Image

ബാങ്കുടമയെ ഇടിച്ചുവീഴ്ത്തി കവര്‍ച്ച; കാക്ക രഞ്ജിത്ത് പിടിയില്‍

Published on 04 September, 2012
ബാങ്കുടമയെ ഇടിച്ചുവീഴ്ത്തി കവര്‍ച്ച; കാക്ക രഞ്ജിത്ത് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ സ്വകാര്യബാങ്കുടമയെ ഇടിച്ചുവീഴ്ത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് കോഴിക്കോട് പൊക്കുന്ന് സ്വദേശി കാക്ക രഞ്ജിത്ത് എന്ന മങ്ങലോളി രഞ്ജിത്ത് പിടിയിലായി.

ബാംഗ്ലൂരിലെ വീട്ടില്‍ നിന്ന് അതിസാഹസികമായാണ് മെഡിക്കല്‍ കോളേജ് സി.ഐ. പ്രേംദാസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് രഞ്ജിത്ത്. കൂട്ടാളിയായ ആലപ്പുഴ സ്വദേശി രഞ്ജുലാലിന്റെ സഹായത്തോടെയാണ് കാക്ക രഞ്ജിത്തിന്റെ ബാംഗഌര്‍ സിറ്റിയിലുള്ള വീട് കണ്ടുപിടിച്ചത്.

കഴിഞ്ഞ ജൂലായ് 31നാണ് മേത്തോട്ട്താഴത്ത് വെച്ച് കൈതപ്പാടം സ്വദേശിയായ ചന്ദ്രമോഹന്റെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി 12 പവനും അരലക്ഷം രൂപയും കവര്‍ന്നത്. ഈ കേസില്‍ രഞ്ജിത്തിനും രഞ്ജുലാലിനുമൊപ്പം ആലപ്പുഴ സ്വദേശിയായ അനീഷ് (21)നെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രഞ്ജിത്തിന്റെ കൂട്ടാളിയായ ദീപേഷാണ് ചന്ദ്രമോഹനന്‍ പണവും സ്വര്‍ണവുമായി പതിവായി വീട്ടിലേക്ക് മടങ്ങുന്ന വിവരം അറിയിച്ചത്. ഇതനുസരിച്ച് കവര്‍ച്ചയ്ക്കായി ഇയാള്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു. നഗരത്തിലെ ചില ഓട്ടോ െ്രെഡവര്‍മാരുടെ സഹായത്തോടെയാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബാങ്കുകളിലേക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്കും പണം കൊണ്ടുപോവുന്നവരില്‍ നിന്ന് പണം കവര്‍ച്ച ചെയ്യുകയാണ് ഇയാളുടെ പതിവ്‌രീതി. കുന്ദമംഗലത്ത് നിന്ന് എറണാകുളത്തേക്ക് സ്വര്‍ണാഭരണം കൊണ്ടു പോവുന്ന ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ രഞ്ജിത്ത് പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക