Image

മാര്‍ഗരറ്റ് താച്ചറുടെ സ്യൂട്ടുകള്‍ക്ക് ലേലത്തില്‍ ലഭിച്ചത് 73,000 പൌണ്ട്

Published on 03 September, 2012
മാര്‍ഗരറ്റ് താച്ചറുടെ സ്യൂട്ടുകള്‍ക്ക് ലേലത്തില്‍ ലഭിച്ചത് 73,000 പൌണ്ട്
ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ സ്യൂട്ടുകള്‍ ലേലത്തില്‍ വിറ്റുപോയി. ബ്രിട്ടന്റെ സ്വന്തം ഉരുക്കുവനിത തന്റെ പൊതുജീവിതത്തിന്റെ ആരംഭകാലത്ത് ധരിച്ചിരുന്ന ഏഴു സ്യൂട്ടുകളാണ് ലേലത്തില്‍വച്ചത്. ലണ്ടനിലെ ക്രിസ്റീസ് എന്ന സ്വകാര്യസ്ഥാപനം നടത്തിയ ലേലത്തില്‍ 73,125 പൌണ്ടിനു താച്ചറുടെ സ്യൂട്ടുകള്‍ അജ്ഞാതന്‍ സ്വന്തമാക്കി. ദക്ഷിണ കൊറിയക്കാരനായ കോടീശ്വരനാണ് ലേലംകൊണ്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 1975 ഫെബ്രുവരിയില്‍ നടന്ന സുപ്രധാന പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ താച്ചര്‍ ധരിച്ച പച്ചനിറമുള്ള സ്യൂട്ട് മാത്രം 25,000 പൌണ്ടിനാണ് ലേലത്തില്‍ വിറ്റുപോയത്. രാജ്ഞിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ലേലം നടന്നത്. ഇതാദ്യമായാണ് മാര്‍ഗരറ്റ് താച്ചറുടെ വസ്ത്രങ്ങള്‍ പൊതു ലേലത്തില്‍ വില്‍ക്കുന്നത്. 1000- 1500 പൌണ്ടുകള്‍ക്കിടയിലായിരുന്നു താച്ചറുടെ വസ്ത്രങ്ങള്‍ക്കു കണക്കാക്കിയിരുന്ന വില. ആദര്‍ശ വനിതകളുടെ പ്രതീകമായ താച്ചറുടെ വസ്ത്രങ്ങള്‍ക്കു അര്‍ഹിക്കുന്ന വില ലേലത്തില്‍ ലഭിച്ചതായി ക്രിസ്റ്റീസ് ടെക്സ്റ്റൈല്‍ വിഭാഗം തലവന്‍ പാറ്റ് ഫ്രോസ്റ്റ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗനുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ ഉപയോഗിച്ചിരുന്ന ഹാന്‍ഡ് ബാഗ് 25000 പൌണ്ടിനാണ് കഴിഞ്ഞവര്‍ഷം ലേലത്തില്‍ വിറ്റുപോയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക