Image

പത്താം തരം തുല്യതാ പരീക്ഷ ഇനി ഗള്‍ഫ്‌ രാജ്യങ്ങളിലും നടപ്പാക്കുന്നു

Published on 25 August, 2012
പത്താം തരം തുല്യതാ പരീക്ഷ ഇനി ഗള്‍ഫ്‌ രാജ്യങ്ങളിലും നടപ്പാക്കുന്നു
ദുബായ്‌: കേരളത്തില്‍ 2006ല്‍ തുടക്കമായ പത്താം തരം തുല്യതാ പരീക്ഷ ഇനി ഗള്‍ഫ്‌ രാജ്യങ്ങളിലും നടപ്പാക്കുന്നു. 2017 ഓടെ എല്ലാ മലയാളികളെയും മെട്രിക്കുലേഷന്‍ യോഗ്യതയുള്ളവരാക്കി മാറ്റുകയെന്ന പദ്ധതിയുടെ ഭാഗമായാണിത്‌. കേരള സാക്ഷരതാ മിഷന്‍െറ മേല്‍നോട്ടത്തില്‍ യു.എ.ഇയിലും ഖത്തറിലുമായി 10 സെന്‍ററുകളിലാണ്‌ പരീക്ഷ നടക്കുക. അടുത്ത വര്‍ഷത്തോടെ ആദ്യ ബാച്ച്‌ പരീക്ഷ നടത്താന്‍ തത്ത്വത്തില്‍ തീരുമാനമായതായി വിദ്യാഭ്യാസ വകുപ്പ്‌ സ്‌പെഷല്‍ സെക്രട്ടറി ഗോവിന്ദന്‍ കുട്ടി ദുബായിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തുല്യതാ പരീക്ഷയുടെ കേരളത്തിന്‌ പുറത്തുന്ന ആദ്യ ബാച്ച്‌ കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപില്‍ ആരംഭിച്ചിരുന്നു. ഇത്‌ വിജയിച്ചതോടെയാണ്‌ പ്രവാസി സംഘടനകളുടെ നിരന്തര ആവശ്യം പരിഗണിച്ച്‌ ഗള്‍ഫ്‌ നാടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്‌. രജിസ്‌ട്രേഷന്‍ നടപടികള്‍ പ്രവാസി സംഘടനകളുടെ സഹായത്തോടെയായിരിക്കും നടത്തുകയെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഇതിന്‍െറ ഭാഗമായി എല്ലാ എമിറേറ്റുകളിലെയും സംഘടനാ പ്രതിനിധികളുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും. ബദാ സായിദ്‌, ലിവ ഭാഗങ്ങളിലെ സംഘടനകളുമായുള്ള കൂടിക്കാഴ്‌ച ഞായറാഴ്‌ച വൈകീട്ട്‌ ഏഴിനാണ്‌. 27ന്‌ അല്‍ഐനിലും 28ന്‌ അബൂദബിയിലും 29ന്‌ റാസല്‍ഖൈമയിലും 30ന്‌ ഫുജൈറയിലും കൂടിക്കാഴ്‌ചകള്‍ നടക്കും. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. ആലസ്സന്‍ കുട്ടി, അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം എന്നിവരും പങ്കെടുക്കും. ഷാര്‍ജ, അജ്‌മാന്‍, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലെ സംഘടനകളുമായുള്ള കൂടിക്കാഴ്‌ച 31ന്‌ വൈകീട്ട്‌ നാലിന്‌ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും. അന്ന്‌ വൈകീട്ട്‌ ഏഴിന്‌ ദുബൈയില്‍ അന്തിമ യോഗവും നടക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഖത്തറില്‍ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ്‌ സംഘം യു.എ.ഇയിലെത്തിയത്‌. അടുത്തമാസം രണ്ടിന്‌ നാട്ടിലേക്ക്‌ തിരിക്കുന്ന സംഘം വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും സന്ദര്‍ശനത്തിന്‍െറ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യും. അതിനുശേഷമാണ്‌ ഇത്‌ സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാവുക.

കേരളത്തില്‍ 1800 രൂപയാണ്‌ തുല്യതാ പരീക്ഷ എഴുതാനുള്ള ഫീസ്‌. ഗള്‍ഫ്‌ രാജ്യങ്ങളിലെ നിരക്ക്‌ തീരുമാനിച്ചിട്ടില്ലെങ്കിലും 100 ദിര്‍ഹം ഈടാക്കി രജിസ്‌ട്രേഷന്‍ നടപടികള്‍ അടുത്തമാസം ആരംഭിക്കും.
പത്താം തരം തുല്യതാ പരീക്ഷ ഇനി ഗള്‍ഫ്‌ രാജ്യങ്ങളിലും നടപ്പാക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക