Image

കേരളത്തിന്റെ സംസ്ഥാന മത്സ്യമായ കരിമീന്‍ ഉത്പാദനം പത്തുശതമാനമെന്ന്

Published on 06 September, 2012
കേരളത്തിന്റെ സംസ്ഥാന മത്സ്യമായ കരിമീന്‍ ഉത്പാദനം പത്തുശതമാനമെന്ന്
ഒറ്റപ്പാലം: കേരളത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ച കരിമീന്റെ ഉത്പാദനം പത്തുശതമാനം മാത്രമാണെന്ന് കണെ്ടത്തി. ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ള വ്യാജ കരിമീനാണ് ഇവിടത്തെ തീന്‍മേശയില്‍ വിദേശികളും സ്വദേശികളും വന്‍തോതില്‍ പണംമുടക്കി വാങ്ങുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

കേരളത്തില്‍ സമഗ്ര മത്സ്യനയം നടപ്പാക്കുന്നതിനു മുന്നോടിയായി നടത്തിയ സര്‍വേയിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യകൃഷി നടത്തി ഉത്പാദനം വര്‍ധിപ്പിച്ച് കയറ്റുമതി ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിക്ക് പുതിയ മത്സ്യനയം വഴി പദ്ധതി തയാറാക്കും. വംശനാശ ഭീഷണി നേരിടുന്ന നാടന്‍മത്സ്യങ്ങള്‍ സംരക്ഷിച്ച് ഉത്പാദനം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.

ഫിഷറീസ് വകുപ്പ് തയാറാക്കി നിയമവകുപ്പിന്റെ അന്തിമ പരിശോധനയിലുള്ള ബില്‍ ഉടനേ അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കരിമീന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ജലാശയങ്ങളില്‍ വളരുന്ന നാടന്‍മത്സ്യങ്ങളുടെ ഗുണമേന്മയുള്ള വിത്ത് ഉത്പാദിപ്പിച്ച് കൂടുതല്‍ കൃഷിയും അതുവഴി കൂടുതല്‍ തൊഴില്‍ സംരംഭങ്ങളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ചെറുകിട വ്യവസായത്തിന് സബ്‌സിഡി നല്കാനും കൃഷിക്ക് സൗകര്യം ഒരുക്കാന്‍ കര്‍ഷകരിലേക്ക് പണമെത്തിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. മത്സ്യവില്പന ഇടയ്ക്ക് വര്‍ധിക്കുന്നതിനു തടയാനും വ്യവസ്ഥയുണ്ട്. കേരളത്തിലെ വിപണിയില്‍ എത്തുന്ന മത്സ്യങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തും. കേരളത്തില്‍നിന്നും പിടിക്കുന്ന മത്സ്യത്തില്‍ കൂടുതലും കയറ്റുമതി ചെയ്യുന്ന സാഹചര്യവുമുണ്ട്.

അതേസമയം കേരളത്തില്‍ എത്തുന്നത് തമിഴ്‌നാട് കടല്‍മേഖലയില്‍നിന്നും മംഗലാപുരത്തുനിന്നും വരുന്ന മത്സ്യമാണ്. തീരത്ത് എത്താന്‍ ദിവസങ്ങള്‍ എടുക്കുമെന്നതിനാല്‍ മത്സ്യം കേടാകാതിരിക്കാന്‍ വിലയേറിയ മത്സ്യങ്ങളില്‍ കടലില്‍ വച്ചുതന്നെ രാസവസ്തു പ്രക്രിയ നടത്തി കേരളത്തിലേക്ക് എത്തിക്കുകയുമാണ്. മത്സ്യത്തിനൊപ്പം അമോണിയം ചേര്‍ത്തുള്ള ഐസ് സൂക്ഷിക്കുന്നതും പതിവാണ്. കേടായ മത്സ്യവും രാസവസ്തുക്കളുടെ ഉപയോഗവും കണെ്ടത്തുന്ന പക്ഷം ഭാവിയില്‍ പിഴ ഈടാക്കുന്ന സാഹചര്യമുണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക