Image

ചികിത്സയിലെ പിഴവ്: യുവാവിന് കേള്‍വി നഷ്ടപ്പെട്ടതായി പരാതി

Published on 04 September, 2012
ചികിത്സയിലെ പിഴവ്: യുവാവിന് കേള്‍വി നഷ്ടപ്പെട്ടതായി പരാതി
കോഴിക്കോട്: ചികിത്സയിലെ പിഴവു മൂലം യുവാവിന് കേള്‍വിശക്തി നഷ്ടപ്പെട്ടതായി പരാതി. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ തില്ലശ്ശേരി സ്വദേശി പുതിയപുരയില്‍ റഈസിന് (19) ശസ്ത്രക്രിയക്ക് മുന്നോടിയായ ചെവി ക്‌ളീന്‍ ചെയ്യുമ്പോള്‍ കേള്‍വി ശക്തിനഷ്ടപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

വൃക്കരോഗിയായ റഈസ് കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഡയാലിസിസ് നടത്തിവരുകയായിരുന്നു. ഉമ്മ വൃക്ക നല്‍കാന്‍ സന്നദ്ധമായതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇതിന് രണ്ടുമാസം മുമ്പ് ശസ്ത്രക്രിയക്ക് തീയതി നല്‍കിയിരുന്നുവെന്നും അതിന് മുന്നോടിയായി ചെവി ക്‌ളീന്‍ചെയ്തപ്പോള്‍ ഇരു ചെവികളുടെയും കേള്‍വി നഷ്ടപ്പെടുകയായിരുന്നുവെന്നും ഉമ്മ സാറു പറയുന്നു. ഡോക്ടറോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞാല്‍ ശരിയാകുമെന്നായിരുന്നുവത്രെ മറുപടി. ശസ്ത്രക്രിയ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേള്‍വി തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ 22ന് ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന്, സുഹൃത്തുക്കള്‍ ചേര്‍ന്ന് ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.

എന്നാല്‍, തകരാറ് പരിഹരിക്കാതെ ബാക്കിയുള്ള 92,000 രൂപയുടെ ബില്ല് അടക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവത്രെ അധികൃതര്‍. ഇതോടെ, ബന്ധുക്കളും സുഹൃത്തുക്കളും ചൊവ്വാഴ്ച വൈകീട്ട് ആശുപത്രിയില്‍ ബഹളംവെച്ചു. നിര്‍ധന കുടുംബ്ധില്‍പ്പെട്ട റഈസിന്റെ ചികിത്സക്കായി സുഹൃത്തുക്കള്‍ സമാഹരിച്ച 1.72 ലക്ഷം രൂപ ഇതിനകം ആശുപത്രിയില്‍ അടച്ചിട്ടുണ്ടെന്നും അവശേഷിക്കുന്ന തുക അടക്കണമെങ്കില്‍ കേള്‍വി വൈകല്യം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
നടക്കാവ് സി.ഐയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നം മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിനുവിടാനും അത് വരുന്നതുവരെ പണം ആശുപത്രി പി.ആര്‍.ഒയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാനും ധാരണയായി.
റഈസിന് നേരത്തേതന്നെ കേള്‍വിക്കുറവുണ്ടായിരുന്നുവെന്നും പരിശോധനയില്‍ ഇത് വ്യക്തമായപ്പോള്‍തന്നെ ശ്രവണസഹായി വെക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. അന്നത് അംഗീകരിച്ച ബന്ധുക്കള്‍ ഇപ്പോള്‍ പരാതിയുമായി രംഗത്തുവരുകയായിരുന്നു. കലക്ടര്‍ക്ക് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഡി.എം.ഒ അന്വേഷണം നടത്തി, വിദഗ്ധ അഭിപ്രായത്തിന് നിര്‍ദേശിച്ചു. ഇതിനിടെ, അവശേഷിച്ച പണമടക്കാതെ ചൊവ്വാഴ്ച രോഗിയെ ബലംപ്രയോഗിച്ച് കൊണ്ടുപോകാനാണ് സുഹൃത്തുക്കള്‍ ശ്രമിച്ചതെന്നും പി.ആര്‍.ഒ സലില്‍ ശങ്കര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക