Image

അപകടത്തില്‍ നഷ്ടമായ മുഖഭാഗം ശസ്ത്രക്രിയയിലൂടെ പിടിപ്പിച്ചു

Published on 07 September, 2012
അപകടത്തില്‍ നഷ്ടമായ മുഖഭാഗം ശസ്ത്രക്രിയയിലൂടെ പിടിപ്പിച്ചു
കൊച്ചി: ബൈക്കപകടത്തിലൂടെ മുഖഭാഗം നഷ്ടമായ നിഥിന്‍ വിജയന് ശസ്ത്രക്രിയയിലൂടെ മുഖംതിരികെ ലഭിച്ചു. ചങ്ങാനാശ്ശേരി പെരുന്ന അള്‍ത്താര വീട്ടില്‍ വിജയന്റെയും രതിയുടെയും മകനായ നിഥിന്‍ വിജയന്‍ (22) ആണ് മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ നടന്ന മൈക്രോവാസ്‌കുലര്‍ സര്‍ജറിയിലൂടെ നഷ്ടമായ മുഖം നേടിയെടുത്തത്. കഴിഞ്ഞ മെയ് 21 ന് ചങ്ങനാശ്ശേരി പുലിക്കാട്ടുപടി ജംഗ്ഷനില്‍ നിഥിന്‍ ഓടിച്ചിരുന്ന ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കില്‍ നിന്ന് തെറിച്ചുവീണ നിഥിന്റെ മുഖത്തിന്റെ ഇടതുഭാഗത്ത് നിന്ന് നെറ്റി, കണ്‍പോള, കവിള്‍, ചുണ്ട്, താടി എന്നിവയോടുകൂടി മാംസം പൂര്‍ണമായി തെറിച്ചുപോയി. മുറിവിലേക്ക് വാഹനത്തിന്റെ ചില്ലും മണ്ണും കയറുകയും ഇടതുകാല്‍ ഒടിയുകയും ചെയ്തു. 

മുഖത്തുനിന്നും തെറിച്ചുപോന്ന മാംസ കഷ്ണങ്ങള്‍ കൂടിനുള്ളിലാക്കി മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഉടന്‍ നിഥിനെ മൈക്രോ വാസ്‌കുലര്‍ സര്‍ജറിക്ക് വിധേയനാക്കുകയായിരുന്നുവെന്ന് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ.കെ.ജി.ഭാസ്‌കര പറഞ്ഞു. റിപ്ലാന്‍േറഷന്‍ ഓഫ് അവല്‍സ്ഡ് ഫേസ് സര്‍ജറിയിലൂടെ നിഥിന്റെ ഇളകി മാറിയ മുഖത്തിന്റെ ഭാഗം വച്ചുപിടിപ്പിച്ചു. അപകടത്തില്‍ ശ്വാസകോശത്തിന്റെ ഒരു ഭാഗം പുറത്തേക്ക് തള്ളിവന്നിരുന്നു. ഇത് തിരികെവയ്ക്കുവാനുള്ള ട്രക്കയോസ്റ്റമിയും ഇടതുകാലിലെ ഒടിവ് പരിഹരിക്കുന്നതിനായി ശസ്ത്രക്രിയയും നടത്തി. തുടര്‍ച്ചയായി മറ്റ് മൂന്ന് ശസ്ത്രക്രിയകള്‍ കൂടി നടത്തി. ഡോ.സച്ചിന്‍ തെന്‍ഡുക്കര്‍, ഡോ.വിനായക് എന്നിവരും 6 മണിക്കൂര്‍ നീണ്ട മൈക്രോവാസ്‌ക്കുലര്‍ സര്‍ജറിയില്‍ പങ്കെടുത്തു.

ഓര്‍ത്തോ സര്‍ജന്‍ ഡോ.ഖലീല്‍, ഇഎന്‍ടി സര്‍ജന്‍ ഡോ.മാത്യു ഡൊമനിക്, ചീഫ് അനസ്‌തേഷ്യസ്റ്റ് ഡോ.കെ.വിനോദന്‍, തൊറാസിക് സര്‍ജന്‍ ഡോ.എസ്.ആന്റണി എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. ചികിത്സയ്ക്കുശേഷം കഴിഞ്ഞ 23ന് നിഥിന്‍ ആസ്പത്രിവിട്ടു. ഇനി കണ്‍പോളകൂടി പിടിപ്പിക്കേണ്ടതുണ്ട്. വെല്‍ഡിംഗ് തൊഴിലാളിയായ നിഥിന് വൈകാതെ തന്നെ ജോലിക്ക് പോയിത്തുടങ്ങാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക