ഓണം-കേരളത്തിന്റെ മുഖശ്രീ-പ്രൊഫ.എം.പി.ലളിതാഭായി
EMALAYALEE SPECIAL
23-Aug-2012
പ്രൊഫ.എം.പി.ലളിതാഭായി
EMALAYALEE SPECIAL
23-Aug-2012
പ്രൊഫ.എം.പി.ലളിതാഭായി

`മാവേലി
നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തൊന്നാര്‍ക്കുമൊട്ടീല്ലതാനും'
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തൊന്നാര്‍ക്കുമൊട്ടീല്ലതാനും'
ആരാണ് എഴുതിയതെന്നോ ഈണം നല്‍കിയത് ആരെന്നോ അറിയില്ലെങ്കിലും ഈ ഈരടികള്‍ തത്തിക്കളിക്കാത്ത മലയാളി നാവുകളില്ല. ഇതിന്റെ താളത്തില്‍ തുള്ളിച്ചാടാത്ത മലയാളി മനസ്സില്ല. ഇതില്‍ ഇതള്‍ വിരിയുന്ന ഉദാത്തമായ സമത്വബോധത്തെക്കുറിച്ച് പുളകിതമാകാത്ത മലയാളി ഹൃദയങ്ങളില്ല. എല്ലാ മനുഷ്യരും ഒന്നുപോലെ ജീവിച്ച ഒരു കാലം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നുവെന്നത് കെട്ടുകഥയാണെങ്കിലും നമ്മള്‍ ഇഷ്ടപ്പെടുന്നു. മതവും ജാതിയും സമ്പത്തുമെല്ലാം മനുഷ്യനെ മതില്‍ കെട്ടി വേര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്‌നേഹത്തിന്റെ ഉറവ വറ്റാത്തവരുടെ മനസ്സിന്റെ ഏതെങ്കിലുമൊരു കോണില്‍ തുടിച്ചുകൊണ്ടിരിക്കുന്ന മധുരക്കിനാവാണ് എല്ലാവരും ഒരുപോലെ ജീവിക്കുന്ന ഒരു കാലം. മലയാളികള്‍ ഹൃദയത്തിലേറ്റു വാങ്ങിയ സമ്മോഹനമായ സ്വപ്‌നമാണ് ഓണം. കേരളത്തിന്റെ ഗതകാല സംസ്‌കൃതിയിലേയ്‌ക്ക് ഓരോ ഓണവും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഓണം ഉണര്‍ത്തുന്ന ശുഭചിന്തകളും മധുരപ്രതീക്ഷകളും ആകുലതകളുടെയും ആശങ്കകളുടെയും വര്‍ത്തമാനകാല ക്ഷതങ്ങള്‍ക്ക് സാന്ത്വനൗഷധമായി മാറിക്കൊണ്ടിരിക്കുന്നു.
പണ്ട്, വിഷ്‌ണുഭക്തനായ പ്രഹ്‌ളാദന്റെ പൗത്രനായ മഹാബലി കേരളനാട് ഭരിച്ചിരുന്നു. പ്രജാവത്സലനായ അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ജനങ്ങളെല്ലാവരും ഒരുപോലെ സന്തോഷിച്ചിരുന്നു. സവര്‍ണന്‍ അവര്‍ണന്‍ , ജന്മികുടിയാന്‍ , സമ്പന്നന്‍ ദരിദ്രന്‍ എന്നിങ്ങനെയുള്ള വ്യത്യാസങ്ങളൊന്നുമില്ലാതെ സ്‌നേഹം കൊണ്ടും കൊടുത്തുമുള്ള ജീവിതമായിരുന്നു എല്ലാവരും നയിച്ചിരുന്നത്. ദേവലോകത്തെക്കാള്‍ ശ്രേഷ്‌ഠമായ ഈ അവസ്ഥ സ്വാഭാവികമായും ദേവന്മാരുടെ ഉറക്കം കെടുത്തി. മഹാബലിയുടെ പ്രഭാവം തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് ഭയന്ന ദേവന്മാര്‍ മഹാവിഷ്‌ണുവിനോട് ആവലാതി പറഞ്ഞു. അദ്ദേഹം കപടവാഗ്‌ദാനത്തിന്റെ പിന്‍ബലത്തില്‍ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തി. സ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ പെരുമാളായ മഹാബലിയോടു കാട്ടിയ കൊടിയ പാപത്തിന് പരിഹാരമെന്നോണം വര്‍ഷത്തിലൊരിക്കല്‍ തന്റെ നാട്ടിലേക്ക് വന്ന് പ്രജകളെ കാണാനുള്ള അനുവാദവും മഹാവിഷ്‌ണു മാവേലിക്കു നല്‍കിയത്രേ! ആ സ്‌നേഹധനന്റെ വരവിനെ ആഘോഷപൂര്‍വ്വം എതിരേല്‌ക്കുന്ന മഹോത്സവമാണ് ഓണം.
ഓണത്തെക്കുറിച്ചുള്ള ഈ ഐതിഹ്യത്തെ തള്ളിക്കളഞ്ഞാലും ഉള്‍ക്കൊണ്ടാലും മലയാളികള്‍ ഇത്രയേറെ മനസ്സറിഞ്ഞ്, മനം നിറഞ്ഞ് ആഘോഷിക്കുന്ന മറ്റൊരുത്സവമില്ലതന്നെ. മഹാവിഷ്‌ണുവിനെപ്പോലും പ്രതിനായകസ്ഥാനത്ത് നിര്‍ത്താന്‍ മഹാബലിയ്‌ക്ക് കഴിഞ്ഞിരിക്കുകയാണിവിടെ. ഭഗവാനെക്കാള്‍ പ്രിയപ്പെട്ടവന്‍ അസുരവിത്തായ താനാണെന്ന് ജനങ്ങള്‍ ബോധ്യപ്പെടുമ്പോള്‍ വിജയിക്കുന്നത് സീമകളില്ലാത്ത മാനവീയതയാണ്. പരശുരാമന്‍ മഴുവെറിഞ്ഞ് പടുത്തുയര്‍ത്തിയ കേരളത്തിന്റെ മക്കള്‍ സ്രഷ്ടാവായ പരശുരാമനെക്കാള്‍ സംരക്ഷകനായ മഹാബലിയെയാണ് ഇഷ്ടപ്പെടുന്നതെന്ന് ഓണം വെളിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. മൂവേഴ് വട്ടം ക്ഷത്രിയരെയാകമാനം കൊന്നൊടുക്കി ആ ചോരപ്പുഴയില്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തിയ ഹിംസയുടെ വക്താവായ പരശുരാമന്‍ സ്രഷ്ടാവാണെങ്കിലും കേരളീയര്‍ക്ക് പ്രിയംകരനല്ല. തലയില്‍ ചവിട്ടിയ പാദങ്ങളിലും ഈശ്വരനെ ദര്‍ശിച്ച സൗമ്യമൂര്‍ത്തിയായ മാവേലിത്തമ്പുരാന്‍ കേരള മക്കളുടെ മനസ്സില്‍ കാലാതീതമായ മാനവസ്‌നേഹത്തിന്റെയും അഹിംസയുടെയും പ്രതിരൂപമായി അവശേഷിക്കുന്നതിന്റെ ഓര്‍മ്മപ്പെടുത്തലുകൂടിയാണ് ഓരോ ഓണവും.
കേവലം ഒരു കെട്ടുകഥയുടെ പരിവേഷമാണോ ഓണത്തിനുള്ളത്? പ്രജാവത്സലനായ ഒരു ചക്രവര്‍ത്തിയുടെ ഓര്‍മ്മപ്പെരുനാള്‍ മാത്രമാണോ ഓണം? ആണ്ടിലൊരിക്കല്‍ നാസികയിലേക്ക് വീശിയെത്തുന്ന കോടിമണമാണോ ഓണം? ഇതിലൊക്കെ ഓണമുണ്ടെങ്കിലും ഇതൊന്നുമല്ല ഓണം. മലയാളിയുടെ ഹൃദയത്തുടിപ്പികളുടെ പ്രതീക്ഷകളുടെ, ഗൃഹാതുരതകളുടെ, കാത്തുകാത്തിരുന്ന് കാണുന്നതിന്റെ, കാളും വിശപ്പിലും പൊന്നോണമുണ്ണന്ന കിനാവിന്റെ, പുത്തനുടുപ്പിന്റെ, കരുതലുകളുടെ കണിവയ്‌ക്കലിന്റെ, മധുരക്കിനാവുകളുടെ പങ്കുവയ്‌ക്കലിന്റെ ഒക്കെ പ്രതിരൂപമാണ് ഓണം. കാലപ്പഴക്കത്തില്‍ നിറംകെടാത്ത അമൃതസ്‌മൃതികളില്‍ മാവേലി പല പല വേഷം ധരിച്ച് എത്തിക്കൊണ്ടേയിരിക്കുന്നു. മലയാളിയുടെ ബോധമണ്ഡലത്തില്‍ ശക്തമായ ഒരു സാംസ്‌ക്കാരിക സ്വാധീനമായി ഓണം കുടിയിരിക്കുന്നു.
ഒരു കാലത്ത് സവര്‍ണ്ണന്റെയും സമ്പന്നന്റെയും തറവാട് മുറ്റത്ത് മാത്രം ആര്‍ഭാടങ്ങളില്ലാതെ വന്നുപൊയ്‌ക്കൊണ്ടിരുന്ന ഓണം ഇന്ന് കേരളീയരുടെ ദേശീയോത്സവമായി മാറി. ഏതു സര്‍ക്കാര്‍ കേരളം ഭരിച്ചാലും മഹാബലിയെന്ന ഫ്യൂഡല്‍പ്രഭുവിനെ അര്‍ഘ്യപാദ്യങ്ങള്‍ സമര്‍പ്പിച്ച് ആദരിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് വിദേശസഞ്ചാരികളെ കേരളത്തിലേക്കു ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന വിനോദസഞ്ചാര വാരാഘോഷം ഓണക്കാലത്താണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ ഉത്സവത്തിമിര്‍പ്പില്‍ പങ്കെടുക്കാന്‍ നാട്ടിലേയ്‌ക്ക് പറന്നുവരാന്‍ മനസ്സ് തുടികൊട്ടിക്കൊണ്ടിരിക്കും എങ്കിലും അതിനുകഴിയാത്തവരും ഓണം കൊണ്ടാടും ഏഴുകടലിനുമക്കരെയുള്ള അമേരിക്കയില്‍, ഗള്‍ഫ് നാടുകളില്‍ എന്നുവേണ്ട മലയാളികളുള്ള കരകളിലെല്ലാം ഓണം അതിന്റെ സമഗ്രശോഭയോടെ കടന്നുവരുന്നു. ഓരോ വീടുകളിലും സദ്യയൊരുക്കി ഓണമാഘോഷിക്കുന്നതു കൂടാതെ ചെറുതും വലുതുമായ കൂട്ടങ്ങള്‍ കൂടി പൂക്കളമൊരുക്കുന്നു, തൂശനില നിറയെ വിഭവങ്ങള്‍ വിളമ്പി സദ്യ ആസ്വദിക്കുന്നു. തിരുവാതിരയും കുമ്മാട്ടിക്കളിയും അരങ്ങേറുന്നു. അങ്ങനെ കേരളത്തിന്റെ തനതു സംസ്‌കൃതിയെ അന്യനാടുകളിലേയ്‌ക്ക് പ്രത്യാനയിച്ചുകൊണ്ട് വിദേശ മലയാളികളും ഓണം കൊണ്ടാടുന്നു.
ഇന്നത്തെ ഓണം ഒരുപാട് മാറിപ്പോയെന്ന് മുതിര്‍ന്ന ആള്‍ക്കാര്‍ക്ക് പൊതുവെ പരാതിയുണ്ട്. ഓണത്തിന്റെ ഹൃദ്യതയും മതപരമായ പ്രസക്തിയും നഷ്ടപ്പെട്ടുവെന്നാണ് അവരുടെ പക്ഷം. ശരിയാണ്. കണ്ടാലറിയാത്തവിധം മാറിപ്പോയി നമ്മുടെ ഓണം. ഓണക്കാലത്തെ സ്ഥിരം കാഴ്‌ചകളായ പൂവട്ടികളുമായി ഓടി നടക്കുന്ന ബാല്യകൗമാരങ്ങളെ ഇന്ന് കാണാനില്ല.
സദ്യയൊരുക്കാനുള്ള ബഹളങ്ങള്‍ നിറഞ്ഞ ഉരപ്പുരകളും വടക്കിനികളും തളങ്ങളും, അടുക്കളകളും ഈ ഓര്‍മ്മകളിലൊതുങ്ങുന്നു. തൂത്തു വൃത്തിയാക്കാന്‍ നീണ്ടു പരന്ന മുറ്റങ്ങളില്ല. തൃക്കാക്കര അപ്പനെ കുടിയിരുത്താനുള്ള ചെളിമണ്ണുപോലും എത്രപേര്‍ക്ക് കിട്ടുന്നുണ്ട്? പൊന്നൂഞ്ഞാലിടാന്‍ പുളിമരങ്ങളില്ല. ഓണപ്പാട്ടറിയാവുന്ന പെണ്ണുങ്ങളും കുറവ്. വായ്‌ക്കുരവയിടാറുള്ള അമ്മൂമ്മമാര്‍ കാലയവനികയ്‌ക്കുള്ളില്‍ മാഞ്ഞു മറഞ്ഞു. അക്കമിട്ടു നിരത്താന്‍ ഇങ്ങനെ ഒത്തിരികാര്യങ്ങള്‍. പക്ഷേ, ഈ പരാതികള്‍ക്കിടയിലും ഓണം ഓണമായി നില്‍ക്കുന്നുവെന്നതാണ് ഓണത്തിന്റെ പ്രത്യേകത. കൂട്ടുകുടുംബ വ്യവസ്ഥ അവസാനിച്ചതോടെ നാലുകെട്ടുകള്‍ക്കും എട്ടുകെട്ടുകള്‍ക്കും പകരം സിമന്റ് കൊണ്ട് തീര്‍ത്ത മന്ദിരങ്ങള്‍ ഉയര്‍ന്നു. കൂടപ്പിറപ്പുകളും പല കൂടുകളിലായി ചേക്കേറി. ഇന്നിപ്പോള്‍ 'ഫ്‌ളാറ്റു'കളുടെ യുഗത്തിലേക്കു നാം മാറിയിരിക്കുന്നു. ഫ്‌ളാറ്റുകളുടെ ഇരുണ്ട ഇടനാഴികള്‍ പൂക്കളമൊരുക്കാന്‍ പറ്റിയ ഇടമല്ലതന്നെ. കാണാതെ പോയ പൂവുകള്‍ ഓണം കാണാന്‍ വരാറില്ല. തെച്ചിയും മന്ദാരവും തുമ്പയും മുക്കുറ്റികളുമെല്ലാം, കാടുകളോടും മേടുകളോടുമൊപ്പം അപ്രത്യക്ഷരായി. ഉരലില്‍ ഇടിച്ചു പൊടിച്ചും അരകല്ലില്‍ അരച്ചു പതംവരുത്തിയും ഉണ്ടാക്കിയിരുന്ന വിഭവങ്ങള്‍ ഇന്ന് മിക്‌സിയ്‌ക്കും ഗ്രൈന്ററിനും അനുസരണയോടെ കീഴടങ്ങുന്നു. വാഴയിലയില്‍ നേര്‍മയായി കോരിയൊഴിച്ച് ഉണ്ടാക്കുന്ന അടകൊണ്ട് തയ്യാറാക്കിയ 'അടപ്രഥമന്‍ ' മലയാളിയുടെ നാവിന് അന്യമായി. എന്നാലും നാം ഓണം കൊണ്ടാടുന്നു.
'ഉള്ളതുകൊണ്ട് ഓണം പോലെ' എന്ന ചൊല്ല് അന്വര്‍ത്ഥമാവുകയാണിപ്പോള്‍. ഫ്‌ളാറ്റുകളിലും വാടകവീടുകളുടെ ഇടുങ്ങിയ മുറ്റത്തും പൂക്കളമൊരുക്കാനും ഊഞ്ഞാലിടാനും പറ്റിയില്ലെങ്കിലെന്ത്, സ്‌ക്കൂള്‍ അങ്കണങ്ങളിലും കോളേജ് വളപ്പുകളിലും ഓഫീസ് പരിസരങ്ങളിലും നാലും കൂടിയ കവലകളിലും എല്ലാം ഓണത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് പൂക്കളങ്ങളും ഊഞ്ഞാലുകളും ഉയരുകയായി. ഓരോ കുടുംബാംഗങ്ങളും ഊഞ്ഞാലാടുന്നതിന് പകരം ഒരു സമൂഹം തന്നെ ഊഞ്ഞാലിന്റെ നിന്മോന്നതങ്ങള്‍ ആസ്വദിക്കുന്നു. നാടന്‍ പൂവുകള്‍ക്ക് പകരം തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന പൂക്കള്‍ അത്തപ്പൂക്കളങ്ങളെ വര്‍ണാഭമാക്കുന്നു. റെഡി അടയും പായസക്കിറ്റുകളും കവറിലടച്ച വറുത്തുപ്പേരികളും ആണെങ്കിലും ഓണസദ്യ കെങ്കേമം. മാത്രമല്ല, സദ്യയൊരുക്കി വീടുകളിലെത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളും ഓണക്കാലത്ത് സജീവമായിരിക്കും.
കേരളത്തിലെ വിളവെടുപ്പുത്സവം കൂടിയായിരുന്നു ഓണം. ചിങ്ങംകന്നി മാസങ്ങള്‍ കേരളത്തിലെ കൊയ്‌ത്തുകാലമാണ്. ചിങ്ങത്തിലെ നിറപുത്തരി എല്ലാവരുടെയും മനസ്സില്‍ സമൃദ്ധിയുടെ സ്വപ്‌നം വിതയ്‌ക്കുന്നു. എങ്ങും പരക്കുന്ന പുന്നെല്ലിന്റെ മണം! വയ്‌ക്കോലില്‍ ചാടിത്തിമര്‍ക്കുന്ന കുട്ടികള്‍! കര്‍ക്കിടമഴയില്‍ കുളിച്ചുതോര്‍ത്തി നില്‍ക്കുന്ന കേരളശ്രീ! ദുരിത ദാരിദ്ര്യങ്ങള്‍ വിതച്ച കള്ളകര്‍ക്കിടകത്തിന്റെ കറുത്ത കൈകളില്‍ നിന്ന് കേരളം ഉണര്‍ന്നുയരുന്നത് ചിങ്ങപ്പുലരിയിലേക്ക്. പൂവുകള്‍ക്ക് പുണ്യകാലമായ വസന്തത്തിന്റെ തുടക്കം! പൊന്നിന്‍ നെല്ലുകൊയ്‌ത് കര്‍ഷകന്റെ അകവും അറയും നിറയുന്ന സമയം. വരള്‍ച്ചയില്ല; വെള്ളപ്പൊക്കമില്ല; തെളിഞ്ഞ ആകാശം, പരന്നൊഴുകുന്ന പാല്‍നിലാവ്, വീശുന്ന ഇളംകാറ്റ്. ഈ പ്രകൃതി ഇതിനെക്കാള്‍ മനോജ്ഞമായി എങ്ങനെയാണ് ഒരുത്സവത്തെ വരവേല്‍ക്കാന്‍ അംിഞ്ഞൊരുങ്ങേണ്ടത്?
കാര്‍ഷിക സംസ്‌കൃതി നിലനിന്നിരുന്ന കാലത്ത് ജന്മിഅടുയാളര്‍ തമ്മിലുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ് ഓണം. ഉത്രാടദിവസം പണിക്കാര്‍ തമ്പുരാന് ഓണക്കാഴ്‌ചകളുമായി പോകുന്നു. കണ്ടാല്‍ കണ്ണില്‍ കൊള്ളുന്ന വലിയ സാധനങ്ങള്‍. വാഴക്കുല, മത്തങ്ങ, വെള്ളരിക്ക, പടവലങ്ങ തുടങ്ങിയ പച്ചക്കറികള്‍ മുറ്റത്ത് കാഴ്‌ചവച്ചിട്ട് ആദരവോടെ അടിയാളര്‍ ഒതുങ്ങി മാറിനില്‍ക്കും. അപ്പോള്‍ അവ സ്വീകരിക്കുന്ന തമ്പുരാന്റെ വക ഓണസമ്മാനങ്ങള്‍ അവര്‍ക്കുമുണ്ട്. കോടിമുണ്ട്, പുത്തരി, നാളികേരം പിന്നെകാശും കൊടുത്ത് സ്വന്തം പണിക്കാരെ സന്തുഷ്ടരാക്കിയതിന് ശേഷമേ തമ്പുരാക്കന്മാര്‍ തങ്ങളുടെ ഓണത്തെക്കുറിച്ച് ചിന്തിച്ചിരുന്നുള്ളൂ. പിന്നെ അവിട്ടം നാളില്‍ വിഭവ സമൃദ്ധമായ സദ്യയും അവര്‍ക്ക് നല്‍കുന്നു. സ്വന്തം വീട്ടില്‍ എന്തിനെങ്കിലും കുറവ് വന്നാലും ജോലിക്കാര്‍ക്ക് നല്‍കുന്നതില്‍ ഒരുകുറവും വരുത്തില്ലായിരുന്നു പണ്ടത്തെ തമ്പുരാക്കന്‍മാര്‍. കൃഷ്‌ക്കാര്‍ക്കു മാത്രമല്ല വെളുത്തേടന്‍, ക്ഷുരകന്‍, വീട്ടുപണിചെയ്യുന്നവര്, കന്നുകാലി മേയ്‌ക്കുന്നവന്‍ എന്നിവര്‍ക്ക് എല്ലാമുണ്ട് തമ്പുരാന്റെ വക ഓണസമ്മാനങ്ങളും ഓണസദ്യയും. ഇതുകൂടാതെ വീട്ടിലെ കാള, പശു, പോത്ത്, പട്ടി, പൂച്ച തുടങ്ങി ഉറുമ്പുകള്‍ പോലും ഓണസദ്യയുടെ അവകാശികളാണ്.
തുടികൊട്ടികൊണ്ട്, ആര്‍പ്പുവിളികളോടെയുള്ള അത്തത്തിന്റെ വരവോടെയാണ് ഓണത്തിന്റെ വരവു ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത് പൂക്കളമൊരുക്കലാണ് ആദ്യചടങ്ങ്. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തു ദിവസവും മുടങ്ങാതെ പൂവിടണം. ചെളികുഴച്ചു പരുവപ്പെടുത്തി അഞ്ച്, ഏഴ്, ഒന്‍പത് എന്നിങ്ങനെ ഒറ്റസംഖ്യയിലുള്ള തട്ടുകളൊരുക്കണം. ഈ തട്ടുകള്‍ ചാണകം മെഴുകി വെടിപ്പാക്കിയതിന് ശേഷം മാധ്യത്തില്‍ മുകളിലായി ചാണകം കൊണ്ട് തൃക്കാക്കര അപ്പനെയും പ്രതിഷ്‌ഠിക്കും. പിന്നെ ഒരുക്കി വച്ചിട്ടുള്ള തട്ടുകളില്‍ പൂക്കള്‍ നിരയായിവയ്‌ക്കുന്നു. ഏതു പൂവില്ലെങ്കിലും അത്തപ്പൂക്കളത്തില്‍ തുമ്പപ്പൂവ് കൂടിയേതീരൂ. കാരണം എളിമയുടെയും വിശുദ്ധിയുടെയും പ്രതിരൂപമായ ഈ കൊച്ച് പൂവിനെയാണത്രേ മാവേലിത്തമ്പുരാണ് ഏറെയിഷ്ടം. മുക്കുറ്റി, ചിറ്റാട, കണ്ണാന്തളി, കലംപൊട്ടി, പവിഴമല്ലി തുടങ്ങിയ പൂവുകളെല്ലാം തട്ടുകളില്‍ നിരക്കുമെങ്കിലും തൃക്കാക്കര അപ്പന്റെ നെറുകയില്‍ തുളസിക്കതിരാണ് ചൂടാറുള്ളത്.
തിരുവോണ ദിവസം വൈകുന്നേരമാണ് 'അത്തമിളക്കുക' എന്ന ചടങ്ങ് നടത്തുന്നത് അരി, ശര്‍ക്കര, നാളികേരം, പഴംനുറുക്ക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഇലയട തൂശനിലയില്‍ ഏഴെണ്ണം വയ്‌ക്കും. നിറനാഴിയും നിലവിളക്കും തയ്യാറാക്കും. അത്തപ്പൂത്തട്ട് മഞ്ഞക്കോടികൊണ്ട് മൂടും. പൂവും നീരും അര്‍പ്പിച്ച് തൃക്കാക്കര അപ്പന് അട നേദിച്ച ശേഷം അമ്പുകൊണ്ട് അട എയ്‌തെടുക്കുന്ന ചടങ്ങാണ്. അമ്പും വില്ലും കെട്ടിയുണ്ടാക്കി ബാലന്മാര്‍ ഒന്നിനു പിറകേ ഒന്നായി വന്ന് അടയിലേയ്‌ക്ക് അമ്പെയ്യുന്നു. അമ്പ് അടയില്‍ കൊണ്ടാല്‍ അട സ്വന്തമാക്കാം. അടസ്വന്തമാക്കുന്നവനെയും, കിട്ടാത്തവനെയും അര്‍പ്പുവിളികളോടെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. ഈ ചടങ്ങ് കഴിഞ്ഞ് വലിയ ചട്ടുകം കൊണ്ട് പൂക്കളത്തട്ട് ഇളക്കുന്നു. വായ്‌ക്കുരവയുടെയും ആര്‍പ്പുവിളികളുടെയും ആരവങ്ങള്‍ക്കിടയില്‍ ഇളക്കിയ പൂത്തട്ട് മതിലിന്‍ മുകളില്‍ കൊണ്ടു വയ്‌ക്കും. ഇതോടെ തിരുവോണത്തിന്റെ അതിപ്രധാനമായ ഒരു ചടങ്ങ് അവസാനിക്കുന്നു.
ഓണത്തിനോടനുബന്ധിച്ചു നിരവധി കലാരൂപങ്ങള്‍ അരങ്ങേറാറുണ്ട്. പ്രാദേശികമായി ഈ വിനോദങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും കേരളക്കരയിലെമ്പാടും അവതരിപ്പിക്കുന്ന നൃത്തരൂപമാണ് തിരുവാതിര. നൃത്തവും, സംഗീതവും, താളവും, സാഹിത്യവും, സമ്മോഹനമായി സമ്മേളിക്കുന്ന കലാരൂപമായ തിരുവാതിര തികച്ചും സ്‌ത്രീകളുടെ കലതന്നെയാണ്. മുണ്ടും നേര്യതുമുടുത്ത് തലമുടിയില്‍ ദശപുഷ്‌പം ചൂടി കത്തിച്ചു വച്ച നിലവിളക്കിന്റെ ചുറ്റും നിന്നാണ് തിരുവാതിരക്കളിക്കുന്നത്. പുലിക്കളി, കുമ്മാട്ടിക്കളി, തോല്‌മാടന്‍കളി, കരിയിലപ്പൂതം കളി, തുടങ്ങിയ നാടന്‍ കളികളോടൊപ്പം കായികശേഷിയുടെ മാറ്റുരയ്‌ക്കുന്ന തലപ്പന്തുകളി, കുട്ടിയുംകോലുംകളി, കിളിത്തട്ട് കളി തുടങ്ങിയവയൊക്കെയാണ് പുരുഷന്മാരുടെ വിനോദങ്ങള്‍.
ഇതെല്ലാമുണ്ടെങ്കിലും ഓണത്തെ ഏറ്റവും രസനീയമാക്കുന്നത് ഓണസദ്യ തന്നെയാണ്. തിരുവോണനാളിന് ദിവസങ്ങള്‍ മുമ്പേ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. വിറക് ഉണക്കി സംഭരിക്കുക, നെല്ലു പുഴുങ്ങി ഉണക്കി അരിയാക്കുക, വിവിധതരം കൊണ്ടാട്ടങ്ങള്‍ ഉണ്ടാക്കി വയ്‌ക്കുക, പ്രഥമന്‍ വയ്‌ക്കാനുള്ള ചക്ക, പഴം തുടങ്ങിയവ വരട്ടി ഭരണിയിലാക്കുക. വിവിധതരം അച്ചാറുകള്‍ തയ്യാറാക്കുക, പലവ്യജ്ഞനങ്ങള്‍ ഉണക്കിപ്പൊടിച്ചു കുപ്പികളില്‍ സൂക്ഷിക്കുക തുടങ്ങിയവയൊക്കെയാണ് സദ്യവട്ടത്തിനുള്ള മുന്നൊരുക്കങ്ങള്‍. ഇതെല്ലാം സ്‌ത്രീകളുടെ പണികളാണ്. മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ പൂക്കളം മാത്രം പോരല്ലോ! വീടും പരിസരവും കണ്ണാടിപോലെ തൂത്തു വൃത്തിയാക്കണം. വെട്ടുവഴികള്‍ തൂത്തു തളിച്ച് വെടിപ്പാക്കണം, മുറ്റവും തിണ്ണകളും മാത്രമല്ല വട്ടികളുംകുട്ടകളും വരെ ചാണകം മെഴുകി വൃത്തിയാക്കണം. ചെമ്പ്, വാര്‍പ്പ് തുടങ്ങി തുപ്പല്‍ കോളാമ്പി വരെയുള്ള പാത്രങ്ങള്‍ പുളിയും ചാരവും തേച്ച് സ്വര്‍ണ്ണം പോലെയാക്കണം. അങ്ങനെ സ്‌ത്രീജനങ്ങളെ തികച്ചും തളര്‍ത്തുന്ന മുന്നൊരുക്കങ്ങളാണ് ഓണത്തിനുവേണ്ടി നടത്തേണ്ടത്. തിരുവോണദിവസം രുചിയേറുന്ന സദ്യയും തുടര്‍ന്നുള്ള വിനോദങ്ങളും കൂടിച്ചേരലുകളുമെല്ലാം കൂടി ഓണം കഴിയുമ്പോള്‍ എന്തോ നഷ്ടബോധത്താല്‍ വിങ്ങുന്ന മലയാളിയുടെ മനസ്സില്‍ മധുരിക്കുന്ന ഒരു സ്വപ്‌നം അവശേഷിക്കും; അടുത്ത ഓണം.
പ്രൊഫ.എം.പി.ലളിതാഭായി
എന്‍.എസ്.എസ് കോളേജില്‍ നിന്നും മലയാളം പ്രൊഫസ്സറായി വിരമിച്ചു. കോളേജ് അദ്ധ്യാപകസംഘടനയുടെ (AKPCTA) വൈസ് പ്രസിഡന്റായിരുന്നു. പുരോഗമനകലാസാഹിത്യ സംഘത്തിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി. 2000 മുതല്‍ 2010 വരെ തിരുവന്തപുരം നഗരസഭയില്‍ കൗണ്‍സിലറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണുമായിരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments