Image

സിറിയന്‍ ദൗത്യം ദുഷ്‌കരമെന്ന് ബ്രാഹിമി

Published on 03 September, 2012
സിറിയന്‍ ദൗത്യം ദുഷ്‌കരമെന്ന് ബ്രാഹിമി
ദമാസ്‌കസ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള പുതിയ യു.എന്‍. ദൗത്യം വിജയംകാണുന്ന കാര്യം സംശയമാണെന്ന് പുതുതായി ചുമതലയേറ്റ സമാധാനദൂതന്‍ ലഖ്ദാര്‍ ബ്രാഹിമി പറഞ്ഞു. അതിനിടെ, അലെപ്പോയില്‍ സര്‍ക്കാര്‍സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ദമാസ്‌കസിലെ ജരമാന ജില്ലയിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു.

അറബ്‌ലീഗിന്റെയും ഐക്യരാഷ്ട്രസഭയുടെയും പ്രത്യേകദൂതനായി നിയോഗിക്കപ്പെട്ട കോഫി അന്നന്‍ വിരമിച്ച ഒഴിവിലേക്കാണ് ബ്രാഹിമി നിയോഗിക്കപ്പെട്ടത്. ഇദ്ദേഹം ഉടന്‍ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. ദൗത്യസംഘം വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാത്തത് ബുദ്ധിമുട്ടായെന്നും അള്‍ജീരിയന്‍ നയതന്ത്രജ്ഞനായ ബ്രാഹിമി പറഞ്ഞു. സിറിയന്‍ സമാധാനത്തിനായി കോഫി അന്നന്‍ മുന്നോട്ടുവെച്ച ആറിന കര്‍മപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് ബ്രാഹിമി പറഞ്ഞു. സിറിയയില്‍ അധികാരക്കൈമാറ്റം അടിയന്തരമായി നടപ്പാക്കേണ്ടതാണ്. എന്നാല്‍, അസദിനെ താഴയിറക്കുന്നതിനെക്കുറിച്ച് അദ്ദേഹം കൂടുതലൊന്നും പ്രതികരിച്ചില്ല.

സിറിയ സന്ദര്‍ശിക്കുന്ന അന്താരാഷ്ട്ര റെഡ്‌ക്രോസ് സമിതി തലവന്‍ പീറ്റര്‍ മൗറര്‍ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദുമായി ചര്‍ച്ചനടത്തും. ആക്രമണത്തിനിടെ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് അടിയന്തര സൗകര്യങ്ങളെത്തിക്കുന്ന കാര്യം ചര്‍ച്ചാവിഷയമാകും. സ്വിറ്റ്‌സര്‍ലന്‍ഡ് നയതന്ത്രജ്ഞനായ പീറ്റര്‍ തിങ്കളാഴ്ചയാണ് സിറിയയിലെത്തിയത്.

അലെപ്പോയിലെ അല്‍ ബാബിലെ കെട്ടിടത്തിനുനേരേയുണ്ടായ ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളുമടക്കം 25 പേര്‍ കൊല്ലപ്പെട്ടത്. ഭൂരിഭാഗവും വിമതരുടെ നിയന്ത്രണത്തിലുള്ള അലെപ്പോ തിരിച്ചുപിടിക്കാന്‍ അസദിന്റെ സൈന്യം കടുത്ത ആക്രമണം നടത്തിവരികയാണ്. കനത്തതോതില്‍ കര-വ്യോമ ആക്രമണവുമായി മുന്നോട്ടുപോകുന്ന ഭരണകൂടത്തിന്റെ നീക്കത്തിനുമുന്നില്‍ വിമതര്‍ക്ക് കാലിടറുന്നതായി ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. ദമാസ്‌കസില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട രണ്ട് വിമതരുടെ ശവസംസ്‌കാരച്ചടങ്ങിനിടെയാണ് കാര്‍ബോംബ് സ്‌ഫോടനമുണ്ടായത്.

അതിനിടെ, ആഭ്യന്തരയുദ്ധത്തില്‍ പ്രസിഡന്‍റ് അസദിന്റെ സര്‍ക്കാര്‍ രാസ-ജൈവ ആയുധങ്ങള്‍ വിന്യസിച്ചത് സംബന്ധിച്ച് കടുത്തപ്രതികരണം പാശ്ചാത്യ ശക്തികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഫ്രാന്‍സ് മുന്നറിയിപ്പുനല്‍കി. അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇക്കാര്യം ആലോചിച്ചുവരികയാണെന്നും വിദേശകാര്യമന്ത്രി ലോറന്‍റ് ഫേബിയസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക