Image

കോസ്റാറിക്കയില്‍ ശക്തമായ ഭൂചലനം; രണ്ടു മരണം

Published on 05 September, 2012
കോസ്റാറിക്കയില്‍ ശക്തമായ ഭൂചലനം; രണ്ടു മരണം
നോസാറ: മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റാറിക്കയില്‍ ഇന്നലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.6 പോയിന്റ് രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോസ്റാറിക്കയുടെ പസഫിക് സമുദ്രതീരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. നിക്കോയയില്‍ നിന്നു അധികമകലെയല്ലാതെ ഫിലാഡല്‍ഫിയ പട്ടണത്തിലാണ് മരണം റിപ്പോര്‍ട്ടു ചെയ്തത്. ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ലിബേറിയ പട്ടണത്തില്‍നിന്ന് 60 കിലോമീറ്റര്‍ മാറി ഭൂനിരപ്പില്‍നിന്ന് 41 കിലോമീറ്റര്‍ അടിയിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഹോജനാച പട്ടണത്തില്‍ വീടുകള്‍ തകര്‍ന്നുവെന്നും മണ്ണിടിഞ്ഞ് റോഡുകള്‍ മൂടിയെന്നും റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. ഭൂകമ്പബാധിത മേഖലയില്‍ ഭാഗികമായി വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധങ്ങള്‍ തകരാറിലായതായാണ് റിപ്പോര്‍ട്ട്. നിരവധി വീടുകളും റോഡുകളും തകര്‍ന്നു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പ്രസിഡന്റ് ലോറ ചിന്‍ചില പറഞ്ഞു. ഭൂകമ്പബാധിത മേഖലയിലെ ജനങ്ങള്‍ക്കു എല്ലാവിധ സാഹയവും നല്‍കുമെന്ന് ചിന്‍ചില കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക