Image

ജോലിതട്ടിപ്പ് തുടര്‍ക്കഥ; പരാതിയുമായി യുവാക്കള്‍ കേരളത്തിലേക്ക്

Published on 06 September, 2012
ജോലിതട്ടിപ്പ് തുടര്‍ക്കഥ; പരാതിയുമായി യുവാക്കള്‍ കേരളത്തിലേക്ക്
ബാംഗ്ലൂര്‍: സോഫ്റ്റ്‌വേര്‍ കമ്പനിയില്‍ ജോലി വാഗ്ദാനംചെയ്തുള്ള തട്ടിപ്പിനിരയായ മലയാളികള്‍ക്ക് ബാംഗ്ലൂരില്‍ പരാതിനല്‍കാന്‍ കഴിയാത്ത അവസ്ഥ. എറണാകുളത്തെ കമ്പനിയാണ് ബാംഗ്ലൂരിലെ കമ്പനിയിലേക്ക് യുവാക്കളെ തിരഞ്ഞെടുത്ത് അയച്ചത്. എന്നാല്‍ ഈ കമ്പനി പണം നല്‍കാത്തതിനാല്‍ പരീശീലനം നല്‍കാന്‍ കഴിയില്ലെന്ന് ബാംഗ്ലൂരിലെ കമ്പനി അറിയിച്ചതോടെ ബാംഗ്ലൂരിലുള്ള നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ വെട്ടിലായി. ഉദ്യോഗാര്‍ഥികള്‍ കെ.എം.സി.സി. പ്രവര്‍ത്തകരുടെ സഹായത്തോടെ ബാംഗ്ലൂരിലെ കമ്പനി അധികൃതരുമായും പോലീസുമായും ചര്‍ച്ചനടത്തി. ഇനി എറണാകുളത്ത് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗാര്‍ഥികള്‍. തങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കണ്‍സള്‍ട്ടന്‍സി പരിശീലനത്തിനുള്ള തുക നല്‍കിയാല്‍ ട്രെയിനിങ് അനുവദിക്കാറുണ്ടെന്നുമാണ് ബാംഗ്ലൂരിലെ കമ്പനി മലയാളി സംഘടനാപ്രവര്‍ത്തകരെ അറിയിച്ചത്. 500ലധികം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് എറണാകുളത്തെ കമ്പനി തട്ടിയെടുത്തതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു

എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കായി നടത്തിയ പ്രവേശനപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് യുവാക്കളെ ട്രെയിനിങ്ങിനും തുടര്‍ന്ന് ജോലിക്കുമായി തിരഞ്ഞെടുത്തത്. പ്രവേശന പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടിയവരോട് 1,000 രൂപയും അല്ലാത്തവരോട് 20,000 രൂപയുമായിരുന്നു പരിശീലനത്തിനായി ഈടാക്കിയിരുന്നത്. പ്രവേശന പരീക്ഷയ്ക്ക് പത്ത് ചോദ്യങ്ങളായിരുന്നു നല്‍കിയിരുന്നത്. ബാംഗ്ലൂരിനുപുറമേ പുണയിലും ഇത്തരം ട്രെയിനിങ്ങും പരിശീലനവും വാഗ്ദാനംചെയ്തിരുന്നു. 

ബാംഗ്ലൂരിലെയും പുണെയിലെയും രണ്ടുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാല്‍ നല്ല ശമ്പളമുള്ള ജോലിയായിരുന്നു വാഗ്ദാനം ചെയ്തത്. പരീശീലന കാലയളവില്‍ സ്‌റ്റൈപ്പന്‍ഡും വാഗ്ദാനം നല്‍കിയിരുന്നു. എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍നിന്നുള്ളവര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ജോബ് കണ്‍സല്‍ട്ടന്‍സി പണം നല്‍കിയാല്‍ പരീശീലനം തുടരാന്‍ കഴിയുമെന്നും ഇതിനുള്ള നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക