Image

കോവളം കൊട്ടാരം പാട്ടത്തിന് നല്‍കാനുള്ള നീക്കം വിവാദമാകുന്നു

Published on 07 September, 2012
കോവളം കൊട്ടാരം പാട്ടത്തിന് നല്‍കാനുള്ള നീക്കം വിവാദമാകുന്നു
തിരുവനന്തപുരം: ഉടമസ്ഥാവകാശത്തെക്കുറിച്ച് തര്‍ക്കത്തിലിരിക്കുന്ന കോവളം 'ഹാല്‍സിയന്‍' കൊട്ടാരവും ചുറ്റിനുമുള്ള സ്ഥലവും സ്വകാര്യ ബിസിനസ് ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനുള്ള സര്‍ക്കാരിന്റ തീരുമാനം വിവാദമാകുന്നു. അജണ്ടയ്ക്ക് പുറത്തുള്ള ഇനമായി മന്ത്രിസഭ അംഗീകരിച്ച ഈ തീരുമാനം കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

പ്രവാസി വ്യവസായി രവി പിള്ളയുടെ ആര്‍.പി.ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കോവളത്തെ ഹാല്‍സിയന്‍ കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. ഹാല്‍സിയന്‍ കൊട്ടാരവും പരിസരത്തെ 10.2 ഏക്കര്‍ സ്ഥലവും നിലവില്‍ തര്‍ക്കപ്രദേശമാണ്. പുരാവസ്തുവകുപ്പിനാണ് മേല്‍നോട്ടച്ചുമതല. ആര്‍.പി.ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലീലാ ഹോട്ടലിന് സമീപമുള്ള ഹാല്‍സിയന്‍ കൊട്ടാരത്തിന്‍മേല്‍ സര്‍ക്കാരിന്റെ അവകാശം ചോദ്യം ചെയ്യുന്ന ഹര്‍ജി പിന്‍വലിക്കാമെന്നും പകരം കൊട്ടാരവും പരിസരത്തെ 10.2 ഏക്കര്‍ സ്ഥലവും പാട്ടത്തിന് നല്‍കണമെന്നും കാണിച്ച് ആര്‍.പി.ഗ്രൂപ്പ്‌സര്‍ക്കാരിന് കത്തെഴുതിയിരുന്നു.

ഈ കത്ത് ആഗസ്ത് 22 ന് ചേര്‍ന്ന മന്ത്രിസഭായോഗം അജണ്ടയ്ക്ക് പുറത്തുള്ള ഇനമായി ചര്‍ച്ചചെയ്തു. തുടര്‍ന്ന് ടൂറിസം സെക്രട്ടറി സുമന്‍ ബില്ല ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. ആര്‍.പി.ഗ്രൂപ്പ്, ഹൈക്കോടതിയിലെ കേസ് പിന്‍വലിക്കുന്ന പക്ഷം, ഹാല്‍സിയന്‍ കൊട്ടാരവും 10.2 ഏക്കര്‍ സ്ഥലവും ന്യായമായ നിരക്കില്‍ പാട്ടത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഉത്തരവിലുണ്ട്. ആര്‍.പി.ഗ്രൂപ്പുമായുള്ള തര്‍ക്കത്തിന് സര്‍വകക്ഷിയോഗത്തിലൂടെ പരിഹാരം കാണുമെന്നും ഉത്തരവ് പറയുന്നു. 

ഐ.ടി.ഡി.സി.യില്‍ നിന്ന് 2004ല്‍ ഹോട്ടല്‍ വാങ്ങിയ എം.ഫാര്‍ ഗ്രൂപ്പ്, ഹാല്‍സിയന്‍ കൊട്ടാരത്തില്‍ അവകാശമുന്നയിച്ചത് അന്നുതന്നെ വന്‍ വിവാദത്തിന് കളമൊരുക്കിയിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിച്ച മനോഹരമായ കൊട്ടാരം, ചരിത്ര സ്മാരകമായോ മ്യൂസിയമായോ സംരക്ഷിക്കണമെന്ന് ആവശ്യമുയര്‍ന്നു. തുടര്‍ന്ന് നടന്ന നീണ്ട ജനകീയ സമരങ്ങളുടെ പശ്ചാത്തലത്തില്‍ 2005ല്‍ കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിനെതിരെ എം.ഫാര്‍ ഗ്രൂപ്പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞു. അതിനെ മറികടക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. 2009ല്‍ കൊട്ടാരം പുരാവസ്തുവകുപ്പിന് കൈമാറി.

ഇതിനിടെ എം.ഫാര്‍ ഗ്രൂപ്പില്‍ നിന്ന് ലീലാ ഗ്രൂപ്പും ലീലാ ഗ്രൂപ്പില്‍ നിന്ന് ആര്‍.പി.ഗ്രൂപ്പും കോവളം ഹോട്ടല്‍ വാങ്ങി. കൊട്ടാരത്തിനുവേണ്ടിയുള്ള കേസ് ആര്‍.പി.ഗ്രൂപ്പ് തുടര്‍ന്നു. 2011ല്‍ ഹൈക്കോടതി, ആര്‍.പി.ഗ്രൂപ്പിന് അനുകൂലമായ വിധി പുറപ്പെടുവിച്ചു. സര്‍ക്കാര്‍ വീണ്ടും കേസിന് പോയി. തുടര്‍ന്ന് തല്‍ക്കാലത്തേക്ക് നിലവിലെ സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് കൊട്ടാരവും സ്ഥലവും പാട്ടത്തിന് നല്‍കിയാല്‍ കേസില്‍ നിന്ന് പിന്‍മാറാമെന്ന് കാണിച്ച് ആര്‍.പി.ഗ്രൂപ്പ് സര്‍ക്കാരിന് കത്തെഴുതിയത്. ഈ കത്താണ് മന്ത്രിസഭ അംഗീകരിച്ചിട്ടുള്ളത്.

അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാരുമായി സംയുക്തപദ്ധതി നടപ്പിലാക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഒരു കേസ് നടത്തുന്നത് ടൂറിസം സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ടൂറിസം വകുപ്പിന്റെ ഉത്തരവ് വിവാദമായിട്ടുണ്ട്. കോവളം കൊട്ടാരം ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍വകക്ഷിയോഗത്തിന്റെ കാര്യം ഉത്തരവില്‍ പറഞ്ഞിട്ടുണ്ടെന്നും യോഗത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക