Image

സ്ഥാനക്കയറ്റ സംവരണബില്‍ അവതരിപ്പിച്ചു

Published on 05 September, 2012
സ്ഥാനക്കയറ്റ സംവരണബില്‍ അവതരിപ്പിച്ചു
ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനും ബഹളത്തിനുമിടെ കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലെ സ്ഥാനക്കയറ്റത്തില്‍ പട്ടികജാതി-വര്‍ഗവിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാദേഭഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിക്കുന്ന സമയത്ത് ബി.എസ്.പി-എസ്.പി. അംഗങ്ങളുടെ രൂക്ഷമായ വാഗ്വാദത്തിനും കയ്യാങ്കളിയ്ക്കും രാജ്യസഭ സാക്ഷിയായി. ബഹളം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. കല്‍ക്കരി വിവാദത്തില്‍ നേരത്തെ സഭ പന്ത്രണ്ട് മണി വരെ നിര്‍ത്തിവെച്ചിരുന്നു.

കല്‍ക്കരി വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന പ്രതിപക്ഷത്തിന് ഈ ബില്ലിന്റെ കാര്യത്തില്‍ യോജിപ്പിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം മുലായംസിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തി. ഇടതുപക്ഷവും തെലുങ്കുദേശവും സംവരണത്തിന് അനുകൂലമാണ്.

പട്ടികജാതി-വര്‍ഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്തിയ യു.പി. സര്‍ക്കാറിന്റെ നടപടി സുപ്രീംകോടതി ദുര്‍ബലപ്പെടുത്തിയിരുന്നു. അത് മറികടക്കാനാണ് ഭരണഘടനാഭേദഗതി കൊണ്ടുവരുന്നത്. ഭരണഘടനയില്‍ പട്ടികജാതി സംവരണവുമായി ബന്ധപ്പെട്ട് പറയുന്ന നാലു വകുപ്പുകള്‍ ഭേദഗതി ചെയ്യും.

എന്നാല്‍ പട്ടികജാതിക്കാരോടൊപ്പം പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കൂടി സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍ മറ്റു പാര്‍ട്ടികള്‍ക്കൊന്നും അതിനോട് യോജിപ്പില്ല. മറ്റു വിഭാഗങ്ങളുടെ സംവരണം പട്ടികജാതിക്കാരുടെ സംവരണവുമായി കൂട്ടിക്കുഴയ്ക്കരുതെന്നാണ് ബി.എസ്.പി.യുടെ നിലപാട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക