Image

ഫെബ്രുവരി 20,21 തിയ്യതികളില്‍ പൊതുപണിമുടക്ക്

Published on 04 September, 2012
ഫെബ്രുവരി 20,21 തിയ്യതികളില്‍ പൊതുപണിമുടക്ക്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തെ പൊതു പണിമുടക്ക് നടത്താന്‍ ദേശീയ ട്രേഡ് യൂണിയനുകളുടെയും കേന്ദ്ര ഫെഡറേഷനുകളുടെയും ദേശീയ കണ്‍വന്‍ഷന്‍ തീരുമാനമെടുത്തു. 2013 ഫെബ്രുവരി 20, 21 തീയതികളില്‍ പൊതു പണിമുടക്ക് നടത്താന്‍ എല്ലാ തൊഴിലാളികളോടും ജീവനക്കാരോടും കണ്‍വന്‍ഷനില്‍ അവതരിപ്പിച്ച പ്രഖ്യാപനം ആഹ്വാനം ചെയ്തു. ഐ എന്‍ ടി യു സി അടക്കമുള്ള സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.

 കഴിഞ്ഞ നാല് വര്‍ഷമായി എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി ആവശ്യപ്പെട്ടിട്ടും തൊഴിലാളികളുടെ സുപ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നു മാത്രമല്ല, തൊഴിലാളിവിരുദ്ധ നടപടികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണെന്ന് പ്രഖ്യാപനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്താത്ത സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭമല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കണ്‍വന്‍ഷന്‍ വിലയിരുത്തി. വിലക്കയറ്റം, സാമ്പത്തികമാന്ദ്യം മൂലമുള്ള തൊഴില്‍നഷ്ടം, തൊഴില്‍നിയമ ലംഘനങ്ങള്‍, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കല്‍ എന്നിവക്കെതിരായാണ് പൊതു പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭം. സെപ്തംബര്‍, ഒക്ടോബര്‍, നവമ്പര്‍ മാസങ്ങളില്‍ സംസ്ഥാനം, ജില്ല, തൊഴില്‍ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വന്‍ഷനുകള്‍ നടത്തും. ഡിസംബര്‍ 18, 19 തീയതികളില്‍ രാജ്യവ്യാപകമായി സത്യഗ്രഹം, അറസ്റ്റുവരിക്കല്‍, ജയില്‍നിറയ്ക്കല്‍ എന്നിവ നടത്തും. ഡല്‍ഹിയിലെയും സമീപ സംസ്ഥാനങ്ങളിലെയും തൊഴിലാളികളെയാകെ അണിനിരത്തി ഡിസംബര്‍ 20ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ഈ പ്രക്ഷോഭ പരിപാടികള്‍ക്കൊടുവില്‍ 2013 ഫെബ്രുവരി 20, 21ന്റെ പൊതു പണിമുടക്ക്. താല്‍ക്കത്തോറ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും സ്വതന്ത്ര ഫെഡറേഷനുകളിലെ പ്രവര്‍ത്തകരും പങ്കെടുത്തു




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക