Image

പോലീസ് മേധാവിയായി ബാലസുബ്രഹ്മണ്യം ചുമതലയേറ്റു

Published on 31 August, 2012
പോലീസ് മേധാവിയായി ബാലസുബ്രഹ്മണ്യം ചുമതലയേറ്റു
തിരുവനന്തപുരം: കേരള പോലീസ് മേധാവിയായി കെ.എസ്.ബാലസുബ്രഹ്മണ്യം ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ പോലീസ് മേധാവി ജേക്കബ് പുന്നൂസ്, കെ.എസ്.ബാലസുബ്രഹ്മണ്യത്തിന് ചുമതല കൈമാറി.

പോലീസ് ആസ്ഥാന വളപ്പിലുള്ള ധീരസ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രമര്‍പ്പിച്ചശേഷമാണ് ജേക്കബ് പുന്നൂസും ബാലസുബ്രഹ്മണ്യവും അധികാരം കൈമാറല്‍ ചടങ്ങിനെത്തിയത്. ഇരുവരും പോലീസ് ബാന്‍ഡിന്റെ അഭിവാദ്യം സ്വീകരിച്ചു. ജ്യോതിശാസ്ത്രപ്രകാരം വെള്ളിയാഴ്ച വൈകീട്ട് 5.10 നുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ബാലസുബ്രഹ്മണ്യം ചുമതലയേറ്റത്. 

തുടര്‍ന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചു. പോലീസിനെ ജനസൗഹൃദമാക്കുക, റോഡപകടങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയവയാണ് തന്റെ മുന്‍ഗണനയിലുള്ളതെന്ന് ബാലസുബ്രഹ്മണ്യം വ്യക്തമാക്കി. പോലീസിലെ അഴിമതി കുറയ്ക്കുന്ന കാര്യവും തന്റെ മുന്‍ഗണനാപട്ടികയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 1978 ലെ ഐ.പി.എസ്. ബാച്ചുകാരനാണ് ബാലസുബ്രഹ്മണ്യം. അദ്ദേഹത്തിന് 2015 മെയ് 31 വരെ സര്‍വീസുണ്ട്. 

ഡി.ജി.പി കെ.എസ്.ജങ്പാംഗി, എ.ഡി.ജി.പിമാരായ ആര്‍.ശ്രീലേഖ, എ.ഹേമചന്ദ്രന്‍, ഐ.ജിമാരായ എസ്.അനില്‍ കാന്ത്, ഷേക് ദര്‍വേശ് സാഹിബ്, ടോമിന്‍ ജെ.തച്ചങ്കരി, എ.ഐ.ജി അനൂപ് കുരുവിള ജോണ്‍, എസ്.പി എ.ജെ.തോമസ് കുട്ടി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

പോലീസ് മേധാവിയായി ബാലസുബ്രഹ്മണ്യം ചുമതലയേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക