Image

മാര്‍ ചക്യത്ത് പത്തിനു വിരമിക്കും

Published on 07 September, 2012
മാര്‍ ചക്യത്ത് പത്തിനു വിരമിക്കും
കൊച്ചി: ഔദ്യോഗിക പദവിയില്‍നിന്നു വിരമിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്തിന് ഇന്നു യാത്രയയപ്പ്. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ രാവിലെ പത്തരയ്ക്കു ദിവ്യബലിയോടെ ചടങ്ങുകള്‍ ആരംഭിക്കും. 

മാര്‍ ചക്യത്തിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്കും. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, അതിരൂപത ആലോചന സമിതി അംഗങ്ങള്‍, ഫൊറോന വികാരിമാര്‍, മാര്‍ ചക്യത്തിന്റെ സഹപാഠികള്‍, മൂന്നാംപറമ്പ് ഇടവക വികാരി, വിവിധ സന്യസ്ത സഭകളുടെ സുപ്പീരിയര്‍ ജനറാള്‍മാര്‍, പ്രൊവിന്‍ഷ്യാള്‍മാര്‍ എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ കാര്‍മികത്വത്തില്‍ കൃതജ്ഞതാസ്‌തോത്രഗീതം. 

ഉച്ചയ്ക്കു 12നു നടക്കുന്ന നന്ദനീയ സമ്മേളനം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി പ്രഫ.കെ.വി. തോമസ്, മന്ത്രി കെ. ബാബു, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ഡൊമിനിക് കൊക്കാട്ട്, ഡോ.ജോസഫ് കാരിക്കശേരി, മേയര്‍ ടോണി ചമ്മിണി, ഹൈബി ഈഡന്‍ എംഎല്‍എ, സിഎസ്ടി സഭ പ്രൊവിന്‍ഷ്യല്‍ റവ.ഡോ.ജേക്കബ് കണിയാങ്കല്‍, സിഎംസി സഭ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സാങ്റ്റ, അതിരൂപത വൈദികസമിതി സെക്രട്ടറി ഫാ. ജോയ്‌സ് കൈതക്കോട്ടില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ബിനു ജോണ്‍ എന്നിവര്‍ പ്രസംഗിക്കും. മാര്‍ തോമസ് ചക്യത്ത് മറുപടിപ്രസംഗം നടത്തും. മാര്‍ ചക്യത്ത് രചിച്ച ലാസ്റ്റ് ലെക്ചര്‍ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ചടങ്ങില്‍ നടക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന്. 

കറുകുറ്റി മൂന്നാംപറമ്പില്‍ ചക്യത്ത് ചാക്കപ്പന്‍-മറിയം ദമ്പതികളുടെ മകനായി 1937 സെപ്റ്റംബര്‍ 10നു ജനിച്ച മാര്‍ തോമസ് ചക്യത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം സേക്രഡ് ഹാര്‍ട്ട് സെമിനാരി, ആലുവ പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളിലാണു വൈദികപഠനം പൂര്‍ത്തിയാക്കിയത്. 1964 നവംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ സെന്റ് തോമസ് അക്വിനാസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു സോഷ്യോളജിയില്‍ ഡോക്ടറേറ്റ്, കാനഡ കോഡി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു കമ്മ്യൂണിറ്റി ഡെവലപ്‌മെന്റില്‍ ഡിപ്ലോമ എന്നിവ സ്വന്തമാക്കിയ മാര്‍ ചക്യത്ത് ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 23 വര്‍ഷം സോഷ്യോളജി പ്രഫസറായി സേവനം ചെയ്തു. ഇവിടെ വൈസ് റെക്ടറായും സ്പിരിച്വല്‍ ഫാദറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അതിരൂപത വികാരി ജനറാളായി 1997 ജനുവരി 27നു ചുമതലയേറ്റു. 1998 ഫെബ്രുവരി 17 മുതല്‍ അതിരൂപത സഹായമെത്രാനായി സേവനം ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, ലാറ്റിന്‍, ഇറ്റാലിയന്‍, സിറിയന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ള ഇദ്ദേഹം ദി സോഷ്യല്‍ ഡവലപ്‌മെന്റ് ഓഫ് ചര്‍ച്ച്, സഭയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും, തുറന്ന കത്തുകള്‍, സഭയുടെ സാമൂഹ്യദര്‍ശനം, സഭയുടെ സാമൂഹ്യപഠനം, ഓര്‍മയുടെ കൊട്ടാരം, വി. പൗലോസിനു സ്‌നേഹപൂര്‍വം, ലാസ്റ്റ് ലെക്ചര്‍ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്. 

ഇടയശുശ്രൂഷയ്‌ക്കൊപ്പം സാമൂഹിക, ബൗദ്ധിക രംഗങ്ങളിലും സജീവ ഇടപെടല്‍ നടത്തിയ മാര്‍ ചക്യത്ത് തിങ്കളാഴ്ചയാണു വിരമിക്കുന്നത്. ആലുവ ചുണങ്ങംവേലിയിലുള്ള നിവേദിത ആശ്രമത്തിലാകും തുടര്‍ന്നുള്ള താമസം.

മാര്‍ ചക്യത്ത് പത്തിനു വിരമിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക