Image

കരിപ്പൂര്‍ റണ്‍വേ അഴിമതി: രണ്ടു മാനേജര്‍മാര്‍ അറസ്റ്റില്‍

Published on 04 September, 2012
കരിപ്പൂര്‍ റണ്‍വേ അഴിമതി: രണ്ടു മാനേജര്‍മാര്‍ അറസ്റ്റില്‍
കൊച്ചി: കേന്ദ്രസര്‍ക്കാറിന് രണ്ട് കോടിയോളം നഷ്ടം വരുത്തിയ കരിപ്പൂര്‍ റണ്‍വേ നിര്‍മാണ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കരിപ്പൂര്‍ ശാഖയിലെ സീനിയര്‍ മാനേജര്‍ പ്രകാശ് കഞ്ജങര്‍, എല്‍. ശ്രീധര്‍ (മാനേജര്‍ സിവില്‍ എന്‍ജിനീയറിങ്) എന്നിവരെയാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ ജെ.ആര്‍. ഡിക്രൂസിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ചോദ്യം ചെയ്യലിനായി ജഡ്ജി എസ്. വിജയകുമാര്‍ നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കി.

കരിപ്പൂരിലെ റണ്‍വേയുടെയും അനുബന്ധ ജോലികളുടെയും കരാര്‍ ഏറ്റെടുത്ത ദല്‍ഹിയിലെ ബി.ആര്‍ അറോറ ആന്‍ഡ് അസോസിയേറ്റ്‌സിന് വഴിവിട്ട സഹായം ചെയ്‌തെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കൊച്ചിയിലെയും മണാലിയിലെയും ശാഖകളില്‍നിന്ന് ബിറ്റുമിന്‍ ഇറക്കുമതി ചെയ്‌തെന്ന വ്യാജ ഇന്‍വോയ്‌സിന്മേല്‍ തുക അനുവദിച്ചാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് കൂട്ടുനില്‍ക്കുക വഴി പ്രതികള്‍ വന്‍സാമ്പത്തിക നേട്ടമുണ്ടാക്കിയതായും സി.ബി.ഐ കണ്ടെത്തി. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ 2007 '09 കാലയളവില്‍ ബി.ആര്‍ അറോറ ആന്‍ഡ് അസോസിയേറ്റ്‌സിന് എയര്‍പോര്‍ട്ട് അധികൃതര്‍ അന്യായമായി 53,06,578 രൂപ നല്‍കിയതായാണ് കണ്ടെത്തിയത്്. എന്നാല്‍, കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കൊച്ചിയിലെയും മണാലിയിലെയും ഏജന്‍സികളില്‍ നിന്ന് 504 ടണ്‍ ബിറ്റുമിന്‍ വാങ്ങിയതായി ചൂണ്ടിക്കാട്ടിയാണ് അറോറ അസോസിയേറ്റ്‌സ് ഇന്‍വോയ്‌സുകള്‍ നല്‍കിയത്. ഐ.ഒ.സിയുടെ കൊച്ചി ശാഖയുടെ പേരില്‍ തയാറാക്കിയ 11 ബില്ലുകളും മണാലിയിലെ 25 ബില്ലുകളും വ്യാജമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അധികൃതര്‍ പാസാക്കിയെന്നാണ് സി.ബി.ഐകണ്ടെത്തല്‍. ബിറ്റുമിന്‍ ഇറക്കുമതി ചെയ്‌തെന്ന് വരുത്തി തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ വ്യാജ സ്‌റ്റോക് ലിസ്റ്റും തയാറാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക