Image

സഹാറ ഉടന്‍ പണം തിരികെ നല്‍കണം: സുപ്രീംകോടതി

Published on 31 August, 2012
സഹാറ ഉടന്‍ പണം തിരികെ നല്‍കണം: സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രമുഖ കമ്പനിയായ സഹാറ ഗ്രൂപ്പിനോട് ഡിബഞ്ചര്‍ ഇനത്തില്‍ സമാഹരിച്ച തുക നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ സുപ്രീംകോടതി വിധിച്ചു. അനേകം ചെറുകിട നിക്ഷേപകരില്‍ നിന്നു ഡിബഞ്ചര്‍ (ഒപ്ഷണലി ഫുള്ളി കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചര്‍) ഇനത്തില്‍ പിരിച്ചെടുത്ത 17,400 കോടി രൂപയും അതിന്റെ 15 ശതനമാനം വാര്‍ഷിക പലിശയും നല്‍കാനാണ് ജസ്റ്റീസുമാരായ ജെ.എസ്. ഖെഹാര്‍, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

രാജ്യത്തെ നിക്ഷേപക നിമയങ്ങള്‍ പാലിക്കാത്തതിനാലാണ് സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ്, സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ എന്നീ കമ്പനികളുടെ പേരില്‍ ഗ്രൂപ്പ് സമാഹരിച്ച പണം തിരികെ നല്‍കാന്‍ ഉത്തരവായത്. രാജ്യത്തെ നിക്ഷേപ സമാഹരണ നിയമങ്ങള്‍ പാലിക്കാതെ 2008-11 കാലയളവിലായി സഹാറ ശേഖരിച്ച തുക പലിശ സഹിതം തിരികെ നല്‍കണമെന്ന് ഓഹരി വിപണി നിയന്ത്രിതാവായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ശരിവച്ചുകൊണ്ട്, പത്തു ദിവസത്തിനുളളില്‍ തുകയും നിക്ഷേപകരുടെ വിശദവിവരങ്ങളും സെബിക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നിക്ഷേപകരുടെ പേരുവിവരങ്ങള്‍ പരിശോധിച്ച് കൃത്യത വിലയിരുത്താനും വിവരങ്ങള്‍ ലഭ്യമല്ലാത്തവരുടെ നിക്ഷേപകങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കാനുമാണു നിര്‍ദേശം. നിയമനടപടികള്‍ക്കു മേല്‍നോട്ടം വഹിക്കാനായി സുപ്രീം കോടതി റിട്ടയേഡ് ജഡ്ജി ജസ്റ്റീസ് ബി.എന്‍. അഗര്‍വാളിനെ കോടതി നിയമിച്ചു.

നിക്ഷേപകരുടെ അപേക്ഷകള്‍, ബോണ്ടുകളുടെ അപ്രൂവല്‍, അലോട്ട്‌മെന്റ് തുടങ്ങിയ കാര്യങ്ങളും സെബിക്കു കൈമാറാന്‍ സഹാറയോടു നിര്‍ദേശിച്ചിട്ടുണ്ട്. ഇവ നല്‍കാത്ത പക്ഷം ആസ്ഥികളുടെ എറ്റെടുക്കല്‍, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ തുടങ്ങി സാധ്യമായ എല്ലാ നിയമനടപടികളും സെബിക്ക് സ്വീകരിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരംക്ഷിക്കുന്ന സുപ്രീം കോടതിയുടെ ഈ വിധിയെ സുപ്രധാന നാഴികക്കല്ലെന്നാണു റോയിട്ടേഴ്‌സ് വിശേഷിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക