോണ്‍ഗ്രസ് റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങള്‍ അപലപനീയമാണെന്നും വനിതാ കോണ്‍സ്റ്റബ്‌ളിനു നേരെ നടന്ന അക്രമം ജനങ്ങളില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായക് പറഞ്ഞു. എന്നാല്‍, ജനാധിപത്യമാര്‍ഗത്തില്‍ പ്രതിഷേധിക്കാനുള്ള അവസരംപോലും നിഷേധിക്കുന്ന സര്‍ക്കാര്‍ ഒഡിഷയെ പൊലീസ് സ്‌റ്റേറ്റ് ആക്കി മാറ്റിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശ്രീകാന്ത് ജെന ആരോപിച്ചു.

നിയമസഭാ മന്ദിരം പിക്കറ്റ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 60 പൊലീസുകാരടക്കം 260 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.ഡി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വെള്ളിയാഴ്ച മുദ്രാവാക്യം വിളിച്ച് നിയമസഭ സ്തംഭിപ്പിച്ചു. സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ ജ്യോതി പാണിഗ്രാഹി പരിക്കേറ്റ വനിത കോണ്‍സ്റ്റബ്‌ളിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അവര്‍ അറിയിച്ചു. വനിതാ കോണ്‍സ്റ്റബിളിനെയും മറ്റും ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം ചെയ്യുമെന്ന് രണ്ട് പൊലീസ് സംഘടനകള്‍ വെള്ളിയാഴ്ച സര്‍ക്കാറിന് മുന്നറിയിപ്പുനല്‍കി.

ഒഡിഷ അക്രമം: 34 പേരെ അറസ്റ്റ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക