Image

വിശുദ്ധചുംബനം (ചെറുകഥ)-പി.റ്റി.പൗലോസ്

പി.റ്റി.പൗലോസ് Published on 31 August, 2012
വിശുദ്ധചുംബനം  (ചെറുകഥ)-പി.റ്റി.പൗലോസ്
" നിങ്ങള്‍ വിശുദ്ധ ചുംബനത്താല്‍ അന്യോന്യം അഭിവാദനം ചെയ്യുവിന്‍ " (1, കൊറിന്തോസ് 16:20)

" വിശുദ്ധ ചുംബനം കൊണ്ട് എല്ലാ സഹോദരരെയും അഭിവാദനം ചെയ്യുവിന്‍ "(1, തെസലോണിയര്‍ 5:26)

" സ്‌നേഹചുംബനം കൊണ്ട് നിങ്ങള്‍ പരസ്പരം അഭിവാദനം ചെയ്യുവിന്‍ "(1, പത്രോസ് 5:14)

തൊട്ടടുത്ത ജേയ്ഗിരി കോണ്‍വെന്റില്‍ നിന്നും വികാരിയച്ചന്റെ കിടക്കവിരിമാറ്റുവാന്‍ നിയോഗിക്കപ്പെട്ട കൊച്ചുസിസ്റ്റര്‍ എല്‍സ്‌റാണിയെ ചേര്‍ത്തുനിര്‍ത്തി വിശുദ്ധചുംബനത്തിന്റെ ആത്മീയവശങ്ങളെക്കുറിച്ച് ഫാദര്‍ ഇല്ലിനോയിസ് വാചാലനായി. ചുംബനത്തിലെ ആത്മീയത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനായില്ലെങ്കിലും വിശുദ്ധ പൗലോസിനേയും വിശുദ്ധ പത്രോസിനേയും ഓര്‍ത്ത് ചുംബനത്തിന്റെ പ്രായോഗിക തലങ്ങളിലേക്ക് കടന്ന അച്ചന്റെ മുമ്പില്‍ സിസ്റ്റര്‍ തളര്‍ന്നുനിന്നു. വിശുദ്ധ ചുംബനത്തില്‍ നിന്നും അതിനടുത്തുള്ള സങ്കീര്‍ണ്ണമായ മേഖലകളിലേക്ക് അച്ചന്‍ ധീരമായി പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്‍സ്‌റാണി കുതറിയോടി മഠത്തിന്റെ അടുക്കളയില്‍ കയറി കതകടച്ചു. കൊച്ചുസിസ്റ്റര്‍ക്ക് ഇത്രധിക്കാരമോ? സുപ്പീരിയറമ്മ പുറകെ എത്തി അടുക്കളക്കാരി ഏത്തലമ്മയെ പുറത്താക്കി കതകടച്ച് കുറ്റിയിട്ടു. അടുക്കളയില്‍ പപ്പടം കാച്ചുന്നതിന് ഏത്തലമ്മ വെച്ച എണ്ണ ഉരുളിയില്‍ തിളച്ചുമറിയുന്നു. മൂലയില്‍ ചുരുണ്ടുകൂടി കൊച്ചു സിസ്റ്റര്‍ എല്‍സ്‌റാണി… അന്ന് വൈകുന്നരം എഴുത്തഞ്ചുശതമാനം പൊള്ളലോടെ എല്‍സ്‌റാണിയെ പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേദിവസം സെന്റ് തോമസ് ഡേ. വെളുപ്പിന് 5 മണിക്ക് ജോയ്ഗിരിയില്‍ പ്രഭാതമണി മുഴങ്ങുന്നതിനു മുമ്പായി എല്‍സ്‌റാണി അന്ത്യശാസം വലിച്ചു. അന്ന് വൈകീട്ട് ജനറളേറ്റിലെ റിട്രീറ്റ് ഹാളില്‍ ചേര്‍ന്ന ഏഴുദിന ധ്യാനത്തിന്റെ സമാപന സമ്മേളനത്തില്‍ സിസ്റ്റര്‍ എല്‍സ് റാണിയുടെ അപകട മരണത്തില്‍ അനുശോചനം അര്‍പ്പിച്ചുകൊണ്ട്, കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ മഹത്വീകരിക്കപ്പെട്ട കൊച്ചുത്രേസ്യയുടെ കഥ പറഞ്ഞ്, സഹനത്തിന്റെയും ത്യാഗത്തിന്റെയും ശരശയ്യ ഇരന്നുവാങ്ങിയ അല്‍ഫോന്‍സാമ്മയുടെ അന്ത്യനിമിഷങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് ജനറളാമ്മയുടെ അദ്ധ്യക്ഷ പ്രസംഗം കത്തിക്കയറുകയാണ്. പുറത്ത് ജോയ്ഗിരിയുടെ പടിഞ്ഞാറന്‍ ചക്രവാളം ചുമന്ന് തുടുത്തു.
വിശുദ്ധചുംബനം  (ചെറുകഥ)-പി.റ്റി.പൗലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക