Image

വി.എസിന്റേത് രാഷ്ട്രീയ വിമര്‍ശം കുഞ്ഞാലിക്കുട്ടി

Published on 04 September, 2012
വി.എസിന്റേത് രാഷ്ട്രീയ വിമര്‍ശം കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: എമര്‍ജിങ് കേരളയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ വിമര്‍ശം രാഷ്ട്രീയമാണ്. കുറെക്കൂടി പോസീറ്റീവ് ആയ നിലപാട് വേണമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പ്രതിപക്ഷവുമായി ഇനിയും ചര്‍ച്ച നടത്തും. അവര്‍ രാഷ്ട്രീയ തീരുമാനം എടുത്തുകഴിഞ്ഞതിനാല്‍ അനൗപചാരിക ചര്‍ച്ചയാകും നടത്തുക. അതില്‍ സാധ്യത തെളിഞ്ഞാല്‍ സര്‍വകക്ഷിയോഗവുമാകാം.

എമര്‍ജിങ് കേരള ഭൂമി വില്‍പനയാണെന്ന വിമര്‍ശം സങ്കടകരമാണ്. ഭാവി തലമുറക്ക് ആശ്രയമാകേണ്ട വലിയ ശ്രമത്തെ പരാജയപ്പെടുത്തരുത്. പ്രകൃതി സമ്പത്തും പാടങ്ങളും തണ്ണീര്‍തടങ്ങളും പൂര്‍ണമായി സംരക്ഷിക്കും. എമര്‍ജിങ് കേരളയില്‍ കൊണ്ടുവന്നത് ആശയങ്ങള്‍ മാത്രമാണ്. സര്‍ക്കാറിന് പിടിവാശിയില്ല. യോജിപ്പുണ്ടാക്കി മുന്നോട്ടു പോകും. ഭൂമിയുള്ളവര്‍ക്ക് പദ്ധതിയില്‍ മുന്നോട്ടുവരാം. എന്നാല്‍ പരിസ്ഥിതി പ്രശ്‌നമുണ്ടോ എന്നും തണ്ണീര്‍തടമോ പാടമോ ഉണ്ടോ എന്നും സര്‍ക്കാര്‍ പരിശോധിക്കും.
കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തതില്‍നിന്ന് വ്യത്യസ്തമായി കുറച്ച് നടപടികളേ യു.ഡി.എഫ് ചെയ്തിട്ടുള്ളൂ. എമര്‍ജിങ് കേരളയില്‍ വന്ന പല പദ്ധതികളുടെയും അടിയില്‍ ഒപ്പിട്ടത് ഇടത് സര്‍ക്കാറാണ്. അത് തെറ്റെന്ന് പറയുകയോ തള്ളിപ്പറയുകയോ ചെയ്യാതെ തുടര്‍നടപടി എടുക്കുന്നു. ഇന്‍കലിന്റെ പദ്ധതികളും നിംസ് പദ്ധതികളും ഇപ്രകാരമുള്ളതാണ്. ഭരണകക്ഷി എം.എല്‍.എമാര്‍ എമര്‍ജിങ് കേരളയെ വിമര്‍ശിച്ചിട്ടില്ലെന്നും പരിസ്ഥിതിക്ക് കോട്ടം പാടില്ലെന്ന ക്രിയാത്മക വിമര്‍ശമാണ് ടി.എന്‍. പ്രതാപനെ പോലെയുള്ളവര്‍ നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗില്‍ ഈ വിഷയത്തില്‍ പൊതുധാരണ ഉണ്ട്. പ്രകൃതിയെ ഉപയോഗപ്പെടുത്താനേ പാടില്ലെന്നത് മര്‍ക്കട മുഷ്ടിയാണ്. പരിസ്ഥിതി അനുമതിയോടെ മാത്രമേ ഏത് പദ്ധതിയും നടപ്പാക്കൂ.

ഇന്‍കലിന് അവര്‍ അവതരിപ്പിച്ച പദ്ധതികളുടെ ഉത്തരവാദിത്തമേയുള്ളൂ. എമര്‍ജിങ് കേരളയില്‍ ഇന്‍കലിന് മറ്റ് റോളില്ല. പൂര്‍ണ ചുമതല കെ.എസ്.ഐ.ഡി.സിക്കാണ്. പാണക്കാട് ഇന്‍കല്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പദ്ധതി മുന്‍ സര്‍ക്കാറിന്റെ കാലത്ത് തീരുമാനിച്ചതാണ്. അലിഗഢ് സര്‍വകലാശാലയുടെ കാമ്പസ് അവിടെ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്നതാണ്. ഇടത് സര്‍ക്കാര്‍ അത് ചെയ്തില്ല കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക