Image

ലൈബീരിയയില്‍ കസ്റ്റഡിയിലായ ഇന്ത്യക്കാരെ വിട്ടയച്ചു

Published on 05 September, 2012
ലൈബീരിയയില്‍ കസ്റ്റഡിയിലായ ഇന്ത്യക്കാരെ വിട്ടയച്ചു
ന്യൂഡല്‍ഹി: ലൈബീരിയയില്‍ അധികൃതര്‍ തടങ്കലിലാക്കിയ 40 മലയാളികള്‍ ഉള്‍പ്പെടെയുള്ള 70 ഇന്ത്യക്കാരില്‍ 68 പേരെ വിട്ടയച്ചു. മോചിപ്പിക്കപ്പെട്ട മലയാളികളില്‍ ചിലരുടെ വീട്ടിലേക്ക് ഇത് സംബന്ധിച്ച വിവരം ലഭിച്ചു. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് വിദേശകാര്യമന്ത്രാലയം ഇടപെട്ട് ഇന്ത്യക്കാരെ വിട്ടയക്കാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. ഇനി രണ്ട് പേരെ കൂടി വിട്ടയക്കാനുണ്ട്.

ജോലി, താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനുണ്ടെന്ന് പറഞ്ഞാണ് ലൈബീരിയയിലെ താമസക്കാരായ ഇന്ത്യക്കാരെ താമസസ്ഥലത്തുനിന്ന് തിങ്കളാഴ്ച രാത്രിയിലും തുടര്‍ന്നുള്ള ദിവസങ്ങളിലും കസ്റ്റഡിയിലെടുത്തത്. ലൈബീരിയയില്‍ വര്‍ഷങ്ങളായി കഴിയുന്നവരും ഏതാനും മാസങ്ങള്‍ മാത്രമായവരും കസ്റ്റഡിയിലുണ്ടായിരുന്നു. പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും കസ്റ്റഡിയിലുണ്ട്. ഇന്ത്യക്കാര്‍ മൂന്നുദിവസമായി സെല്ലിലാണ് കഴിഞ്ഞിരുന്നത്.

വയനാട് പുല്‍പ്പള്ളി സ്വദേശികളായ വിനു ജോസ് മാത്യു, സിനോജ് എന്നിവരും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെടുന്നു. പിടിയിലായ വിവരം പത്തനംതിട്ട എം.പി. ആന്റോ ആന്റണിയെ ധരിപ്പിക്കുകയും അദ്ദേഹം മന്ത്രിമാരായ എ.കെ.ആന്റണി, വയലാര്‍ രവി, എസ്.എം.കൃഷ്ണ എന്നിവരെ വിഷയം അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് മുഖ്യനഗരമായ മൊണ്‍റോവിയോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കുകയായിരുന്നു. ലൈബീരിയയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും എമിഗ്രേഷന്‍കാരുടെ കസ്റ്റഡിയിലുള്ളവരെ വിട്ടയയ്ക്കാന്‍ ഇടപെടുകയും വേണമെന്നഭ്യര്‍ഥിച്ച് ആന്‍േറാ ആന്‍റണി എം.പി. ബുധനാഴ്ച പ്രധാനമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക