Image

പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയിരുന്ന ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Published on 03 September, 2012
പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയിരുന്ന ഇന്ത്യക്കാരന്‍ അറസ്റ്റില്‍
മസ്‌കത്ത്: ഒമാനി വേഷത്തില്‍ റൂവിയിലും പരിസരത്തും പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയിരുന്ന ഇന്ത്യക്കാരനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. റൂവിയിലും ഹംരിയയ്യിലും ഇയാളുടെ തട്ടിപ്പിന് ഇരയായ വ്യാപാരികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കടകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രത്യേക പെര്‍മിറ്റ് എടുക്കണമെന്നാണ് ആവശ്യപ്പെട്ട് എത്തിയിരുന്ന ഇദ്ദേഹം പെര്‍മിഷന്‍ എടുക്കാത്തതിന്റെ പേരില്‍ പലരില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തിരുന്നത്രെ. ഒമാനികളുടെ വേഷം ധരിച്ച് എത്തുന്ന ഇയാള്‍ നല്ലപോലെ അറബി സംസാരിക്കുകയും പൊലീസ് ഉദ്യോഗസ്ഥനാണെന്ന് തെളിയിക്കാന്‍ ചില കാര്‍ഡുകള്‍ വ്യാപാരികളെ കാണിക്കുകയും ചെയ്തിരുന്നു. ഇവയെല്ലാം ഇയാള്‍ തന്നെ നിര്‍മിച്ച വ്യാജ കാര്‍ഡുകളായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

ഒമാനി വേഷം ധരിച്ചും അല്ലാതെയും തട്ടിപ്പിനിറങ്ങുന്ന ഇയാള്‍ ഇന്ത്യക്കാരനാണെന്ന് പൊലീസിന്റെ പബ്‌ളിക് റിലേഷന്‍സ് വിഭാഗം ഉദ്യോഗസ്ഥന്‍ അലി അല്‍ കസ്ബി പറഞ്ഞു. ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. ഹംരിയ പരിസരത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വ്യാപാരികളുടെയും വ്യക്തികളുടെയും രേഖകള്‍ പരിശോധിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞുവരുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചതിന് ശേഷം മാത്രം രേഖകള്‍ അവര്‍ക്ക് നല്‍കിയാല്‍ മതിയെന്നും പൊലീസ് പറഞ്ഞു.

പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയിരുന്ന ഇന്ത്യക്കാരന്‍ അറസ്റ്റില്‍
തട്ടിപ്പകേസിലെ പ്രതി ഒമാനി വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക