Image

എമര്‍ജിങ് കേരളയില്‍ ഭൂമിദാനം അരുതെന്ന് യുവ എം.എല്‍.എമാര്‍

Published on 02 September, 2012
എമര്‍ജിങ് കേരളയില്‍ ഭൂമിദാനം അരുതെന്ന് യുവ എം.എല്‍.എമാര്‍
തിരുവനന്തപുരം: ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിക്കൊണ്ടു മാത്രമെ എമര്‍ജിങ് കേരളയില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാവൂ എന്ന് യു.ഡി.എഫിലെ ഹരിത എം.എല്‍.എമാര്‍. ഭൂമി ഏറ്റവും ദുര്‍ലഭമായതിനാല്‍ സര്‍ക്കാര്‍ ഭൂമി ഒരു കാരണവശാലും സ്വകാര്യ സംരംഭകര്‍ക്ക് ദാനം നല്‍കരുത്. ഭൂമിയുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും സര്‍ക്കാരില്‍ നിലനിര്‍ത്തണം. 'ഗ്രീന്‍ തോട്ട്‌സ് കേരള' എന്ന പേരിലുള്ള ബ്ലോഗിലാണ് യുവ എം.എല്‍.എമാര്‍ തങ്ങളുടെ അഭിപ്രായം കുറിച്ചിട്ടത്. 

വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, എം.വി.ശ്രേയാംസ്‌കുമാര്‍, വി.ടി.ബലറാം, കെ.എം.ഷാജി, ഹൈബി ഈഡന്‍ എന്നീ എം.എല്‍.എ മാരാണ് ബ്ലോഗില്‍ എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തെക്കുറിച്ച് എഴുതിയത്. 

ഭൂപരിഷ്‌കരണ നിയമം, വനസംരക്ഷണ നിയമം എന്നിവ ലംഘിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കരുതെന്ന് എം.എല്‍.എ മാര്‍ ആവശ്യപ്പെടുന്നു. പദ്ധതി രേഖയില്‍ തന്നെ അതിന് ആവശ്യമായി വരുന്ന ഭൂമി സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഉണ്ടാകണം. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കേണ്ട പദ്ധതികളുണ്ടെങ്കില്‍ വളരെ കര്‍ക്കശമായ വ്യവസ്ഥകള്‍ക്ക് വിധേയമായേ അവ നല്‍കാവൂ. വിപണിവിലയ്ക്ക് അനുസൃതമായി പാട്ടത്തുക നിശ്ചയിക്കുകയും വര്‍ഷാവര്‍ഷം നിരക്ക് പുതുക്കുകയും വേണം. നിശ്ചിത പദ്ധതിക്കുവേണ്ടിയല്ലാതെ മറ്റൊരു ഉദ്ദേശത്തിനുമായി പാട്ടഭൂമി ഉപയോഗപ്പെടുത്തില്ലെന്ന് കരാറില്‍ തന്നെ ഉറപ്പാക്കുകയും വേണം. 

വലിയ പദ്ധതികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. എല്ലാ കേന്ദ്ര, സംസ്ഥാന നിയമങ്ങളും സുരക്ഷാ നടപടികളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. പാരിസ്ഥിതിക ആഘാത പഠനം ഐ.ഐ.ടി. പോലുള്ള പ്രമുഖ സ്ഥാപനങ്ങളെക്കൊണ്ട് നടത്തിച്ച് ഗുണദോഷങ്ങള്‍ വിലയിരുത്തുകയും വേണം  അവര്‍ നിര്‍ദേശിച്ചു. 

നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിലേക്ക് കേരളം പുരോഗമിക്കുന്നതിന് എമര്‍ജിങ് കേരള പദ്ധതി ആവശ്യമാണ്. മൂന്ന് പതിറ്റാണ്ടായി കേരളം വ്യാവസായിക, കാര്‍ഷിക മേഖലയിലെ വികസനത്തില്‍ ഏറെ പിന്നിലാണ്. ഈ പശ്ചാത്തലത്തില്‍ എമര്‍ജിങ് കേരള സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ യുവ എം.എല്‍.എ.മാര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. 

എന്നാല്‍ സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ പ്രത്യേകതകള്‍ കണക്കിലെടുത്തേ പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍ കഴിയൂ. ജനസംഖ്യയിലെ സാന്ദ്രത, ജൈവവൈവിധ്യം, പ്രകൃതിസമ്പത്ത് എന്നിവ പ്രത്യേകം കണക്കിലെടുക്കണമെന്നും എം.എല്‍.എ മാര്‍ നിര്‍ദേശിച്ചു. 

ബ്ലോഗില്‍ ഇവരുടെ കുറിപ്പ് വന്നപ്പോള്‍ മുതല്‍ അഭിപ്രായത്തെ പിന്താങ്ങി യുവജനങ്ങളുടെ പോസ്റ്റിങ്ങുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പരിസ്ഥിതിക്ക് ദോഷകരമായ ഒരു പദ്ധതിയും എമര്‍ജിങ് കേരളയില്‍ ഉണ്ടാവില്ലെന്നും യുവ എം.എല്‍.എ മാര്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സംസ്ഥാനത്തിന് ദോഷകരമായ പദ്ധതികള്‍ ഒന്നും മുന്നോട്ടുവച്ചിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇതിനോട് പ്രതികരിച്ചു. പരിസ്ഥിതിക്ക് ദോഷകരമായ പദ്ധതികളൊന്നും ടൂറിസം വകുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് മന്ത്രി എ.പി. അനില്‍കുമാറും പത്രലേഖകരോട് പറഞ്ഞു.

എമര്‍ജിങ് കേരളയില്‍ ഭൂമിദാനം അരുതെന്ന് യുവ എം.എല്‍.എമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക