Image

ട്വന്റി 20: ഓസീസിനെതിരെ പാക്കിസ്ഥാനു ജയം

Published on 05 September, 2012
ട്വന്റി 20: ഓസീസിനെതിരെ പാക്കിസ്ഥാനു ജയം
ഷാര്‍ജ: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനു തകര്‍പ്പന്‍ ജയം. ഓസീസിനെ ഏഴു വിക്കറ്റിനാണ് പാക്കിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ടോസ് നേടിയ പാക്കിസ്ഥാന്‍ ഓസ്ട്രേലിയയെ ബാറ്റിംഗിനു അയച്ചു. പാക്കിസ്ഥാന്റെ തീപാറുന്ന ബൌളിംഗിനു മുന്നില്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ വിയര്‍ത്തു. 19.3 ഓവറില്‍ 89 റണ്‍സിനു ഓസീസിനെ ഒതുക്കിയ പാക് ബൌളര്‍മാര്‍ അവരുടെ റോള്‍ ഭംഗിയായി പൂര്‍ത്തിയാക്കി. ഓസീസ് നിരയില്‍ ഡേവിഡ് വാര്‍ണര്‍(22), ജോര്‍ജ് ബെയ്ലി(14), കാമറൂണ്‍ വൈറ്റ്(15) എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കാണാനായത്. 2.3 ഓവറില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ സൊഹൈല്‍ തന്‍വീര്‍, രണ്ടു വിക്കറ്റു വീതം വീഴ്ത്തിയ മുഹമ്മദ് ഹഫീസ്, സയിദ് അജ്മല്‍, റാസ ഹസന്‍ എന്നിവരാണ് ഓസീസ് ബാറ്റിംഗ് നിരയെ കെട്ടുകെട്ടിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 14.5 ഓവറില്‍ വിജയലക്ഷ്യമായ 90 റണ്‍സ് മറികടന്നു. പാക്കിസ്ഥാനു വേണ്ടി ഓപ്പണ്‍മാരായ മുഹമ്മദ് ഹഫീസും ഇമ്രാന്‍ നസീറും ആദ്യ വിക്കറ്റില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 17 റണ്‍സുമായി ഹഫീസിന്റെ വിക്കറ്റാണ് പാക്കിസ്ഥാനു തുടക്കത്തില്‍ നഷ്ടമായത്. എന്നാല്‍ ഓസീസ് ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം കമ്രാന്‍ അക്മലിന്റെ വെടിക്കെട്ട് ബാറ്റിംഗിനു മുന്നില്‍ നിഷ്പ്രയാസം കീഴടങ്ങി. അക്മല്‍ പുറത്താകാതെ 31 റണ്‍സ് നേടി. ഇമ്രാന്‍ നസീര്‍ 22 റണ്‍സെടുത്തു. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന്‍ 1-0ന് മുന്നിലെത്തി. ബാറ്റിംഗിലും ബൌളിംഗിലും തിളങ്ങിയ ഹഫീസാണ് കളിയിലെ കേമന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക