Image

താരങ്ങള്‍ക്കു കത്തു നല്‍കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനം

Published on 04 September, 2012
താരങ്ങള്‍ക്കു കത്തു നല്‍കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനം
കൊച്ചി: മാനേജര്‍മാരെ അംഗീകരിക്കില്ലെന്നു കാണിച്ചു താരങ്ങള്‍ക്കു കത്തു നല്‍കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. നടി പത്മപ്രിയയുടെ മാനേജര്‍ക്കെതിരേ സംവിധായകനും നിര്‍മാതാവുമായ എം.എ. നിഷാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു തീരുമാനം. മാനേജര്‍മാരെ നിയമിച്ചിട്ടുള്ള താരങ്ങളുമായി ബന്ധം വേണെ്ടന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നെങ്കിലും മറ്റു സംഘടനകളുമായുള്ള ബന്ധത്തിനു വിള്ളലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരുമാനമെടുക്കുന്നതു മാറ്റി. ഇതേത്തുടര്‍ന്നാണു മാനേജര്‍മാരെ നിയമിച്ചിട്ടുള്ള താരങ്ങള്‍ക്കു കത്തു നല്‍കാന്‍ ധാരണയായത്. 

സാങ്കേതിക വിദഗ്ധരുടെ ശമ്പളവര്‍ധന യോഗം അംഗീകരിച്ചു. നിര്‍മാതാക്കള്‍ക്കു പെന്‍ഷന്‍ പദ്ധതി കരടു രൂപരേഖ തയാറാക്കാനും യോഗത്തില്‍ തീരുമാനമായി. നിര്‍മാതാക്കള്‍ക്കു ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സാറ്റലൈറ്റ് റൈറ്റുമായി ബന്ധപ്പെട്ട് ചാനല്‍ പ്രതിനിധികളുമായി നടക്കുന്ന ചര്‍ച്ചയില്‍, ചെറുതും വലുതുമായ എല്ലാ സിനിമകളുടെയും റൈറ്റ്‌സ് വാങ്ങാന്‍ തയാറാകണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

പ്രസിഡന്റ് മിലന്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശി അയ്യഞ്ചിറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിയാദ് കോക്കര്‍, സാഗാ അപ്പച്ചന്‍, എം.എ. നിഷാദ്, എവര്‍ഷൈന്‍ മണി തുടങ്ങിയവര്‍ സംസാരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക