Image

എന്‍.എസ്.എസ്.-എസ്.എന്‍.ഡി.പി. ഐക്യം യാഥാര്‍ഥ്യമാകുന്നു

Published on 03 September, 2012
എന്‍.എസ്.എസ്.-എസ്.എന്‍.ഡി.പി. ഐക്യം യാഥാര്‍ഥ്യമാകുന്നു
ആലപ്പുഴ/കോട്ടയം: എന്‍.എസ്.എസ്.-എസ്.എന്‍.ഡി.പി. ഐക്യം യാഥാര്‍ഥ്യമാകുന്നു. ഐക്യത്തിന് വ്യക്തമായ രൂപം നല്‍കിക്കൊണ്ടുള്ള നയരേഖയ്ക്ക് തിങ്കളാഴ്ച അംഗീകാരമായി. നയരേഖയില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒപ്പുവച്ചതോടെയാണ് ഐക്യശ്രമങ്ങള്‍ യാഥാര്‍ഥ്യമായത്. പിന്നീട്, പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് യോഗവും ജനറല്‍ കൗണ്‍സിലും നയരേഖയ്ക്ക് അംഗീകാരം നല്കി. ഭൂരിപക്ഷ സമുദായങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്‌ക്കെതിരായാണ് ഈ നീക്കമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഇരു സമുദായനേതാക്കളും വേദി പങ്കിടുന്നത് ഉള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വെള്ളാപ്പള്ളി നടേശനും അറിയിച്ചു.

ഐക്യത്തിന് തടസ്സമാകുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് തയാറാക്കിയ നാലിന ഐക്യരേഖയ്ക്കാണ് കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വസതിയില്‍ രാവിലെ ഒന്നിച്ച് ഒപ്പുവച്ച് പരസ്പരം കൈമാറി അംഗീകാരം നല്കിയത്.

മേല്‍ത്തട്ട് പരിധി ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് എന്‍.എസ്.എസ്സും അനുകൂലിച്ച് എസ്.എന്‍.ഡി.പി. യും നല്കിയ കേസ്സുകള്‍ പിന്‍വലിച്ച് ഐക്യത്തിന്റെ വാതില്‍തുറന്നാണ് ഇരുനേതാക്കളും നേരിട്ട് ചര്‍ച്ചയ്‌ക്കെത്തിയത്.

കണിച്ചുകുളങ്ങരയില്‍ ഇരുനേതാക്കളും രണ്ടു മണിക്കൂറോളം ചര്‍ച്ച നടത്തി. മാവേലിക്കര എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്‍റ് വി.സുഭാഷും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഇരുനേതാക്കളും ഒപ്പിട്ട നയരേഖയില്‍ നാല് കാര്യങ്ങളാണ് വ്യക്തമാക്കുന്നത്. മത-സാമുദായിക രാഷ്ടീയ വിഷയങ്ങളില്‍ ഇരുസംഘടനകളും നിലവിലുള്ള നയങ്ങള്‍ തുടരും. ഭൂരിപക്ഷ വിഭാഗത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഐക്യത്തിന് തടസ്സമായിവരുന്ന വിഷയങ്ങള്‍ ഇരുനേതൃത്വങ്ങളും പരസ്പര ചര്‍ച്ചകളിലൂടെയും ധാരണകളിലൂടെയും പരിഹരിക്കും. സംവരണ കാര്യത്തില്‍ നിലനിന്നുവരുന്ന തര്‍ക്കങ്ങള്‍ വിട്ടുവീഴ്ചകളിലൂടെ പരിഹരിക്കും-എന്നിവ നയരേഖയില്‍ പറയുന്നു.

ഭൂരിപക്ഷവിഭാഗത്തിന് അര്‍ഹമായ നീതി നിഷേധിക്കുന്ന രാഷ്ടീയസാഹചര്യമാണ് സംസ്ഥാനത്ത് നിലനില്ക്കുന്നതെന്ന് ഇരുനേതാക്കളും നയരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് കുറേക്കൂടി പ്രത്യക്ഷമായിക്കൊണ്ടിരിക്കുംവിധം ന്യൂനപക്ഷ രാഷ്ട്രീയ സമ്മര്‍ദത്തിന് ഭരണാധികാരികള്‍ കീഴടങ്ങുന്ന സാഹചര്യമാണ് ഉള്ളതെന്നും ഭൂരിപക്ഷവിഭാഗം സംഘടിതരല്ലെന്നും നയരേഖയില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തില്‍ ഭൂരിപക്ഷവിഭാഗത്തിലെ പ്രബല സമുദായസംഘടനകളായ എസ്.എന്‍.ഡി.പി. യോഗവും എന്‍.എസ്.എസ്സും അടിസ്ഥാനതത്വങ്ങളും ലക്ഷ്യങ്ങളും പ്രവര്‍ത്തശൈലിയും കൈവിടാതെ ഭൂരിപക്ഷ വിഭാഗത്തിന് സാമൂഹികനീതി ഉറപ്പുവരുത്താന്‍ ഒരുമിച്ച് നീങ്ങുകയാണെന്ന് രേഖ വ്യക്തമാക്കുന്നു.

ഐക്യം സുദൃഢമാകുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ലെന്നും സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക