Image

മണര്‍കാട് പള്ളിയില്‍ നടതുറന്നു;പതിനായിരങ്ങള്‍ക്കു ദര്‍ശന സൗഭാഗ്യം

Published on 07 September, 2012
മണര്‍കാട് പള്ളിയില്‍ നടതുറന്നു;പതിനായിരങ്ങള്‍ക്കു ദര്‍ശന സൗഭാഗ്യം
മണര്‍കാട്: എട്ടുനോമ്പിന്റെ ചൈതന്യത്തില്‍ മാതൃഭക്തിയുടെ തീവ്രതയില്‍ കൂപ്പുകരങ്ങളുമായി നിന്ന പതിനായിരങ്ങള്‍ക്കു ദര്‍ശന സൗഭാഗ്യം നല്കി മണര്‍കാട് പള്ളിയില്‍ ഇന്നലെ നടതുറന്നു. മധ്യാഹ്നപ്രാര്‍ഥനയെത്തുടര്‍ന്നു വിശ്വാസികളുടെ കണ്ഠങ്ങളില്‍ നിന്ന് ഇടതടവില്ലാതെ ഒഴുകിയ പ്രാര്‍ഥനാ മഞ്ജരികള്‍ക്കു നടുവില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മുഖ്യകാര്‍മികത്വത്തിലാണു നട തുറന്നത്. 

പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണു നടതുറക്കല്‍. പള്ളിയുടെ പ്രധാന മദ്ബഹയിലാണു ഛായാചിത്രം സ്ഥാപിച്ചിരിക്കുന്നത്. എട്ടു നോമ്പിന്റെ ഏഴാം ദിവസമായ ഇന്നലെ ഛായാചിത്ര ദര്‍ശനത്തിനായി നട തുറക്കുന്നതിനു മണിക്കൂറുകള്‍ മുമ്പുതന്നെ ആയിരക്കണക്കിനു മരിയഭക്തരാണു ദേവാലയത്തില്‍ എത്തിച്ചേര്‍ന്നത്. ദേവാലയത്തില്‍ നോമ്പനുഷ്ഠിച്ചു കഴിയുന്ന ഭക്തര്‍ ഇന്നലെ രാവിലെതന്നെ ദേവാലയത്തിലെത്തി വിശുദ്ധ കുര്‍ബാനയിലും മാതൃവണക്കശുശ്രൂഷയിലും പങ്കുചേര്‍ന്നു. അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെയുള്ള തീര്‍ഥാടകരുടെ തിരക്കുമൂലം ദേവാലയത്തിനു പുറത്തു ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനിലും നടതുറക്കല്‍ കാണാനുള്ള സൗകര്യമൊരുക്കിയിരുന്നു.

എട്ടുനോമ്പാചരണത്തിന്റെ സമാപനമായ ഇന്നു ജനനപ്പെരുന്നാളായി ആചരിക്കും. രാവിലെ ഒമ്പതിനുള്ള വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഐസക് മാര്‍ ഒസ്താത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും.

ഇന്നലെ അര്‍ധരാത്രി മുതല്‍ പാച്ചോര്‍ നേര്‍ച്ചയുടെ വിതരണം ആരംഭിച്ചു. കലത്തില്‍ നേര്‍ച്ച വിതരണം ചെയ്യുന്ന പാരമ്പര്യച്ചടങ്ങാണ് ഇന്നലെ നടന്നത്. പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 1251 പറ അരിയുടെ നേര്‍ച്ചയാണ് ഇത്തവണ തയാറാക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന പ്രദക്ഷിണത്തിനുശേഷം നേര്‍ച്ചവിളമ്പ് നടക്കും. 

തിരുനാളിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും പാരമ്പര്യത്തനിമയില്‍ നടത്തുന്ന മാര്‍ഗംകളിയും പരിചമുട്ടുകളിയും ഇന്നലെ രാത്രി അരങ്ങേറി. തുടര്‍ന്നു കരിമരുന്നു കലാപ്രകടനവും നടന്നു. സ്ലീബാ പെരുനാള്‍ ദിനമായ പതിനാലിനു നട അടയ്ക്കും.

മണര്‍കാട് പള്ളിയില്‍ നടതുറന്നു;പതിനായിരങ്ങള്‍ക്കു ദര്‍ശന സൗഭാഗ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക