Image

സൂഖ്‌ ഹരാജില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Published on 06 September, 2012
സൂഖ്‌ ഹരാജില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
ദോഹ: നഗരത്തിന്‍െറ ഹൃദയഭാഗത്ത്‌ നജ്‌മയിലെ സൂഖ്‌ അല്‍ ഹരാജില്‍ ഇന്നലെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്ന്‌ കടകള്‍ പൂര്‍ണമായും രണ്ട്‌ കടകഹ ഭാഗികമായും കത്തിനശിച്ചു. ദുരന്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ആളപായമില്ല.

ഇന്നലെ രാവിലെ 7.45ഓടെയാണ്‌ തീപിടിത്തമുണ്ടായത്‌. അടുത്തടുത്ത്‌ പ്രവര്‍ത്തിക്കുന്ന, ഫര്‍ണീച്ചറുകളും ബെഡുകളും ഫര്‍ണിഷിംഗ്‌ ഇനങ്ങളും വില്‍ക്കുന്ന കടകളാണ്‌ അഗ്‌നിക്കിരയായത്‌. അല്‍ജിവാന, ദോഹ ഫാക്ടറി, അല്‍ ഹബീബ്‌ കര്‍ട്ടന്‍സ്‌ എന്നീ സ്ഥാപനങ്ങള്‍ പൂര്‍ണമായും റോയല്‍ ഖത്തര്‍ ഉള്‍പ്പെടെ മറ്റ്‌ രണ്ട്‌ സ്ഥാപനങ്ങള്‍ ഭാഗികമായും കത്തിനശിച്ചു. ബെഡും ബ്‌ളാങ്കറ്റുകളും ഫോം ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന ഒരു കടയിലായിരുന്നു തീപിടിത്തത്തിന്‍െറ തുടക്കം. തുടര്‍ന്ന്‌ ബെഡും ഫര്‍ണീച്ചറുകളും വില്‍ക്കുന്ന സമീപത്തെ കടകളിലേക്കും തീപടര്‍ന്നു. കടക്കുള്ളില്‍ സൂഷിച്ചിരുന്ന ബെഡും ബ്‌ളാങ്കറ്റുകളും സ്‌പോഞ്ച്‌ കെട്ടുകളും തീ വളരെ വേഗത്തില്‍ ആളിപ്പടരാന്‍ കാരണമായി.

വിവരമറിഞ്ഞ്‌ സിവില്‍ ഡിഫന്‍സ്‌, ലഖ്വിയ, ട്രാഫിക്‌ പോലിസ്‌ എന്നിവയും നിരവിധി അഗ്‌നിശമന വാഹനങ്ങളും സ്ഥലത്ത്‌ കുതിച്ചെത്തി. ഇവരുടെ സമയോചിതവും കൂട്ടായതുമായ പ്രവര്‍ത്തനം തീ സമീപത്തെ മറ്റ്‌ കടകളിലേക്ക്‌ പടരുന്നത്‌ തടയാനും ദുരന്തത്തിന്‍െറ വ്യാപ്‌തി കുറക്കാനും സഹായകമായി. രാവിലെ 9.45ഓടെ തീ ഏറെക്കുറെ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞു. ട്രാഫിക്‌ പോലിസ്‌ സംഭവ സ്ഥലത്തേക്കുള്ള റോഡുകള്‍ ഉടന്‍ അടക്കുകയും സമീപത്തുനിന്ന്‌ ആളുകളെ മാറ്റുകയും ചെയ്‌തു. ബെഡും സ്‌പോഞ്ചും ബ്‌ളാങ്കറ്റും കൂട്ടത്തോടെ കത്തിയമര്‍ന്നപ്പോള്‍ ഉയര്‍ന്നുപൊങ്ങിയ കൂറ്റന്‍ പുകപടലം ദൂരെ ദിക്കുകളില്‍ പോലും ദൃശ്യമായിരുന്നു. സമീപപ്രദേശങ്ങളിലെ ഒട്ടേറെ ആളുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാന്‍ സ്ഥലത്തെത്തിയിരുന്നു.

കടകളിലുമുണ്ടായിരുന്ന സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ്‌ ദൃക്‌സാക്ഷികള്‍ പറയുന്നത്‌. നാശനഷ്ടം കണക്കാക്കിവരുന്നതേയുള്ളൂ. ലക്ഷക്കണക്കിന്‌ റിയാലിന്‍െറ സാധനങ്ങളാണ്‌ ഈ കടകളിലുണ്ടായിരുന്നത്‌. തീപിടിത്തത്തിന്‍െറ കാരണം അറിവായിട്ടില്ല. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.
സൂഖ്‌ ഹരാജില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക