Image

കല്‍ക്കരി വിവാദം: അഞ്ചു കമ്പനികള്‍ക്കെതിരെ സിബിഐ കേസെടുത്തു

Published on 03 September, 2012
കല്‍ക്കരി വിവാദം: അഞ്ചു കമ്പനികള്‍ക്കെതിരെ സിബിഐ കേസെടുത്തു
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച വിവാദ സംഭവത്തില്‍ അഞ്ചു കമ്പനികള്‍ക്കെതിരെ സിബിഐ നടപടിയുമായി മുന്നോട്ട് പോകുന്നു. ഛത്തീസ്ഗഡിലെയും ജാര്‍ഖണ്ടിലെയും അഞ്ചു കമ്പനികള്‍ക്കെതിരെ സിബിഐ അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റര്‍ ചെയ്തു. വിമ്മി അയണ്‍ ആന്‍ഡ് സ്റീല്‍, നവ ഭാരത് സ്റീല്‍ തുടങ്ങിയ അഞ്ചു കമ്പനികള്‍ക്കെതിരെയാണ് നടപടി. കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റര്‍ ചെയ്തതെന്ന് അറിയുന്നു. സംസ്ഥാന സര്‍ക്കാരുകള്‍, കല്‍ക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, കമ്പനി ഉടമകള്‍, കല്‍ക്കരി കമ്പനികള്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റര്‍ ചെയ്തത്. 2006 -2009 കാലയളവില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച വ്യവസ്ഥകള്‍ സംബന്ധിച്ച് മുതിര്‍ന്ന ബ്യൂറോക്രാറ്റുകളെ സിബിഐ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടിന്‍പ്രകാരം കേസ് രജിസ്റര്‍ ചെയ്തെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് വ്യാപക റെയ്ഡും സിബിഐ ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ, നാഗ്പൂര്‍, ധന്‍ബാദ്, ഹൈദരാബാദ്, പാറ്റ്ന, കോല്‍ക്കത്ത തുടങ്ങി പത്തു നഗരങ്ങളിലായി മുപ്പതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. വ്യവസ്ഥകള്‍ ലംഘിച്ച് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ അനര്‍ഹമായ അനുകൂല്യം കണ്ടെത്തിയ പത്തു കമ്പനികള്‍ സിബിഐയുടെ നിരീക്ഷണത്തിലാണെന്നും വിവിധ ബാച്ചുകളിലായി കേസ് രജിസ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങളാണ് നടന്നുവരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതു മുഴുവന്‍ ഉടന്‍ റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ തണുപ്പിക്കാന്‍ സിബിഐയുടെ നടപടി ഉപകരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി മുന്നോട്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക