Image

കടലിലെ വെടിവയ്‌പ്: ബോട്ട്‌ രജിസ്‌ട്രേഷന്‍ പ്രസക്‌തമല്ലെന്ന്‌ സുപ്രീം കോടതി

Published on 04 September, 2012
കടലിലെ വെടിവയ്‌പ്: ബോട്ട്‌ രജിസ്‌ട്രേഷന്‍ പ്രസക്‌തമല്ലെന്ന്‌ സുപ്രീം കോടതി
ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റു രണ്ട്‌ ഇന്ത്യന്‍ മത്സ്യബന്ധനതൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നു. മത്സ്യബന്ധന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ട്‌ നിയമപരമായി രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്ന ഇറ്റലിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന്‌ സുപ്രീംകോടതി വ്യക്‌തമാക്കി. മര്‍ച്ചന്റ്‌ ഷിപ്പിംഗ്‌ നിയമപ്രകാരം മത്സ്യബന്ധനബോട്ട്‌ നിയമപരമായി രജിസ്‌ട്രര്‍ ചെയ്യണമായിരുന്നുവെന്നായിരുന്നു ഇറ്റലിയുടെ വാദം. മത്സ്യബന്ധനബോട്ടായതിനാല്‍ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നോ എന്നത്‌ ഈ കേസില്‍ പ്രസക്‌തമല്ലെന്ന്‌ കോടതി പറഞ്ഞു. മത്സ്യബന്ധനബോട്ടുകള്‍ക്ക്‌ മര്‍ച്ചന്റ്‌ ഷിപ്പിംഗ്‌ നിയമപ്രകാരം രജിസ്‌ട്രേഷന്‍ വേണ്ടെന്നായിരുന്നു കേരളത്തിന്റെ വാദം. ഇത്‌ കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ കേരളത്തിന്റെ വാദം പൂര്‍ത്തിയായി.

ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന്‌ അധികാരമില്ലെന്നായിരുന്നു ഇറ്റലിയുടെ മറ്റൊരു വാദം. കേന്ദ്രസര്‍ക്കാരിനാണ്‌ അധികാരമെന്നും ഇറ്റലി വാദിച്ചിരുന്നു. എന്നാല്‍ നീണ്ടകരയില്‍ നടന്ന സംഭവമായതിനാലും നീണ്ടകര പോലീസ്‌ സ്‌റ്റേഷനിലാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നതിനാലും കേരളത്തിന്റെ അധികാരപരിധിയില്‍ വരുമെന്ന്‌ കേരളത്തിന്റെ്‌ അഭിഭാഷകന്‍ വാദിച്ചു. ആരും കേസെടുക്കുമെന്നതല്ല, രണ്ടു തൊഴിലാളികള്‍ കൊല്ലപ്പെട്ടതാണ്‌ പ്രധാനമെന്ന്‌ ഈ അവസരത്തില്‍ കോടതി വിലയിരുത്തി. കേരളത്തിന്റെ വാദത്തില്‍ ഇറ്റലിയുടെ മറുപടി വാദം പിന്നീട്‌ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക