Image

മറഡോണ ദബായ്‌യുടെ സ്‌പോര്‍ട്‌സ്‌ അംബാസഡര്‍

Published on 03 September, 2012
മറഡോണ ദബായ്‌യുടെ സ്‌പോര്‍ട്‌സ്‌ അംബാസഡര്‍
ദുബായ്‌: ഫുട്‌ബാള്‍ ഇതിഹാസം ഡീഗോ മറഡോണ ഇനി ദുബായിയുടെ ഹോണററി സ്‌പോര്‍ട്‌സ്‌ അംബാസഡര്‍. ദുബൈ അല്‍ വാസല്‍ ക്‌ളബിന്‍െറ കോച്ച്‌ പദവി നഷ്ടപ്പെട്ടതിന്‌ പിന്നാലെയാണ്‌ മറഡോണയെ തേടി പുതിയ പദവി എത്തിയത്‌.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്‌ ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ ഞായറാഴ്‌ച രാവിലെ നടന്ന ചടങ്ങില്‍ മറഡോണയും ദുബൈ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലും തമ്മില്‍ ഒപ്പുവെച്ച കരാറിന്‍െറ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം ഈ പദവി ഏറ്റെടുത്തത്‌. മറഡോണയും ദുബൈ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അഹ്മദ്‌ അല്‍ ശരീഫുമാണ്‌ ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചത്‌.

ദുബൈയിലെ സ്‌പോര്‍ട്‌സിന്‍െറ അംബാസഡര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മറഡോണ കായിക രംഗത്ത്‌, പ്രത്യേകിച്ച്‌ ഫുട്‌ബാള്‍ മേഖലയില്‍ വന്‍ കുതിപ്പിന്‌ സഹായകമായ നടപടികള്‍ സ്വീകരിക്കും. 1986ലെ ലോക കപ്പ്‌ അര്‍ജന്‍റീനക്ക്‌ നേടിക്കൊടുത്ത അദ്ദേഹത്തിന്‍െറ നേതൃപാടവവും പരിചയവും ദുബൈയിലെ ഫുട്‌ബാള്‍ മേഖലയിലെ വളര്‍ച്ചക്ക്‌ പരമാവധി ഉപയോഗപ്പെടുത്തും. ഇതിന്‍െറ ഭാഗമായി യുവാക്കള്‍ക്കും കുട്ടികള്‍ക്കും വിദഗ്‌ധ പരിശീലനങ്ങള്‍ നല്‍കും. നിരവധി പരിശീലന ക്യാമ്പുകള്‍, കോച്ചിങ്‌ ക്‌ളാസുകള്‍ തുടങ്ങിയവ നടത്തും. ഇതിനുപുറമെ പ്രാദേശിക, മേഖല, അന്തര്‍ദേശീയ തലങ്ങളില്‍ നടക്കുന്ന വിവിധ സമ്മേളനങ്ങളിലും ചര്‍ച്ചകളിലും അദ്ദേഹം ദുബൈയെ പ്രതിനിധീകരിക്കും. ഇത്തരം വേദികളില്‍, ഫുട്‌ബാള്‍ മേഖലയുടെ ഉന്നമനത്തിനും കൂടുതല്‍ ശാസ്‌ത്രീയ രീതികള്‍ വികസിപ്പിക്കാനും സഹായിക്കുന്ന വിധത്തില്‍ തന്‍െറ ആശയങ്ങള്‍ മറഡോണ കൈമാറും.

ദുബായ്‌യുടെ ഹോണററി സ്‌പോര്‍ട്‌സ്‌ അംബാസഡര്‍ പദവി ഏറ്റെടുക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ പറഞ്ഞ മറഡോണ, രാജ്യത്തെ സ്വദേശി അത്‌ലറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികള്‍ സംബന്ധിച്ച്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുമായി ചര്‍ച്ച നടത്തിയെന്ന്‌ വ്യക്തമാക്കി.
മറഡോണ ദബായ്‌യുടെ സ്‌പോര്‍ട്‌സ്‌ അംബാസഡര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക