Image

ശിവകാശിയില്‍ പടക്കശാലയ്ക്ക് തീപിടിച്ചു; 46 മരണം

Published on 05 September, 2012
ശിവകാശിയില്‍ പടക്കശാലയ്ക്ക് തീപിടിച്ചു; 46 മരണം

ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് 46 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പൊള്ളലേറ്റിറ്റുണ്ട്. ഇതില്‍ അന്‍പതോളം പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടസമയത്ത് 300-ഓളം പേര്‍ ഫാക്ടറിയില്‍ ജോലിക്കെത്തിയിരുന്നു. ഓംശക്തി പടക്കശാലയ്ക്കാണ് തീപിടിച്ചത്. തുടര്‍ന്ന് തീ ഗോഡൗണിലേക്ക് പടരുകയായിരുന്നു. തൊട്ടടുത്തുള്ള കടകളിലേക്കും തീപടര്‍ന്നതോടെയാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. പടക്കശാലയുടെ 40 മുറികള്‍ കത്തിനശിച്ചിട്ടുണ്ട്. ശക്തമായ പുകയുയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

 ശിവകാശിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ മുതലിപ്പെട്ടി ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. നിരവധിപേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ട്.പരിക്കേറ്റവരെ ശിവകാശിയിലെയും മധുരയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് അപകടമുണ്ടായത്. പരിധിയിലധികം വെടിമരുന്ന് പടക്കനിര്‍മ്മാണശാലയിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇന്ത്യയിലെത്തന്നെ പടക്കനിര്‍മ്മാണത്തിന്റെ പ്രധാന കേന്ദ്രമാണ് ശിവകാശി.

 ദീപാവലിയോടനുബന്ധിച്ച് വന്‍തോതില്‍ പടക്കം നിര്‍മ്മിക്കുന്നതിനിടെയാണ് അപകടം. സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക