Image

ചീഫ് വിപ്പിന്റെ മകന്റെ പാറമടയിലേക്ക് വി.എസ്.

Published on 05 September, 2012
ചീഫ് വിപ്പിന്റെ മകന്റെ പാറമടയിലേക്ക് വി.എസ്.
കോട്ടയം: ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് നടത്തുന്ന ഗ്രാനൈറ്റ് കമ്പനി നടത്തുന്ന കരിങ്കല്‍ ഖനനത്തിനെതിരെ നിയമലംഘനം ആരോപിച്ച് നാട്ടുകാര്‍ സംഘടിക്കുന്നു. ഇതിന്റെ ഭാഗമായി സംഭവസ്ഥലം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സന്ദര്‍ശിക്കും. സെപ്തംബര്‍ എട്ടിന് വി.എസ്. കോട്ടയം-ഇടുക്കി അതിര്‍ത്തിയിലെ മൂന്നിലവ് പഞ്ചായത്തിലെ പാറമടയും സമീപപ്രദേശങ്ങളും സന്ദര്‍ശിക്കും.

ഷോണ്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള പി.വി. ഗ്രാനൈറ്റ്‌സ്, ഐ.ജി. ടോമിന്‍ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ളത് എന്ന് ആരോപിക്കപ്പെടുന്ന മങ്കൊമ്പ് ഗ്രാനൈറ്റ്‌സ് എന്നിവയും പരിസരങ്ങളുമാണ് വി.എസ്. സന്ദര്‍ശിക്കുക. മലയോര സംരക്ഷണസമിതിയാണ് വി.എസിനെ ഇവിടേക്ക് ക്ഷണിച്ചിട്ടുള്ളത്. രാവിലെ സ്ഥലത്തെത്തുന്ന വി.എസ്. ഉച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കും.

ഖനനം തടഞ്ഞ് മുന്‍സിഫ് കോടതി ഉത്തരവുണ്ടായിട്ടും ഖനനം തുടരുന്നതായാണ് മലയോര സംരക്ഷണസമിതിയുടെ പരാതി. ഇത് വലിയ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. മൂന്നിലവ് പഞ്ചായത്തിലെ നെല്ലപ്പാറയിലാണ് പാറമടകള്‍ സ്ഥിതിചെയ്യുന്നത്. എന്നാല്‍ വി.എസിന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നതായും ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും വി.എസ്. വസ്തുതകള്‍ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക