Image

ടി.പി. വധം: തുടരന്വേഷണം സി.ബി.ഐ ഏറ്റെടുക്കാന്‍ സാധ്യത കുറവ്

Published on 06 September, 2012
ടി.പി. വധം: തുടരന്വേഷണം സി.ബി.ഐ ഏറ്റെടുക്കാന്‍ സാധ്യത കുറവ്
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ തുടരന്വേഷണം സി.ബി.ഐ.ഏറ്റെടുക്കാനുള്ള സാധ്യതയില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ കുറ്റപത്രം നല്‍കിക്കഴിഞ്ഞ കേസുകള്‍ സി.ബി.ഐ. ഏറ്റെടുക്കാറില്ലെന്നാണ് മുന്‍കാലസംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യം പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. അടുത്ത ദിവസം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സാങ്കേതികമായി കാര്യങ്ങള്‍ എളുപ്പമാവില്ല. 

മാറാട് കൂട്ടക്കൊലകേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയ തോമസ് പി. ജോസഫ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സി.ബി.ഐ.ക്ക് കേസ് കൈമാറാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കുറ്റപത്രം നല്‍കിക്കഴിഞ്ഞ കേസില്‍ തുടരന്വേഷണം മാത്രമായി നടത്താന്‍ തയ്യാറില്ലെന്നാണ് സി.ബി.ഐ. അറിയിച്ചത്. സര്‍ക്കാറിനും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാനല്ലാതെ മറ്റൊന്നിനും കഴിയില്ല. അതുകൊണ്ടുതന്നെ ഈ കേസ് സി.ബി.ഐ. അന്വേഷിക്കാനുള്ള സാധ്യത വിരളമാണ്.

അതേസമയം, രമയുടെ ആവശ്യത്തിന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പരസ്യമായ പിന്തുണ പ്രഖ്യാപിച്ചത് മറ്റൊരു വിവാദത്തിനുകൂടി വഴിതുറക്കുകയാണ്. സി.പി.എം. നേതൃത്വത്തിന് വി.എസ്സിന്റെ നിലപാട് പുതിയ പ്രതിസന്ധിയാകും. ടി.പി. വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന സി.പി.എമ്മിന് സി.ബി.ഐ. അന്വേഷണത്തെ എതിര്‍ക്കാനുമാവില്ല. എന്നാല്‍, രമ നല്‍കിയ കത്തില്‍ പറയുന്ന കാര്യങ്ങളിലാണ് അന്വേഷണമെങ്കില്‍ ആ നിലയില്‍ അതിനെ അംഗീകരിക്കാനുമാവില്ല.

സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാനുള്ള കാരണങ്ങള്‍ രമ തന്റെ കത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഇതെല്ലാം തന്നെ സി.പി.എം. നേതൃത്വത്തിന് ടി.പി. വധത്തില്‍ പങ്കുണ്ടെന്ന് സമര്‍ഥിക്കുന്നതാണ്. സി.പി.എമ്മിന്റെ സംഘടനാചട്ടക്കൂട് വ്യക്തമായി അറിയുന്ന ആര്‍ക്കും ഇത്തരമൊരു കൃത്യം പാര്‍ട്ടിയുടെ ഉന്നതനേതൃത്വം അറിയാതെ നടക്കില്ലെന്നാണ് രമയുടെ കത്തില്‍ പറയുന്നത്.

രണ്ടുജില്ലകളിലെ നേതാക്കന്മാരെ ഒരു പ്രശ്‌നത്തില്‍ ഇടപെടുവിക്കാന്‍ നേതൃത്വത്തിന്റെ അറിവോടെ മാത്രമേ സാധിക്കൂ. കൊലപാതകം നടത്തിയ പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെങ്കിലും അത് ക്വട്ടേഷന്‍ നല്‍കി നടത്തിയതല്ല. പാര്‍ട്ടിക്കുവേണ്ടി നടത്തിയതാണെന്ന് വ്യക്തമാണ്. ഈയൊരു കൃത്യത്തിനായിമാത്രം ഒന്നിച്ചവരാണ് ഈ സംഘം. അവരെ ഏകോപിപ്പിക്കുന്നതിലും രണ്ടുജില്ലകളിലെ നേതാക്കളെ ഇതിനായി ചുമതലപ്പെടുത്തുന്നതും ആസൂത്രിതമാണ് . കോഴിക്കോട് ജില്ലയിലെ ഒരു സംഭവത്തില്‍ കണ്ണൂരിലെ നേതാക്കന്മാരാണ് ഇടപെട്ടിരിക്കുന്നത്. ഇതിന്റെ പിന്നില്‍ നേതൃത്വത്തിന്റെ ശക്തമായി കരങ്ങളുണ്ടെന്നതിന് തെളിവാണത് കത്തില്‍ പറയുന്നു.

കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ദ്രോഹനടപടികള്‍ തന്നെ ഇതിന്റെ പിന്നില്‍ വന്‍ശക്തികളാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ തുടരന്വേഷണം നടത്തുന്നതിന് നിലവിലുള്ള അന്വേഷണ സംഘത്തിന് ഒട്ടേറെ പരിമിതികളുണ്ട്. നിലവില്‍ മികച്ച രീതിയില്‍ അന്വേഷണം പുര്‍ത്തിയാക്കിയതില്‍ തൃപ്തിയുണ്ടെന്നും രമ കത്തില്‍ വ്യക്തമാക്കുന്നു.

ടി.പി. വധക്കേസില്‍ പ്രത്യേകാന്വേഷണസംഘം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍, കൂടുതല്‍ വ്യക്തികള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോ എന്നതിനെക്കുറിച്ച് തുടരന്വേഷണം നടത്തേണ്ടതുണ്ടെന്ന് പറയന്നുണ്ട്. നിലവിലുള്ള അന്വേഷണസംഘത്തിന് തുടരന്വേഷണവുമായി മുന്നോട്ടുപോകുന്നതിനുള്ള പരിമിതിയും മറ്റൊരു അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ട്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ എത്രമാത്രം സാധിക്കുമെന്നും കണ്ടറിയണം. ചുരുക്കത്തില്‍ സി.ബി.ഐ. അന്വേണത്തിന് മന്ത്രിസഭ തീരുമാനിച്ച് വിജ്ഞാപനം ഇറക്കുന്നതോടെ കാര്യങ്ങള്‍ അവസാനിക്കാനാണ് സാധ്യത. സി.ബി.ഐ.യുടെ മറുപടി വന്ന് വീണ്ടും അന്വേഷണം ആരംഭിക്കുമ്പോഴേക്കും കാലം കുറേ കഴിയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക