Image

ഇ-ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് റെയില്‍വേയുടെ മുന്നറിയിപ്പ്

Published on 07 September, 2012
ഇ-ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് റെയില്‍വേയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: രാവിലെ എട്ടിനും ഉച്ചയ്ക്കു പന്ത്രണ്ടിനും ഇടയില്‍ ഏജന്റ് നല്കുന്ന ഇ-ടിക്കറ്റ് വാങ്ങരുതെന്ന് റെയില്‍വേ. അധിക ചാര്‍ജ് ഈടാക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ ഏജന്റ് ഔട്ട്‌ലെറ്റുകള്‍ വഴി ഇ-ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണു റെയില്‍വേ ഇതു വ്യക്തമാക്കിയിരിക്കുന്നത്. 

ഏജന്റ് ഔട്ട്‌ലെറ്റുകള്‍ അംഗീകാരമുള്ളവയാണോ എന്നു പരിശോധിക്കുക, അംഗീകൃത ഏജന്റിന്റെ ഫോട്ടോപതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും അംഗീകാരത്തിനു തെളിവായിട്ടുള്ള സര്‍ട്ടിഫിക്കറ്റും പരിശോധിക്കുക, ബുക്കിംഗിനുള്ള ഫോം പൂരിപ്പിക്കുമ്പോള്‍ മൊബൈല്‍ നമ്പര്‍ ശരിയായി രേഖപ്പെടുത്തിയിട്ടുണെ്ടന്ന് ഉറപ്പുവരുത്തുക, ബുക്കിംഗ് ഉറപ്പുവരുത്തികൊണ്ടു രേഖപ്പെടുത്തിയ മൊബൈല്‍ നമ്പരിലേക്കു ലഭിക്കുന്ന സന്ദേശം ടിക്കറ്റിനു പകരമായി തിരിച്ചറിയല്‍ രേഖകളോടൊപ്പം ടിടിഇ യെ കാണിക്കാം തുടങ്ങിയവയാണു മറ്റു നിര്‍ദേശങ്ങള്‍. 

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ഫോട്ടോ ഐഡികാര്‍ഡ്് എന്നിവ മാത്രമേ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവൂ. ഏജന്റ് ഔട്ട്‌ലെറ്റുകള്‍ വഴി ബുക്ക് ചെയ്ത ഇ-ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ പ്രത്യേക ചാര്‍ജ് നല്‍കേണ്ടതില്ലെന്നും റെയില്‍വേ വ്യക്തമാക്കുന്നു.

ടിക്കറ്റ് ബുക്കു ചെയ്യുമ്പോള്‍ നല്‍കേണ്ട സര്‍വീസ് ചാര്‍ജ് നിരക്കുകള്‍: ഫസ്റ്റ് എസി, എസി 2-ടയര്‍, എസി3-ടയര്‍ എന്നീ ടിക്കറ്റുകള്‍ക്ക് ഐആര്‍ടിസി സര്‍വീസ് ചാര്‍ജായ 20 രൂപയും ഏജന്റ് സര്‍വീസ് ചാര്‍ജായ 20 രൂപയും ഉള്‍പ്പെടെ നാല്‍പതു രൂപ നല്കിയാല്‍ മതി. സ്ലീപ്പര്‍, സെക്കന്‍ഡ് സിറ്റിംഗ് ടിക്കറ്റുകള്‍ക്ക് ഐആര്‍റ്റിസി സര്‍വീസ് ചാര്‍ജ് 10 രൂപയും ഏജന്റ് സര്‍വീസ് ചാര്‍ജ് 10 രൂപയും ഇതു കൂടാതെയുള്ള ഗേറ്റ് വേ സര്‍വീസ് ചാര്‍ജും കൂടി നല്കണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക