Image

കേരളത്തിനൊരു കാര്‍ഷികനയം; മൂന്നുമാസത്തിനകം റിപ്പോര്‍ട്ട്

Published on 07 September, 2012
കേരളത്തിനൊരു കാര്‍ഷികനയം; മൂന്നുമാസത്തിനകം റിപ്പോര്‍ട്ട്
പാലക്കാട്: കേരളത്തിനൊരു കാര്‍ഷികനയം രൂപവത്കരിക്കുന്നത് സംബന്ധിച്ച് കാര്‍ഷിക നയ രൂപവത്കരണസമിതിയുടെ സമഗ്രറിപ്പോര്‍ട്ട് മൂന്നുമാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും.

14 ജില്ലയിലും പ്രത്യേകം സിറ്റിങ്‌നടത്തി ജനപ്രതിനിധികള്‍, കര്‍ഷകര്‍, കര്‍ഷകസംഘടനകള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക.

തമിഴ്‌നാടിന്റെ മാതൃകയില്‍ ശക്തമായൊരു കാര്‍ഷികനയത്തിന്റെ അഭാവമാണ് കേരളത്തില്‍ കാര്‍ഷിക തകര്‍ച്ചയ്ക്ക് കാരണമെന്ന് പറയുന്നു. കൃഷിഓഫീസുകളുടെ പ്രവര്‍ത്തനം സബ്‌സിഡി വിതരണത്തിലും മറ്റും ഒതുങ്ങുന്നതുമൂലം കൃഷിയിടങ്ങളില്‍ മികവ് സൃഷ്ടിക്കാന്‍ കഴിയുന്നില്ല. കേന്ദ്രസംസ്ഥാന പദ്ധതികള്‍ തോന്നിയതുപോലെ നടപ്പാക്കുന്നു. ഒന്നിനും ഏകോപനമില്ല. ഇതിന്റെഫലമായി റബ്ബര്‍ ഒഴികെയുള്ള വിളകളുടെ വിസ്തൃതി കുത്തനെ കുറഞ്ഞു. എല്ലാറ്റിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കാര്‍ഷികനയം രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സംസ്ഥാന കാര്‍ഷിക ഉപദേശകസമിതിയുടെ നിര്‍ദേശ പ്രകാരമാണ് കാര്‍ഷികനയ രൂപവത്കരണസമിതി രൂപവത്കരിച്ചത്. മുന്‍ എം.എല്‍.എ.യും കര്‍ഷകനുമായ കെ. കൃഷ്ണന്‍കുട്ടിയാണ് സമിതി അധ്യക്ഷന്‍. മുന്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ എം.എസ്. ജോസഫ്, ഡോ. ആര്‍. ഹേലി, ഡോ. ബാലചന്ദ്രന്‍, ഡോ. രാജശേഖരന്‍, കൃഷി ഡയറക്ടര്‍ ആര്‍. അജിത്ത്കുമാര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

സമിതി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ സിറ്റിങ് നടത്തി കര്‍ഷകരില്‍നിന്നും സംഘടനകളില്‍നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചു. ഓരോ ജില്ലയിലും കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധികള്‍, കൃഷി കുറയാനിടയാവുന്ന കാരണങ്ങള്‍, കാര്‍ഷികോത്പനങ്ങളുടെ വിലത്തകര്‍ച്ച എന്നിങ്ങനെ കാതലായ പ്രശ്‌നങ്ങളാണ് പഠിക്കുന്നതെന്ന് സമിതി അധ്യക്ഷന്‍ കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇതോടൊപ്പം കൃഷി വിജയകരമായി നടത്തുന്ന തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ മാതൃകകളും പരിശോധിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക